ലക്ഷദ്വീപ്: വിവാദ നടപടികളുമായി അഡ്മിനിസ്ട്രേഷൻ; അടിസ്ഥാന വിഷയങ്ങളിൽ നടപടിയില്ല

കൊച്ചി: മദ്യനയവും യൂനിഫോം മാറ്റവുമടക്കം വിവാദ നടപടികളുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ മുന്നോട്ടുപോകുമ്പോഴും അടിസ്ഥാന വിഷയങ്ങൾ അവഗണിക്കുന്നു. വൈദ്യുതി തടസ്സം, പെട്രോൾ ക്ഷാമം എന്നിവ മുതൽ കായികതാരങ്ങൾക്കുള്ള സ്റ്റേഡിയം വരെ പ്രശ്നങ്ങളാണ് വിവിധ ദ്വീപുകളിലെ ജനങ്ങൾക്ക് പറയാനുള്ളത്.

പരീക്ഷ കാലത്തും രൂക്ഷമായ വൈദ്യുതി ക്ഷ‍ാമം നേരിടുന്ന ആന്ത്രോത്ത് ദ്വീപിൽ മഹിള കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തിറങ്ങിയിരുന്നു.

വീടുകളിൽ വെളിച്ചമില്ലാത്തതിനാൽ രാത്രി കുട്ടികളെ പവർ ഹൗസിന് മുന്നിൽ പഠിക്കാനിരുത്തിയായിരുന്നു പ്രതിഷേധം. തുടർന്ന് വൈദ്യുതി പുനഃസ്ഥാപിച്ചു. എന്നാൽ, പവർകട്ട് തുടരാതിരിക്കാൻ മെഷീൻ തകരാർ പരിഹരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അടിയന്തരമായി ആന്ത്രോത്തിലെ വൈദ്യുതി തടസ്സവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ലക്ഷദ്വീപ് സൗത്ത് ഡി.സി.സി പ്രസിഡന്‍റ് എം.ഐ. ആറ്റക്കോയ ആവശ്യപ്പെട്ടു.

ഡീസൽ ജനററേറ്റർ മുഖാന്തരമാണ് ദ്വീപുകളിൽ വൈദ്യുതി ഉൽപാദനം. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി തടസ്സം തുടർക്കഥയാകുന്നത്. ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്ന സ്ഥിതിയുണ്ടാകാറുണ്ടെന്ന് ജനങ്ങൾ പറയുന്നു.

സിന്തറ്റിക് ട്രാക്കോടുകൂടിയ അമിനി ദ്വീപിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയം യാഥാർഥ്യമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇതിന് ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ചതാണ്. മരങ്ങൾ വെട്ടിമാറ്റി നിലമൊരുക്കിയെങ്കിലും തുടർനടപടികളായിട്ടില്ല.

അമിനി ദ്വീപിലെ പൗൾട്രി ഫാം മുതൽ നോർത്ത് ഭാഗം വരെയുള്ള റോഡ് നിർമാണം പൂർത്തീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിന് എൻ.വൈ.സി യൂനിറ്റ് നേതാക്കൾ നിവേദനം നൽകിയിട്ടുണ്ട്. മിനിക്കോയ് പോളിടെക്നിക് വിദ്യാർഥികൾക്ക് ആവശ്യമായ പഠന സൗകര്യങ്ങളൊരുക്കുക, അധ്യാപക ഒഴിവുകൾ നികത്തുക, വിദ്യാർഥികളുടെ അവകാശ സമരങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇറക്കിയ ഉത്തരവ് പിൻവലിക്കുക, ഗെസ്റ്റ് അധ്യാപകരുടെ ശമ്പളം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കും പരിഹാരമായിട്ടില്ല. ലക്ഷദ്വീപിലെ ആശുപത്രികളിൽ ഡെർമറ്റോളജിസ്റ്റിന്‍റെ സേവനം ലഭ്യമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Tags:    
News Summary - Lakshadweep: Administration with controversial measures; No action on basic issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.