തുളസിത്തറയോ ഇടതൂർന്ന് വളരുന്ന തുളസിച്ചെടിയോ ഇല്ലാത്ത വീടുകൾ വിരളമായിരിക്കും. നൂറു കണക്കിന് ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ് തുളസി. ആന്റി ഓക്സിഡന്റുകളുടെ കലവറയായ തുളസി നല്ലൊരു അണുനാശിനിയും കൂടിയാണ്. തുളസിയുടെ പൂവ്, കായ, വേര്, തണ്ട് എന്നിവയെല്ലാം പല കാര്യങ്ങൾക്കായി ഉപയോഗിക്കുമെങ്കിലും തുളസിയില തന്നെയാണ് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്.
സമ്മര്‍ദം കുറക്കാം: നിത്യ ജീവിതത്തിലുണ്ടാവുന്ന മാനസിക സംഘർഷങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ തുളസി നല്ലൊരു ഔഷധമാണ്. മാനസിക ക്ലേശങ്ങളുണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന കോർട്ടിസോൾ ഹോർമോണിനെ നിയന്ത്രിച്ചു നിർത്താൻ തുളസിയിലക്ക് കഴിവുണ്ട്. ദിവസവും 10-12 തുളസിയിലകൾ വെറുതെ വായിലിട്ട് ചവക്കുന്നത് നാഡികളുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും രക്തപ്രവാഹം വർധിപ്പിക്കുന്നതിനും സഹായിക്കും.
ചര്‍മകാന്തി കൂട്ടാം: തുളസിയില അരച്ചു മുഖത്ത് പുരട്ടുന്നത് ചർമകാന്തി വർധിപ്പിക്കും. തുളസിയില അൽപം വെള്ളിച്ചെണ്ണ ചേർത്ത് അരച്ച് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ചാൽ മുടികൊഴിച്ചിൽ തടയാനാവും.
ദന്തസംരക്ഷണം ഉറപ്പാക്കാം: ഉണങ്ങിയ തുളസിയില പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി പല്ല് തേച്ചാൽ വായനാറ്റം, മോണരോഗങ്ങൾ തുടങ്ങി മിക്ക ദന്തപ്രശ്നങ്ങളും ഇല്ലാതാക്കാനാവും. അസഹ്യമായ പല്ലു വേദനയുണ്ടെങ്കിൽ അൽപം കടുക് എണ്ണയിൽ തുളസിയില ചേർത്ത് അരച്ച് ബ്രഷ് ചെയ്താൽ നല്ല ഫലം ലഭിക്കും. ഇൗ മിശ്രിതം കുരുമുളക് പൊടി ചേർത്ത് ഉപയോഗിച്ചാലും നല്ല ഫലമുണ്ടാകും. ദിവസത്തിൽ മൂന്ന് തവണയെങ്കിലും ഇങ്ങനെ ചെയ്യാനായാൽ വേദനയിൽ നിന്ന് പൂർണമുക്തി ലഭിക്കും.
തടയാം പനിയും തലവേദനയും: സാധാരണ ജലദോഷമോ പനിയോ പമ്പ കടത്താൻ ഏറ്റവും നല്ല പ്രതിവിധിയാണ് തുളസിയില. വെറുംവയറ്റിൽ കുറച്ച് തുളസിയില ചവച്ചരച്ചു കഴിക്കുന്നത് ജലദോഷം ഇല്ലാതാക്കാൻ സഹായിക്കും. പനിയാണെങ്കിൽ ആറോ ഏഴോ തുളസിയിലയും രണ്ടു ടീസ്പൂൺ ഏലക്കാപൊടിയും ഇട്ട് അരലിറ്റർ വെള്ളത്തിൽ കുറഞ്ഞ തീയിൽ ചൂടാക്കി, അൽപം തേനും ചേർത്ത് രണ്ടു മണിക്കൂർ ഇടവിട്ട് കഴിച്ചാൽ നല്ല മാറ്റമുണ്ടാകും.
സൈനസൈറ്റിസ്, അലർജി, ജലദോഷം എന്നിവ കൊണ്ടുള്ള വിട്ടുമാറാത്ത തലവേദനക്കും തുളസിയില നല്ല പരിഹാരമാണ്. രണ്ട് കപ്പ് വെള്ളത്തിൽ തുളസിയില ഇട്ട് ചൂടാക്കി കുറുക്കിയ ശേഷം തണുപ്പിക്കാൻ വെക്കുക. ശേഷം വെളുത്ത തുണിയിൽ ഇത് പൊതിഞ്ഞെടുത്ത് അവശേഷിക്കുന്ന വെള്ളം കൂടി പിഴിഞ്ഞുകളഞ്ഞ് നെറ്റിത്തടത്തിൽ പുരട്ടിയാൽ ഏത് തലവേദനക്കും ആശ്വാസം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.