ചെറുതോണി: 105ാം വയസ്സിലും പ്രായത്തെ തോൽപിക്കുന്ന കരുത്താണ് പാട്ടിയമ്മക്ക്. അഞ്ചുതലമുറയെ കാണാൻ ഭാഗ്യംലഭിച്ച കരിമ്പൻ മണിപ്പാറകാനത്തിലെ തേവിരാമൻ മുത്തശ്ശിയെ നാട്ടുകാർ വിളിക്കുന്ന പേരാണ് പാട്ടിയമ്മ. രാവിലെ ഉറക്കമുണർന്നാൽ ഒരുകിലോമീറ്റർ ദൂരം നടന്ന് കുട്ടപ്പൻ സിറ്റിയിലെത്തി ഒരു ഗ്ലാസ് ചായ കുടിക്കുന്നത് പാട്ടിയമ്മയുടെ പതിവ് ചര്യയാണ്. ഇതുകൂടാതെ വീട്ടുജോലികളിലും മകളോടൊപ്പം ഈ മുത്തശ്ശി ഉണ്ടാകും.
മക്കളും മക്കളുടെ മക്കളും കൊച്ചുമക്കളുമായി 120 ഒാളം പേരാണ് പിന്മുറക്കാരായി പാട്ടിയമ്മക്കുള്ളത്. വനത്തിൽ ജനിച്ച് െചറുപ്പത്തിൽ കാട്ടുകിഴങ്ങും തേനുമടക്കം ഭക്ഷിച്ച് നടന്നയാളാണ് പാട്ടിയമ്മയെന്നും അതാണ് ആരോഗ്യത്തിെൻറ രഹസ്യമെന്നുമാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. മന്നാൻ സമുദായത്തിൽ ജനിച്ച ഇവർക്ക് പ്രത്യേക ഭാഷയാണ്. പരമ്പരാഗതമായി പറഞ്ഞുവരുന്ന പല പ്രയോഗങ്ങളും കേൾക്കുന്നവർക്ക് മനസ്സിലാക്കിയെടുക്കാൻ അൽപം പ്രയാസമാണ്. 25വർഷം മുമ്പ് ഭർത്താവ് രാമൻ മരിച്ചു. ഏഴു മക്കളാണ് പാട്ടിയമ്മക്ക്. അഞ്ച് പെണ്ണും രണ്ടാണും. ഇതിൽ ഒരു മകൻ മരണപ്പെട്ടു.
മറ്റൊരു മകൻ മാങ്കുളം താളും കണ്ടത്താണുതാമസം. ഇപ്പോൾ മൂന്നാമത്തെ മകൾക്കൊപ്പമാണ് പാട്ടിയമ്മയുടെ താമസം. ആറുമാസം പ്രായമുള്ള ഏദനാണ് അഞ്ചാം തലമുറയിൽപ്പെട്ട ഏറ്റവും ചെറിയ ആൾ. കോഴിമല രാജാവാണ് ഇവരുടെ തലവൻ. വർഷത്തിലൊരിക്കൽ നടക്കുന്ന കാലാവൂട്ട് മഹോത്സവത്തിൽ മക്കളും അവരുടെ മക്കളും ഉൾപ്പെടുന്ന അഞ്ചുതലമുറയിലുള്ളവർ ഒരുമിച്ചുകൂടും. ഇതാണ് പാട്ടിയമ്മക്ക് ഏറെ സന്തോഷം നൽകുന്ന കാര്യം. ഉത്സവവും വളരെ ആവേശത്തോടെ തന്നെയാണ് പാട്ടിയമ്മ ആഘോഷിക്കാറ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.