മൈലാഞ്ചി മൊഞ്ച്

മൈലാഞ്ചി മണമാണ് ഞങ്ങളുടെ പെരുന്നാളിന്. പുണ്യരാവുകളുടെ തണുപ്പില്‍നിന്നും പതിയെ പെരുന്നാളിന്‍്റെ  ആമോദത്തിലേക്ക് നീങ്ങുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയത്തെുന്നതും മൈലാഞ്ചിയുടെ മണം! ആകാശത്തില്‍ മുഴങ്ങുന്ന തക്ബീറിന്‍്റെ ഇീരടികള്‍ മനസ്സിലും ചുണ്ടിലും പകര്‍ന്ന് ഈദ് ഗാഹിലേക്ക് നീങ്ങുമ്പോള്‍ ആരുടെ കൈയാണ് കൂടുതല്‍ ചുവപ്പെന്നറിയാനുള്ള വെമ്പലായിരിക്കും കുട്ടിക്കാലത്ത് ഞങ്ങളുടെ മനം നിറയെ. പുത്തനുടുപ്പും  അതിനൊപ്പിച്ച മാലയും വളയും കമ്മലും പുതുമണത്തില്‍ നിറയുമ്പോള്‍ അതില്‍ മൈലാഞ്ചിയുടെ പരിമളം ഒന്ന് വേറെ തന്നെയാണ്.

മൈലാഞ്ചിയിട്ട് കൈകള്‍ ചോപ്പിക്കുന്നതിന് പ്രയപരിധിയില്ല. ചെഞ്ചോപ്പണിഞ്ഞ കൈകള്‍ കാണുമ്പോള്‍ പ്രായമൊന്ന് കുറഞ്ഞോ എന്ന തോന്നലാണ് പലര്‍ക്കും. അത്രക്കും കേമത്തരം മൈലാഞ്ചികൊണ്ട് കൈകളില്‍ കാണിച്ചിരിക്കും. എല്ലാ ദേശക്കാര്‍ക്കും പെരുന്നാളിന് മൈലാഞ്ചിയിടല്‍ ഹരമാണെങ്കിലും കോഴിക്കോട്ടുകാരുടെ ഇടയില്‍ അതൊരു ലഹരി തന്നെയാണ്. പെരുന്നാളിന് ഈദ് ഗാഹില്‍ പോകുന്നത് പോല നിര്‍ബന്ധമാണ് മൈലാഞ്ചിയിട്ട് കൈ ചുവപ്പിക്കലും. അതിനുവേണ്ടി നോമ്പ് തീരുന്നതിന്‍്റെ ഒരു ദിവസം മുമ്പേ ഒരുക്കം തുടങ്ങുമെങ്കിലും അത് മൂര്‍ധന്യാവസ്ഥയിലത്തെുന്നത് ശവ്വാല്‍ പിറ കാണുന്നതോടെയാണ്. മാസം കണ്ട അറിയിപ്പു വന്നാല്‍ പിന്നെ ആരും ഉറങ്ങില്ല. ഒറ്റക്ക് മൈലാഞ്ചിയിടാന്‍ ആര്‍ക്കും താല്‍പര്യമില്ല. എല്ലാവരും കൂട്ടുകുടുംബത്തിലും ബന്ധുക്കളുടെ ഇടയിലും അയല്‍പക്കത്തും പോയി അങ്ങോട്ടും ഇങ്ങോട്ടും കൈയ്യിലണിയിക്കും.

 പല കോലത്തിലും രൂപത്തിലും ഉള്ള മൈലാഞ്ചി ഡിസൈനിംഗും  സ്റ്റൈലും ഉണ്ടെങ്കിലും ഇന്നത്തെ തലമുറക്ക് ഏറെ പ്രിയം അറേബ്യന്‍ സ്റ്റൈലിനാണെന്നാണ് ഒരുപാട് കൈകളില്‍ മൈലാഞ്ചിച്ചോപ്പണിയിച്ച കോഴിക്കോട്ടെ കുറ്റിച്ചിറക്കാരി സാബിറയുടെ അഭിപ്രായം.

