യൂനിഫോം മാറ്റം: നിലപാട് കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം

കൊച്ചി: ലക്ഷദ്വീപിലെ സ്കൂളുകളിൽ ഏർപ്പെടുത്തിയ യൂനിഫോം മാറ്റത്തിൽ നിലപാട് കടുപ്പിച്ച് ഭരണകൂടം. പുതിയ യൂനിഫോം രീതി കൃത്യമായി വിദ്യാർഥികൾ പാലിക്കാത്ത പക്ഷം തുടർനടപടിക്ക് നിർദേശിച്ച് വീണ്ടും സർക്കുലർ പുറത്തിറക്കിയിരിക്കുകയാണ് അധികൃതർ. പുതിയ യൂനിഫോം മാതൃക അവതരിപ്പിച്ച് ആഗസ്റ്റിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കിയിരുന്നു.

ഇതിൽ പെൺകുട്ടികളുടെ ഹിജാബിനെക്കുറിച്ച് പരാമർശമില്ലാത്തതിനെതിരെ ദ്വീപിൽ പ്രതിഷേധവും ഉയർന്നിരുന്നു. ഉത്തരവ് പുറത്തിറങ്ങിയശേഷവും വിദ്യാർഥികൾ ഹിജാബ് ധരിച്ചാണ് എത്തുന്നത്. ഇതിനിടെയാണ് ആദ്യ ഉത്തരവിൽ നിർദേശിച്ച യൂനിഫോം കൃത്യമായി ധരിച്ചില്ലെങ്കിൽ പ്രിൻസിപ്പൽമാർ സ്വീകരിക്കേണ്ട നടപടി വിശദമാക്കി സർക്കുലർ ഇറക്കിയത്.

വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച പാറ്റേണിലുള്ള യൂനിഫോം ധരിക്കാതിരിക്കുകയോ മറ്റേതെങ്കിലും വസ്ത്രം ധരിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ ആദ്യഘട്ടമായി കുട്ടികൾക്ക് അധ്യാപകർ വാക്കാൽ ബോധവത്കരണം നൽകണമെന്ന് സർക്കുലറിൽ പറയുന്നു. തുടർന്നും ലംഘിച്ചാൽ രക്ഷിതാക്കളെ കത്ത് മുഖേന വിഷയം ധരിപ്പിക്കണം. എന്നിട്ടും ലംഘനം തുടർന്നാൽ വിദ്യാർഥികളുടെ വീട്ടിലെത്തി മാതാപിതാക്കളെ ബോധവത്കരിക്കണം. മാത്രമല്ല, ഇതിനുശേഷവും യൂനിഫോം ധരിക്കുന്നത് നിർദേശിച്ചത് പ്രകാരമല്ലെങ്കിൽ പ്രവേശന വിലക്ക് അടക്കം നടപടികൾക്കും തീരുമാനമെടുക്കേണ്ടി വരുമെന്നാണ് വ്യക്തമാക്കുന്നത്.

ഉത്തരവിൽ നിർദേശിക്കപ്പെട്ട യൂനിഫോം മാത്രമെ ധരിക്കാവൂ എന്ന് പറയുമ്പോഴും ഹിജാബിന് വിലക്കുണ്ടോയെന്ന ചോദ്യത്തിന് അധികൃതരിൽനിന്ന് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കൾ പറയുന്നു.

ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ഹിജാബ് ധരിച്ചതിന്‍റെ പേരിൽ നടപടികളുണ്ടായാൽ നിയമവഴി സ്വീകരിക്കുമെന്നും അവർ പറയുന്നു. രക്ഷിതാക്കളോടക്കം കൂടിയാലോചനകളില്ലാതെയാണ് യൂനിഫോമിൽ മാറ്റം വരുത്തിയതെന്നും അവർ ആരോപിക്കുന്നു.

Tags:    
News Summary - Uniform change: Lakshadweep administration toughens its stance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.