തടി നോക്കിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന പേടിയിൽ ഫിറ്റ്നസ് കോൺഷ്യസാ ണ് ഇന്ന് കൂടുതൽ പേരും. ശരീരം ഫിറ്റാകാൻ കുറച്ചുനേരം ജിമ്മിൽ വിയർപ്പൊഴുക്കാനും തയാർ. പക്ഷേ, ജിം വരെ കാലത്ത് എഴുന്നേറ്റ് പോകുന്നതെങ്ങനെ എന്ന വിചാരം അലട്ടുന്നുണ്ടോ? ഇതാ വീ ട്ടിലും ഒരുക്കാം ഒരു ചെറ്യേ ജിം.
ഫിറ്റ്നസ് റൂം നല്ല ഐഡിയ
‘‘ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കാനാണ് ഡോക്ടർമാർ വ്യായാമത്തിന് നിർദേശിക്കുക. എന്നാൽ, രോഗങ്ങൾ വരാതിരി ക്കാൻ വ്യായാമവും ഭക്ഷണ ക്രമീകരണവും എന്തുകൊണ്ട് നേരത്തേ തുടങ്ങിക്കൂടാ ’’ -ദീർഘകാലമായി നാച്ചുറൽ ഫിറ്റ്നസ് പരിശീലകനായ മലപ്പുറം മഞ്ചേരി സ്വദേശി ഷമീർ വല്ലാഞ്ചിറ ചോദിക്കുന്നു.
ഹോം ജിം എന്ന ആശയം വിവരിക്കുകയാണ് അദ്ദേഹം: ‘‘ദിവസേന ഫിറ്റ്നസിനുപോയി വരുന്നത് പലർക്കും പ്രയാസമാകും. പ്രത്യേകിച്ചും വീട്ടമ്മമാർക്കും യുവതികൾക്കും. ജോലിത്തിരക്കു കാരണം പുരുഷന്മാർക്കും. അവർക്ക് ചുരുങ്ങിയ ചെലവിൽ വീട്ടിൽ തന്നെ ഒരു ഫിറ്റ്നസ് റൂം ഒരുക്കാം. പുതിയ വീടുണ്ടാക്കുന്നവർ അതിനായി ഒരു മുറി നീക്കിവെക്കുന്നതും നല്ലതാണ്.’’
കൂടുതൽ കാശ് മുടക്കേണ്ട
വർക്കൗട്ട് ചെയ്യുന്നവരുടെ പ്രായം കണക്കിലെടുത്തു വേണം ഹോം ജിമ്മിൽ ഉപകരണങ്ങൾ തിരഞ്ഞെടുക്കാൻ. വാം അപ്പ് വ്യായാമങ്ങളാണ് പ്രധാനമായി ചെയ്യേണ്ടത്. പുഷ് അപ്പ് ബാറുകൾ, സ്കിപ്പിങ് റോപ്പ് (വള്ളിച്ചാട്ടം), ഡംബൽ, ബാർബൽ തുടങ്ങിയവയെല്ലാം ഉൾപ്പെട്ട ഹോം ജിം പാക്കുകൾ ഒാൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ ശരാശരി 1000 രൂപക്ക് ലഭിക്കും.
അൽപംകൂടി കാശ് മുടക്കിയാൽ എ.ബി.എസ് എക്സസൈസറും മൾട്ടി പർപസ് ഫിറ്റ്നസ് ബെഞ്ചും വാങ്ങാം. ഇവ രണ്ടും 3000-4000 രൂപ വിലയിൽ ലഭിക്കും. വലിയ ബജറ്റുള്ളവർക്ക് ട്രെഡ്മിൽ, എലിപ്റ്റികൽ സൈക്കിൾ പോലുള്ള ഉപകരണങ്ങളും വാങ്ങാം.
വർക്കൗട്ട് പരിശീലിക്കണം
വീട്ടിൽ തുടങ്ങും മുമ്പ് ജിമ്മിൽ പോയി മികച്ചൊരു ട്രെയ്നറിൽനിന്ന് വ്യായാമ രീതികളും ഭക്ഷണ ക്രമീകരണവും പഠിക്കണം. ശരീരത്തിന്റെ ഓരോ ഭാഗത്തിനുമുള്ള വ്യായാമം മനസ്സിലാക്കണം. അല്ലെങ്കിൽ ഭാവിയിൽ പല ആരോഗ്യപ്രശ്നങ്ങൾക്കും അത് കാരണമാകും.
‘‘വലിയ കാശ് മുടക്കി ട്രെഡ്മിൽ പോലുള്ളവ വാങ്ങുന്ന പലരും കുറച്ചു ദിവസത്തിനുശേഷം വ്യായാമം ഉപേക്ഷിക്കുന്നത് കാണാറുണ്ട്. ഉപകരണങ്ങൾ വാങ്ങും മുമ്പ്, നിത്യേന വ്യായാമം ചെയ്യാനുള്ള മനസ്സാണ് ആദ്യം ഉണ്ടാക്കേണ്ടത്’’-ഷമീർ വല്ലാഞ്ചിറ കൂട്ടിച്ചേർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.