ഇന്ത്യന്‍ ഡിസൈനിംഗിനെ അപേക്ഷിച്ച് ഇടാനുള്ള എളുപ്പമാണ് പുതുതലമുറ അറേബ്യന്‍ ഡിസൈന്‍ തേടിപ്പോകുന്നതിന് കാരണം. കുറച്ചുമുമ്പു വരെ നമ്മുടെ മുറ്റത്തുനിന്നും പറിച്ചെടുക്കുന്ന മൈലാഞ്ചി അമ്മിയില്‍ നേര്‍പ്പിച്ച് അരച്ചെടുത്ത് നേര്‍ത്ത തുണിയില്‍ കെട്ടി പിഴിഞ്ഞ് അതിന്‍്റെ ചാറെടുത്ത് ഈര്‍ക്കില്‍ നന്നെ നേര്‍പ്പിച്ച് ആ ചാറില്‍ മുക്കി വളരെ ചെറുതായി ഇടുമായിരുന്നു. അതിന്ന് കോഴിക്കോടന്‍ ഭാഷയില്‍ ‘അരമ്പ്’ പോലെ നേര്‍പ്പിച്ചെതെന്നാണ് പറയുക. ഏറെ പ്രയാസമുള്ള ഡിസൈനാണ് ഇത്. അതിമനോഹരമാണെങ്കിലും അത് കൈയ്യിലിടാന്‍ പ്രത്യേക വൈദഗ്ധ്യമുള്ള കലാകാരികള്‍ തന്നെ വേണം.  മൈലാഞ്ചിയിടല്‍ മത്സരത്തിന് ഇത്തരം ഡിസൈനുകള്‍ക്കാണ് കുടുതല്‍ മാര്‍ക്ക് കിട്ടുക. ഇട്ടാല്‍ ഏറെ മൊഞ്ചുണ്ടെങ്കിലും അതിടാനുള്ള പ്രയാസമോര്‍ത്ത് പലരും അറേബ്യന്‍ സ്റ്റൈലിലേക്ക് മാറി. വലിയ പൂക്കളാക്കി വളരെ എളുപ്പത്തില്‍ ഇടാന്‍ കഴിയുമെന്ന പ്രത്യേകത അറേബ്യന്‍ ഡിസൈനുകള്‍ക്കുണ്ട്. പുതുതലമുറയിലുള്ള കുട്ടികളില്‍ പലര്‍ക്കും പല മോഡലുകളില്‍ സ്വയം ഡിസൈന്‍ ചെയ്യാമെന്ന പ്രത്യേകതയും ഇതിനുണ്ട്. അറേബ്യന്‍ ഡിസൈന്‍ കൂടാതെ ഉത്തരേന്ത്യന്‍, പാക്കിസ്ഥാനി, പേര്‍ഷ്യന്‍ എന്നിങ്ങനെ മൈലാഞ്ചിവരകളുടെ ഡിസൈനുകള്‍ക്കു രാജ്യങ്ങളുടെ വൈവിധ്യം.

കോഴിക്കോട് കുറ്റിച്ചിറയില്‍ മൈലാഞ്ചിയിട്ടുകൊടുക്കുന്നവരും മൈലാഞ്ചി കോണുകളിലാക്കി വില്‍പന നടത്തി വൈദഗ്ധ്യം നേടിയവരും ഉണ്ട്. അറേബ്യന്‍ഇന്ത്യന്‍ ഡിസൈനുകളില്‍ മിടുക്കികളാണ് ഇവര്‍. ഇന്ത്യന്‍ ഡിസൈനാണെങ്കില്‍ രണ്ട് മണിക്കൂര്‍ വേണ്ടിവരും ഒരു കൈ മൈലാഞ്ചിയിട്ട് അണിയിച്ചൊരുക്കാന്‍. അറേബ്യന്‍ ഡിസൈനാണെങ്കില്‍ ഒരു മണിക്കൂര്‍ മതി. കുഞ്ഞുമ്മാരത്ത് ജുമൈലത്തും, മുംതസും ബോറോക്കാരിയായ ഫാത്തിമയും ഇവരില്‍ പ്രമുഖരാണ്.  മൈലാഞ്ചി മത്സരം എവിടെ വന്നാലും ഫാത്തിമക്കാണ് ഒന്നാം സ്ഥാനം. ജുമാസ് എന്ന പേരില്‍ മൈലാഞ്ചിക്കോണുകള്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്നവരാണ് ഇരട്ടകളായ ജുമൈലത്തും മുംതസും. ഇവര്‍ അറിയപ്പെടുന്ന മൈലാഞ്ചി ഡിസൈനര്‍മാര്‍കൂടിയാണ്. അറഫ, അറേബ്യന്‍, മെഹ്റുബ, സഫ, ശിഫ, ബീഗം, സന, ദീന, ദുല്‍ഹന്‍ എന്നിങ്ങനെ പല പേരുകളില്‍  മൈലാഞ്ചിക്കോണുകള്‍ വിപണിയിലത്തെുന്നു. 12-20 രൂപയാണ് ഇവയ്ക്ക് വില.

