പള്ളി ദർസിൽ നിന്നുവരുന്ന മകളുടെ സഹപാഠിക്ക് ഉച്ചഭക്ഷണം നൽകുന്ന അമ്മ- ഇത് മനുഷ്യസ്നേഹത്തി​​െൻറ കഥ...

പള്ളി ദർസിൽ നിന്നു വരുന്ന വിദ്യാർഥിക്ക് സഹപാഠിയുടെ അമ്മ ഉച്ചഭക്ഷണം കൊടുത്തുവിടുന്ന നന്മയെ കുറിച്ച് ഇക്കഴിഞ്ഞ ദിവസമാണ് ബഷീർ മിസ്ഹബ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതിയത്. അത്, വായിച്ച പലരും ഇത്, അവിശ്വസനീയ കഥയെന്ന് കുറിച്ചു. ഇതോടെ, ബഷീർ വീണ്ടും കുറിപ്പെഴുതി. ആ മനുഷ്യസ്നേഹ കഥയുടെ തുടർച്ച. എഫ് ബി.പോസ്റ്റിന്റെ ആദ്യഭാഗം ഇങ്ങനെ:

``പള്ളി ദർസിലുള്ളൊരു വിദ്യാർഥി സ്കൂളിൽ പ്ലസ്‌ റ്റു പഠിക്കാൻ വരുന്നുണ്ട്‌. എല്ലാ കുട്ടികളും ഉച്ചഭക്ഷണം കൊണ്ടുവരാറാണു. അവനു പക്ഷെ പള്ളിയിൽനിൽക്കുന്നതിനാൽ ഉച്ചഭക്ഷണം കൊണ്ടുവരാനാവില്ല. ഇന്നാണറിഞ്ഞത്‌ ദിവസങ്ങളായി അവനുള്ള ഭക്ഷണം തന്റെ ഭക്ഷണത്തിന്റെ കൂടെ കൊണ്ടുവരുന്നത്‌ ക്ലാസിലെ ഒരു പെൺകുട്ടിയാണെന്ന്! ഇന്ന് അത്‌ അറിയാനിടയായതെങ്ങനെയെന്നോ? അവൾ കുറച്ചു ദിവസം ലീവായതിനാൽ ഇന്ന് അവളുടെ അമ്മ നേരിട്ടാണു അവനു ഭക്ഷണവുമായി എത്തിയത്‌!

ത​െൻറ മകളുടെ ക്ലാസിൽ പള്ളിയിൽനിന്നു വരുന്നൊരു കുട്ടിയുണ്ടെന്നും, അവനു ഉച്ചഭക്ഷണമില്ലെന്നും കേട്ടമാത്രയിൽ സ്വന്തം മകൾക്കൊപ്പം അവനുകൂടി രാവിലെ ഉച്ചഭക്ഷണം പാകംചെയ്തു കൊടുത്തയക്കാൻ തോന്നിയ ആ അമ്മയുടെ മനസ്സിന്റെ വലിപ്പമോർത്ത്‌ ശരിക്കും കണ്ണുനിറഞ്ഞു. ഏതൊരു ഇന്ത്യയിലാണു ഇത്തരം അത്ഭുത മനുഷ്യർ ഇപ്പോഴും അവശേഷിക്കുന്നത്‌ എന്നോർക്കുക!

ഞാൻ അവരെ വിളിച്ച്‌ ഹൃദയപൂർവ്വം അഭിനന്ദിച്ചു! അല്ലാതെന്തു ചെയ്യാൻ? മകളെക്കുറിച്ച്‌ വലിയ പ്രതീക്ഷയാണു ആ അമ്മയ്ക്ക്‌. ഇത്രമാത്രം സന്മനസ്കയായ ആ അമ്മയുടെ, മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങൾ ദൈവം സാക്ഷാൽക്കരിക്കട്ടെ എന്നു നമുക്കു പ്രാർത്ഥിക്കാം''... ഈ കുറിപ്പ് സങ്കൽപ കഥ​യാണോയെന്ന് സംശയം പ്രകടിപ്പിച്ചവർക്കായി എഴുതിയ രണ്ടാം കുറിപ്പിലിങ്ങനെ എഴുതുന്നു...:

`ആ 'കഥ'യുടെ ബാക്കി! എന്റെ സ്കൂളിൽ പ്ലസ്റ്റുവിനു പഠിക്കുന്ന ദർസ്‌ വിദ്യാർഥിക്ക്‌ ദിവസവും ഉച്ചഭക്ഷണമെത്തിക്കുന്ന, അവ​െൻറ സഹപാഠിയുടെ അമ്മയെക്കുറിച്ച്‌ മിനിയാന്ന് ഞാനൊരു കുറിപ്പിട്ടിരുന്നു. ഇത്രയുംകാലത്തെ ഇ​െൻറ എഫ്‌.ബി ലൈഫിൽ ഏറ്റവുമധികം പേർ ലൈക്ക്‌ ചെയ്ത കുറിപ്പായിരുന്നു അത്‌ എന്നത്‌ വലിയ സന്തോഷം നൽകുന്നു.

