വേനല്‍ക്കാലമോ??? നോ ടെന്‍ഷന്‍...

വേനല്‍ പടി കടന്നെത്തിയതോടെ സുന്ദരികളും ടെന്‍ഷനിലാണ്. വേനല്‍ക്കാലത്തെ സൗന്ദര്യസംരക്ഷണമാണ് സുന്ദരികളുടെ ഉറക്കം കെടുത്തുന്ന പ്രധാന പ്രശ്‌നം. പൊള്ളുന്ന വെയിലില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ പതിവ് സൗന്ദര്യസംരക്ഷണോപാധികള്‍ പോരാതെ വരും. വേനല്‍ക്കാലത്തും ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഒന്നു പരീക്ഷിച്ച് നോക്കൂ....

വേനല്‍കാല ശരീര സംരക്ഷണത്തില്‍ രണ്ടു നേരത്തെ കുളി ഒഴിവാക്കാനാകാത്തതാണ്. കുളിക്കുന്ന വെള്ളത്തില്‍ നാരങ്ങാനീരു ചേര്‍ക്കുന്നത് ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഉന്മേഷം നല്‍കും. പനിനീരും രാമച്ചവും ചേര്‍ത്ത വെള്ളത്തില്‍ കുളിക്കുന്നതും ശരീരത്തിനു കുളിര്‍മ നല്‍കും. രാവിലെ നാരങ്ങാനീരും വൈകിട്ട് രാമച്ചവും ഉപയോഗിച്ച് കുളിക്കുന്നതാവും കൂടുതല്‍ നല്ലത്. കുളിക്കുമ്പോള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ഒരു സ്‌ക്രബ് ഉപയോഗിക്കാവുന്നതാണ്. തക്കാളി നീര്, പയര്‍പൊടി, തൈര്, നാരങ്ങാനീര് എന്നിവ ഓരോ സ്പൂണ്‍ വീതമെടുത്തു യോജിപ്പിച്ചാല്‍ നല്ലൊരു സ്‌ക്രബ് തയ്യാറായി. യോജിപ്പിച്ച മിശ്രിതം മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം. കറുത്ത പാടുകള്‍ അകറ്റി ചര്‍മത്തിനു നിറം നല്‍കും.

കുളി കഴിഞ്ഞ് എല്ലായിടത്തും മോയിസ്ചറൈസര്‍ പുരട്ടണം. മോയ്‌സ്ചറൈസിങ് ക്രീമിന് പകരം വീട്ടില്‍ ഉണ്ടാക്കാവുന്ന മോയിസ്ചറൈസര്‍ പരീക്ഷിക്കാം. ഒരു പഴുത്ത ഏത്തപ്പഴം ഉടച്ചെടുക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ പാല്‍പ്പൊടിയും അര ടീസ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്തു മിശ്രിതമാക്കി മുഖത്തു പുരട്ടുക. ഇരുപതു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം. അല്ലെങ്കില്‍ ഒരു ആപ്പിളിന്റെ കാല്‍ഭാഗം, കാല്‍ ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു മുട്ടയുടെ വെള്ള എന്നിവ ചേര്‍ത്തു മിശ്രിതമാക്കി മുഖത്തു പുരട്ടുക. പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കഴുകിക്കളഞ്ഞാല്‍ ചര്‍മം തിളക്കമുള്ളതാകും.

പുറത്തിറങ്ങുന്നതിന് മുമ്പായി സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടാന്‍ മറക്കരുത്. വീട്ടിലെത്തിയാല്‍ ഉടന്‍ ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കുകയും വേണം. രണ്ട് ടീസ്പൂണ്‍ റോസ് വാട്ടറില്‍ ഒരു ടീസ്പൂണ്‍ ഗ്ലിസറിന്‍, ഒരു ടീസ്പൂണ്‍ വിനാഗിരി, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്താല്‍ നല്ലൊരു ക്ലെന്‍സറായി. മിശ്രിതം മുഖത്തു പുരട്ടി ഇരുപതു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയാവുന്നതാണ്.

വെയിലില്‍ ചര്‍മ്മം കരുവാളിക്കാനുള്ള സാധ്യത കാണുന്നുണ്ടെങ്കില്‍ നാരങ്ങാനീരും വെള്ളരിക്കാനീരും സമം എടുത്ത് അതില്‍ ഒരു സ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് നിറം മാറ്റമുള്ളിടത്ത് പുരട്ടാം. പത്തു മിനിട്ട് കഴിഞ്ഞ് കഴുകിക്കളയുക. വേനല്‍ക്കാല ദിനങ്ങളില്‍ എന്നും ഈ ചികിത്സ തുടര്‍ന്നാല്‍ ചര്‍മ്മത്തിന് യാതൊരു കേടുപാടുകളും സംഭവിക്കില്ല. ഈ മിശ്രിതത്തിനു പകരം കടലമാവും തൈരും ചേര്‍ത്ത കൂട്ട് ഉപയോഗിക്കുന്നതും നല്ലതാണ്. രണ്ട് സ്പൂണ്‍ തൈരില്‍ ഒരു സ്പൂണ്‍ അരിപ്പൊടി കലക്കി മുഖത്തു പുരട്ടി പത്തു മിനിറ്റ് കഴിഞ്ഞു കഴുകി കളയുന്നതും വെയിലേറ്റതു മൂലമുള്ള കരുവാളിപ്പ് മാറാന്‍ സഹായിക്കും.  

വേനല്‍കാലത്ത് ചുണ്ടുകീറല്‍ പലരുടെയും പ്രശ്‌നമാണ്. കിടക്കുന്നതിനു മുമ്പ് നെയ്യ് പുരട്ടുന്നതു ചുണ്ടുകള്‍ വിണ്ടുകീറുന്നതു തടയും. പുറത്തു പോകുന്നതിനു മുമ്പ് ലിപ് ബാം പുരട്ടുന്നതും നല്ലതാണ്. നാരങ്ങാനീരും വെള്ളരി നീരും തുല്യ അളവില്‍ ചുണ്ടില്‍ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളഞ്ഞാല്‍ ചുണ്ടുകള്‍ക്കു നിറവും തിളക്കവും ലഭിക്കും.

ബ്യൂട്ടീപാര്‍ലറുകളില്‍ പോകുന്ന സ്വഭാവമുള്ളവര്‍ വേനല്‍കാലത്ത് സ്പാ ബഌച്ച് ചെയ്യുന്നതാവും ഉത്തമം. കൈമുട്ടുകള്‍, വിരല്‍ മടക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കറുത്ത് കട്ടി കൂടിയ മൃത ചര്‍മ്മങ്ങള്‍ കാണപ്പെടുകയാണെങ്കില്‍ സ്‌കിന്‍ പോളീഷിംഗ് മെഷീന്‍ ഉപയോഗിച്ച് ചുരണ്ടിക്കളയാനും മടിക്കണ്ട.

ചര്‍മത്തിനു നിറവും തിളക്കവും നല്‍കാന്‍ ഇതാ പ്രകൃതിദത്തമായ ചില സൗന്ദര്യക്കൂട്ടുകള്‍.

* ഒരു ടേബിള്‍ സ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതില്‍ രണ്ട് തുള്ളി നാരങ്ങാനീരും ഒരു ടീസ്പൂണ്‍ റോസ് വാട്ടറും ചേര്‍ക്കുക. പത്ത് മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം

* നാല് ടേബിള്‍സ്പൂണ്‍ തൈര്, രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍, മൂന്നു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എന്നിവ ചേര്‍ത്തു മുഖത്തു പുരട്ടി രണ്ടോ മൂന്നോ മിനിറ്റ് മസാജ് ചെയ്ത ശേഷം തണുത്ത വെള്ളം കൊണ്ടു കഴുകുക.

* നാല് ടേബിള്‍ സ്പൂണ്‍ പാലില്‍ ഒരു ടേബിള്‍സ്പൂണ്‍ തേന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എന്നിവ ചേര്‍ത്തു പുരട്ടി 15 മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക. എണ്ണമയമുള്ള ചര്‍മത്തിനു തിളക്കം ലഭിക്കും.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.