മുമ്പ് കല്ല്യാണത്തിനും പെരുന്നാളിനുമായിരുന്നു മൈലാഞ്ചിയിടല്‍. ഇന്ന് സ്ഥിതി മാറി. എന്ത് ചെറിയ ആഘോഷം വന്നാലും കൈകള്‍ ചുവപ്പിച്ച് പോകാനാണ്  എല്ലാവര്‍ക്കും പൂതി. പെണ്ണ് കാണല്‍ ചടങ്ങിനും നിക്കാഹിനും പ്രസവിച്ച് നാല്‍പത് കുളിക്കുമ്പോഴും  തുടങ്ങി നാലാള്‍ കൂടുന്ന ചെറിയൊരു ചടങ്ങ് മതി മൈലാഞ്ചിയിടാന്‍.

മൈലാഞ്ചിയെന്ന കലാരൂപം ഒരുകാലത്ത് മുസ്ലിംകളുടെ ഇടയില്‍ മാത്രം നിലനിന്നിരുന്ന ആചാരമായിരുന്നെങ്കിലും ഇന്ന് സ്ഥിതി മാറി. ജാതി മത ഭേദമില്ലാതെ പെണ്ണായ ആരും കൊതിച്ചുപോവുകയാണ് മൈലാഞ്ചിച്ചോപ്പണിയാന്‍. മൈലാഞ്ചിയിടന്‍ മത്സരത്തിന് വരുന്നവരില്‍ ഏറെയും മുസ്ലിംകളല്ലാത്ത പെണ്‍കുട്ടികളാണ്. മത്സരത്തിനു വേണ്ടി പുറത്തുപോയി മൈലാഞ്ചിയിടാന്‍ പഠിച്ചുവരുന്ന കുട്ടികളുമുണ്ടെന്നാണ് പല മത്സരത്തിനും വിധകര്‍ത്താക്കളായി നിന്നവര്‍ പറയുന്നത്. ചെറിയ കുട്ടികള്‍പോലും മൈലാഞ്ചിയിടുന്നതില്‍ നല്ല മിടുക്ക് കാട്ടാറുണ്ട്.

മൈലാഞ്ചി വിപണിയെ ലക്ഷ്യംവെച്ച് ചില കമ്പനികള്‍ അച്ചുകള്‍ ഇറക്കിയിരുന്നെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല. തനത് പാരമ്പര്യ രീതികളെ വെല്ലാന്‍ ഇവക്കായില്ളെന്നത് തന്നെ കാരണം. അച്ച് വെച്ച് മൈലാഞ്ചിയിട്ടാല്‍ ഇട്ടാല്‍ വൃത്തിയുണ്ടാകില്ളെന്നാണ് മൈലാഞ്ചിക്കമ്പക്കാരുടെ അഭിപ്രായം. ഒട്ടിക്കുന്ന മൈലാഞ്ചിക്ക് മുസ്ലിംകളുടെ ഇടയില്‍ വലിയ സ്വാധീനമില്ല. നെയില്‍ പോളീഷ് പോലെ വെള്ളം ഉള്ളില്‍ കടത്താതെ പൊതിഞ്ഞിരിക്കുന്നതു കൊണ്ടാകാം ഇത്.

മൈലാഞ്ചിയിടുമ്പോള്‍ പെട്ടെന്ന് തന്നെ നല്ല ചുവപ്പ് കിട്ടണമെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധമുണ്ട്. അത് മനസ്സിലാക്കി മൈലാഞ്ചിക്കോണുകളില്‍ വെറും മൈലാഞ്ചയില  മാത്രമല്ല ചേര്‍ക്കുന്നത്.  നല്ല നിറം കിട്ടാനായി യൂക്കാലി പോലുള്ള വസ്തുക്കളും ചേര്‍ക്കാറുണ്ട്. അതുകൊണ്ടാണ് മൈലാഞ്ചി കൈയില്‍ നിന്നും ഉണങ്ങി വീണാലുടനെ ചുമപ്പ് കാണാത്തത്. പിന്നെ മണിക്കൂറുകള്‍ക്കനുസരിച്ചാണ് ചുവന്ന് വരുന്നത്. മൈലാഞ്ചി കൈയ്യില്‍ നിന്ന് പെട്ടെന്ന് വീഴാതിരിക്കാനും ചുമപ്പ് കൂടുതല്‍ കിട്ടാനും ചില വിദ്യകളൊക്കെയുണ്ട്. കുറച്ച് ചെറുനാരങ്ങാ നീരും പഞ്ചസാരയും ചേര്‍ത്ത ലായനി ഇതിനു മുകളില്‍ പുരട്ടിയാല്‍ മതി. ഇതൊക്കെ ചേര്‍ന്ന തരവും ഗുണവുമൊത്ത മൈലാഞ്ചി തെരഞ്ഞെടുത്ത് ഇതിനി ആര് നല്ല കോലത്തില്‍ വരച്ചുതരുമെന്ന വേവലാതിയിലാണ് പെണ്‍കുട്ടികള്‍.
    
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.