മഴക്കാലത്തും പാദങ്ങള്‍ തിളങ്ങട്ടെ

മുഖസൗന്ദര്യത്തെ പോലെ തന്നെ പ്രധാനമാണ് പാദസൗന്ദര്യവും. സുന്ദരമായ പാദങ്ങള്‍ ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. മുഖത്തിനും കൈകാലുകള്‍ക്കും അമിതശ്രദ്ധകൊടുക്കുമ്പോഴും കാല്‍പദങ്ങളുടെ സൗന്ദര്യം സംരക്ഷിക്കാന്‍ പലരും മറന്നുപോകുന്നു. ശുചിത്വമുള്ള പാദങ്ങള്‍ ആരോഗ്യത്തിന്‍്റെയും സൗന്ദര്യത്തിന്‍്റെയും ലക്ഷണമാണ്.
മഴക്കാലത്ത് പാദ സംരക്ഷണത്തില്‍ ശ്രദ്ധിച്ചേ മതിയാവൂ. കാരണം  പാദങ്ങളില്‍ ഈര്‍പ്പം നില്‍ക്കുന്നത് ഫംഗസ് ബാധ, കുഴിനഖം എന്നിങ്ങനെയുള്ള അസുഖങ്ങള്‍ക്ക് കാരണമാവാറുണ്ട്. നമ്മള്‍ ഒന്നു മനസുവെക്കുകയാണെങ്കില്‍ മുഖം തിളങ്ങുന്നതുപോലെ പാദങ്ങളും തിളങ്ങും.    

  • മഴക്കാലത്ത് ഈര്‍പ്പം കൂടുതലായതുകൊണ്ട് പാദങ്ങള്‍ കഴിവതും ഉണങ്ങിയിരിക്കാന്‍ ശ്രദ്ധിക്കുക.
  • ഓരോ തവണ പുറത്ത് പോയി വരുമ്പോഴും വീര്യം കുറഞ്ഞ സോപ്പോ ലിക്വിഡ് സോപ്പോ മറ്റോ ഉപയോഗിച്ച് കാലുകള്‍ കഴുകാം.
  • കാലിലെ ഈര്‍പ്പം പൂര്‍ണ്ണമായും ഒപ്പിയെടുത്ത് നനവ് വിട്ടുമാറിയ ശേഷമേ പാദരക്ഷകള്‍ ധരിക്കാവൂ.
  • കാല്‍വിരലുകളിലെ വിടവ് കുറവായവര്‍ക്ക് ഫംഗസ്ബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ വിരലുകളുടെ വിടവുഭാഗങ്ങള്‍ പഞ്ഞിയോ നല്ല വൃത്തിയുള്ള കോട്ടണ്‍ തുണിയോ ഉപയോഗിച്ച് ഈര്‍പ്പം മാറ്റി ക്രീം പുരട്ടുന്നത് നല്ലതാണ്.
  • നഖങ്ങള്‍ക്കിടയില്‍ വെള്ളമിരുന്നാല്‍ കുഴിനഖമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ നഖങ്ങളില്‍ മൈലാഞ്ചിയിടുന്നത് നല്ലതാണ്. (വിരല്‍ വിടലുകളിലും പാദങ്ങളുടെ അരികുകളിലും മൈലാഞ്ചിയിടുന്നത് ഫംഗസ് ബാധയെ അകറ്റും)
  • നഖങ്ങള്‍ വൃത്തിയായിരിക്കാന്‍ നെയില്‍ പോളിഷ് ഉപയോഗിക്കുക. നെയില്‍ പോളിഷ് ഇടുമ്പോള്‍ ഹൈഡ്രജന്‍ പെറോക്സൈഡ് പഞ്ഞിയിലെടുത്ത്   നഖങ്ങള്‍ക്കിരുവശത്തെ ഈര്‍പ്പവും ചെളിയും തുടച്ചുമാറ്റുക.
  • കാല്‍വിരലിലെ നഖങ്ങള്‍ നീട്ടിവളര്‍ത്താതിരിക്കുക. നഖങ്ങള്‍ വളര്‍ത്തുന്നത് അഴുക്കടിഞ്ഞു കൂടാനിടയാക്കുന്നതാണ്. കൃത്യമായ ഇടവേളകളില്‍ നഖങ്ങള്‍ വെട്ടുന്നത് വൃത്തിയും ആരോഗ്യവും ഉറപ്പാക്കും. (നഖം നീട്ടി വളര്‍ത്തുകയാണെങ്കില്‍ നഖങ്ങള്‍ക്കിരുവശവും വളര്‍ന്നു പുറത്തേക്കു നില്‍ക്കുന്ന ഭാഗവും ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗിച്ച് വൃത്തിയാക്കണം.)
  • മാസത്തിലൊരിക്കല്‍ പെഡിക്യൂര്‍ ചെയ്യുന്നത് നല്ലതാണ്. ഇതിനായി ബ്യൂട്ടി പാര്‍ലറില്‍ പോകണമെന്നില്ല. വീട്ടിലിരുന്ന് ലളിതമായ രീതിയില്‍ ചെയ്യാവുന്നതാണ്.  ചെറുചൂടുവെള്ളം ഒരു വലിയ പാത്രത്തില്‍ എടുക്കുക. ഇതില്‍ ഉപ്പും അല്‍പം ചെറുനാരങ്ങാനീരും ഒരു തുള്ളി ഷാംപൂവും ഒഴിച്ചു നല്ലപോലെ കലക്കുക. ഇതില്‍  പാദങ്ങള്‍ അല്‍പനേരം ഇറക്കി വയ്ക്കണം. ശേഷം ബ്രഷ് ഉപയോഗിച്ച് നഖങ്ങളും വിരലുകളും വിടവുകളും ഉപ്പൂറ്റിയും വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുന്നത് കാലിലെ അഴുക്ക് നീക്കുകയും അണുബാധകള്‍ തടയുകയും ചെയ്യും.
  • മഴക്കാലത്ത് ഇറുകി കിടക്കുന്ന ചെരുപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. ഷൂവും സോക്സും ഒഴിവാക്കുന്നതും നല്ലതാണ്.  ഇത്തരത്തിലുള്ള ചെരുപ്പുകളില്‍ വെള്ളം കയറിയാല്‍ കാലില്‍ ഫംഗസ് ബാധയ്ക്ക് ഇടയാക്കും. മാത്രമല്ല, ഇത് കാലിന് അസഹനീയമായ ദുര്‍ഗന്ധത്തിനും കാരണമാകും.
  • അല്പം ഹീലുള്ള ചെരിപ്പുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ റോഡിലൂടെ ഒഴുകുന്ന മലിനജലം പാദങ്ങളില്‍ ആകാതെ ശ്രദ്ധിക്കാന്‍ കഴിയും.
  • രാത്രികിടക്കുന്നതിനു മുമ്പ് ചെറുചൂടുവെള്ളത്തില്‍ ഉപ്പിട്ട് പാദങ്ങള്‍  ഇറക്കിവെച്ച്  അഞ്ചുമിനിട്ടു കഴിഞ്ഞശേഷം കഴുകി, നന്നായി തുടച്ച് പെട്രോളിയം ജെല്ലി പുരട്ടുന്നതും പാദങ്ങളെ മനോഹരിയാക്കാന്‍ സഹായിക്കും.  



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.