ഭൂ പതിവ് ചട്ടം:ചീഫ് സെക്രട്ടറിക്കുള്ള അന്ത്യശാസനമായി ഹൈകോടതി വിധി

കോഴിക്കോട്: ഭൂപതിവ് ചട്ടത്തിൽ ഹൈകോടതി വിധി ചീഫ് സെക്രട്ടറിക്കുള്ള അന്ത്യശാസനമാണ്. കോടതിയുടെ ചോദ്യത്തിന് ചീഫ് സെക്രട്ടറി വ്യക്തമായ മറുപടി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖും ശോഭ അന്നമ്മ ഈപ്പനും അനധികൃത ഭൂപതിവിനെതിരായ ശക്തമായ മുന്നറിയിപ്പാണ് നൽകിയെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ. സർക്കാരിൻറെ താൽപര്യത്തിന് അനുസരിച്ച് പട്ടയം നൽകുന്നതിന് താക്കീതായി വിധി.

ഭൂമി പതിച്ചു നൽകുന്നത് സംബന്ധിച്ച് നിയമം 1960ലാണ് നിലവിൽ വന്നത്. സർക്കാർ ഭൂമി എന്ന് വിവക്ഷിക്കുന്നത് ഏതെല്ലാം ഭൂമിയാണെന്ന നിയമത്തിൽ നിർവചിച്ചിരുന്നു. നിയമത്തിന്റെ ഏഴാം വകുപ്പിന് അനുബന്ധമായി രൂപീകരിച്ചിട്ടുള്ള ചട്ടങ്ങൾക്കാണ് കേരള ഭൂപതിവ് ചട്ടങ്ങൾ എന്ന് അറിയപ്പെടുന്നത്. ഭൂമി പതിച്ചു നൽകുന്നതിനുള്ള വിപുലമായ മാർഗരേഖ ഈ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തു. കൃഷി ആവശ്യത്തിനും വീടുവെക്കുന്നതിനും സമീപത്തുള്ള ഭൂമി ഗുണകരമായി വിനിയോഗിക്കുന്നതിനും ഭൂമി പതിച്ച് നൽകാമെന്ന് നാലാം ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നു.

വ്യവസ്ഥയെല്ലാം ശിഥിലമാക്കി കൃഷിയിൽ യാതൊരു താൽപര്യവും ഇല്ലാത്ത ആളുകൾ അനധികൃതമായി ഭൂമി കൈവശം വെച്ചതിന്റെ അടിസ്ഥാനത്തിൽ പട്ടയത്തിനായി അവകാശവാദം ഉന്നയിക്കുന്നതിനെയാണ് കോടതി ചോദ്യം ചെയ്തത്. പല കേസുകളിലും പട്ടയം അവകാശപ്പെടാൻ അത്തരം ആളുകൾക്ക് നിയമപരമായ അവകാശമില്ല. ചട്ടം 11ൽ പറയുന്നത് പട്ടയം നൽകുന്നതിനുള്ള സംവിധാനത്തെയും നടപടിക്രമത്തെയും കുറിച്ചാണ്. പതിച്ചു നൽകാവുന്ന ഭൂമിയുടെ ലിസ്റ്റ് തയാറാക്കേണ്ടതെങ്ങനെയാണെന്ന് വിശദീകരിച്ചിട്ടുണ്ട്.

ഈ പട്ടികയിൽ ഉൾപ്പെടാതെ ആർക്കും ഭൂമി പതിച്ചു നൽകാൻ കഴിയില്ല എന്നത് വ്യക്തമാണ്. വ്യവസ്ഥ പാലിക്കാതെ ഭൂമി സർക്കാരിന് പതിച്ച് നൽകാനാവില്ല. ഭൂപതിവ് നിയമത്തിന്റെ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്ന തരത്തിൽ സർക്കാർ ചട്ടങ്ങൾ ഉണ്ടാക്കിയാൽ അത് നിയമത്തിൽ നിലനിൽക്കില്ല. നിയമവിരുദ്ധമായി ചട്ടം ഭേദഗതി ചെയ്ത് ഭൂ പതിവിന് ശ്രമിച്ചാലും കോടതി ഇടപെടും. ഭൂമിയിൽ ഒരുതരത്തിലുള്ള ബന്ധവും ഇല്ലാത്ത ആളുകളെ കൈയേറ്റക്കാരായി മാത്രം കണക്കാക്കേണ്ടി വരും.

ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി കോടതിക്ക് മറുപടി നൽകണം. നിയമപരമായ സർക്കാരിന്റെ നയം ചീഫ് സെക്രട്ടറി കോടതിയിൽ എഴുതി നൽകണം. അതേസമയം, നിയമങ്ങൾ അനുസൃതമായി ഭൂമിക്ക് പട്ടയം നൽകുന്നതിന് ഈ വിധി എതിർക്കുന്നില്ല. 1964 ചട്ടങ്ങൾക്ക് കീഴിലുള്ള അപേക്ഷകൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഈ ഉത്തരവ്. ചട്ടങ്ങൾ പാലിച്ച് വേണം പട്ടയങ്ങൾ വിതരണം ചെയ്യാനെന്നാണ് കോടതി പറഞ്ഞത്.

അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പട്ടയ വിതരണം തിങ്കളാഴ്ചയാണ്. എല്ലാം വ്യവസ്ഥകളും ലംഘിച്ചാണ് അട്ടപ്പാടിയിൽ റവന്യൂ വകുപ്പ് പട്ടയം വിതരണം നടത്തുന്നതെന്ന ആക്ഷേപം ഉയരുമ്പോഴാണ് കോടതി 1964ലെ ഭൂ പതിവ് ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കണമെന്ന് വ്യക്തമാക്കിയത്. അട്ടപ്പാടിയിൽ പട്ടയമേള നടത്തിയാലും ഹൈകോടതി വിധി റവന്യൂ വകുപ്പിന് തലവേദനയാവുമെന്നുറപ്പ്. തോട്ടഭൂമി മുറിച്ചു വിൽക്കുന്നത് തടയണമെന്ന 2015ലെ ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖിന്റെ വിധിയും നിർണായകമായി. അതിനെ ഒരു കോടതിയലും ചോദ്യം ചെയ്യാനായില്ല.

Tags:    
News Summary - land assigment rules:High Court verdict as ultimatum for Chief Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.