സൗദി അറേബ്യയിലെ ജിദ്ദയിലെയും റിയാദിലെയും ഒരുകൂട്ടം സൗദി പൗരന്മാരുടെ പ്രഭാതങ്ങൾ ഇന്ന് തുടങ്ങുന്നത് വീരഭദ്രാസനത്തിന്റെ അകമ്പടിയോടു കൂടിയാണ്. ഇന്ത്യയുടെ സ്വന്തം ജീവനകലയായ യോഗാസനത്തിന് സൗദി അറേബ്യയിൽ എന്ത് കാര്യമെന്ന് ചോദിക്കാൻ വരട്ടെ, സൗദിയും ഇന്ന് യോഗാസനം പഠിച്ചെടുക്കാനുള്ള തിരക്കിലാണ്. യോഗ പഠിപ്പിക്കുന്നതോ, സൗദിക്കാരിതന്നെയായ നൗഫ് മർവാനി എന്ന യുവതിയും. യോഗയെക്കുറിച്ച് കേട്ടുകേൾവി പോലുമില്ലാതിരുന്ന സൗദിയിൽ ആയിരക്കണക്കിന് പേർക്ക് യോഗയിലൂടെ ആരോഗ്യകരമായ ജീവിതശൈലി സമ്മാനിച്ചതിെൻറ ആഹ്ലാദത്തിലാണ് അറബ് യോഗ ഫൗണ്ടേഷൻ സ്ഥാപകകൂടിയായ നൗഫ് മർവാനി.
കുട്ടിക്കാലം മുതൽ രോഗത്തിന്റെ പിടിയിലായിരുന്ന നൗഫ് മർവാനിക്ക് യോഗ നൽകിയ പുനരുജ്ജീവനം, തന്റെ നാട്ടുകാർക്കും സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചിട്ടയായി പരിശീലിച്ചാൽ കൃത്യമായ ജീവിതശൈലി രൂപപ്പെടുത്താവുന്ന യോഗാസനത്തിന് തുടക്കമിട്ടത്. ഓട്ടോ ഇമ്യൂൺ ഡിസീസ് എന്ന രോഗത്തിന്റെ പീഡനങ്ങൾ ജീവിതത്തെ വേട്ടയാടാൻ തുടങ്ങിയപ്പോൾ സുഹൃത്തുക്കളിൽ നിന്നാണ് മർവാനി ഇന്ത്യയെക്കുറിച്ചും ഇന്ത്യയിലെ യോഗാസനത്തെക്കുറിച്ചും ആദ്യമായി കേൾക്കുന്നത്. തുടർന്ന് ഇന്ത്യയിലെത്തി യോഗാസനവും ആയുർവേദവും പഠിച്ച് അവ ജീവിതചര്യയുടെ ഭാഗമാക്കിയതോടെ ലഭിച്ചത് ചികിത്സയിൽനിന്ന് ലഭിക്കുന്നതിലും കൂടുതൽ ആശ്വാസം.
വേദനയിൽ നിന്ന് മുക്തി നേടാൻ കഴിഞ്ഞതോടെ യോഗക്കായി ജീവിതം സമർപ്പിച്ച മർവാനി സ്വദേശത്തേക്ക് മടങ്ങി പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുകയായിരുന്നു. ഇന്ന് ഓരോ മാസവും 40ൽപരം സ്ത്രീപുരുഷന്മാരാണ് മർവാനിയിൽനിന്ന് യോഗ പഠിച്ചിറങ്ങുന്നത്. ആരോഗ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന സൗദിയിലെ ജനങ്ങളോട് യോഗ പ്രദാനം ചെയ്യുന്ന ആരോഗ്യകരമായ ജീവിതശൈലിയുടെ ഗുണങ്ങൾ വിശദീകരിച്ചായിരുന്നു തുടക്കം. രോഗപീഡയില്ലാത്ത ജീവിതം, ആരോഗ്യകരമായ ജീവിതശൈലി -യോഗയുടെ ഗുണങ്ങളെന്താണെന്ന് ചോദിച്ചാൽ, സൗദിയിലെ ഇന്ത്യൻ യോഗ അംബാസഡറുടെ പക്കൽ ഉത്തരം റെഡിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.