ആ നന്മയെ സ്നേഹിക്കുന്ന അത്രയും പേർ എനിക്കു ചുറ്റുമുണ്ടെന്നതിൽപരം സന്തോഷമെന്ത്‌! പക്ഷെ, ചിലരെങ്കിലും പേഴ്സണൽ മെസേജിലൂടെ ചോദിച്ചു "അതു യഥാർത്ഥ സംഭവമാണോ അതോ കഥയാണോ" എന്ന്. ഒരു ഭാവനയാണെന്നു തോന്നാന്മാത്രം അപൂർവ്വമാണു അത്തരം മനുഷ്യരും നന്മകളും എന്നതുതന്നെയാണു ആ അമ്മയെയും അവരുടെ നന്മയെയും അത്രയ്ക്കു മഹത്തരമാക്കുന്നത്‌ എന്നു ഞാൻ മറുപടി നൽകി. ഇനി, ആ സംഭവത്തിൽ അവിശ്വസനീയത തോന്നിയവരോട്‌ അതിന്റെ തുടർച്ചയായി ഇന്നുണ്ടായ അനുഭവം കൂടി പങ്കുവെക്കാം.

ഞാനിന്ന് മസിൽ പെയിൻ കാരണം സ്കൂളിൽ ലീവായിരുന്നു. വേദനസംഹാരിയും കഴിച്ച്‌ ഉറങ്ങിയ ഞാൻ ഉച്ചക്കെഴുന്നേറ്റപ്പോൾ അതേ അമ്മയുടെ രണ്ടു മിസ്‌ഡ്‌ കോൾ! ഞാൻ തിരിച്ചു വിളിക്കാൻ നിന്നപ്പോഴേക്കും അവർ വീണ്ടും വിളിച്ചു. "മാഷേ, അവനും ഫ്രൻസും ഇന്നുച്ചക്ക്‌ ഒരു സഹപാഠിയുടെ വീട്ടിൽ ഭക്ഷണത്തിനു കൂടും എന്നതിനാൽ

ഇന്ന് ഭക്ഷണം വേണ്ട എന്ന് എന്നോടു പറഞ്ഞിരുന്നു. പക്ഷെ, അവൻ ഇതുവരെ ആ വീട്ടിൽ ഭക്ഷണത്തിനെത്തിയിട്ടില്ല. അതറിഞ്ഞപ്പോൾ എനിക്കു വല്ലാത്ത ആധി. അവൻ ഒന്നും കഴിക്കാതിരിക്കുകയാവുമോ എന്ന്" ഞാൻ സ്കൂളിൽ വിളിച്ചന്വേഷിച്ചപ്പോൾ അവൻ ഇന്നുച്ചക്ക്‌ ഫ്രൻസിന്റെ കൂടെ സ്കൂളിൽ നിന്നുതന്നെ കഴിച്ചിരിക്കയാണെന്നറിഞ്ഞു. അക്കാര്യം ഞാൻ വിളിച്ചു പറഞ്ഞപ്പോഴാണു ആ അമ്മയ്ക്ക്‌ സമാധാനമായത്‌. ഇത്തരം എളിയ വലിയ മനുഷ്യർ സിനിമയിലും സാഹിത്യത്തിലും മാത്രമല്ല സുഹൃത്തുക്കളേ, ജീവിതത്തിലും ഉണ്ട്‌. മോദിയെയും യോഗിയെയും ആവർത്തിച്ച്‌ അധികാരത്തിലിരുത്തുന്ന വിചിത്രമനുഷ്യരാൽ സമ്പന്നമായ ഈ രാജ്യത്തുതന്നെ! പ്രാർത്ഥനകളല്ലാതെ അത്തരം മഹാമനുഷ്യർക്കു നാം പകരമെന്തു നൽകാൻ? ''. ഈ കെട്ട കാലത്തും നമുക്ക് ചുറ്റും പ്രതീക്ഷ തരുന്ന ജീവിതങ്ങളുണ്ടെന്ന ഈ അനുഭവ പാഠം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

Tags:    
News Summary - A mother giving lunch to her daughter's classmate - this is the story of human love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT