സൗന്ദര്യത്തിന് ചില ആയുര്‍വേദ പൊടിക്കൈകള്‍

മുഖക്കുരു മാറാന്‍

മുഖക്കുരുകൊണ്ട് വിഷമിക്കുന്നവരാണ് പലരും. പ്രത്യേകിച്ച് യുവതീയുവാക്കള്‍. മുഖക്കുരു ഒരു രോഗമല്ല. ഞെക്കിപ്പൊട്ടിക്കുകയോ കൈകൊണ്ട് തടവുകയോ ചെയ്യരുത്. മത്സ്യം, മാംസം, മുട്ട, വെണ്ണ, തൈര്, പരിപ്പ്, ചോക്ലറ്റ് എന്നിവ വര്‍ജിച്ചാല്‍ ഒരു പരിധിവരെ മുഖക്കുരുവിന് ആശ്വാസം കിട്ടും. പച്ചക്കറികളും പഴങ്ങളും പാലും പതിവായി കഴിക്കുന്നത് മുഖക്കുരുവിനെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. പച്ചവെള്ളം കുടിക്കുന്നതും ശീലമാക്കുക.

  • രക്തചന്ദനവും മഞ്ഞളും അരച്ചുപുരട്ടുക. 10 ദിവസമെങ്കിലും തുടര്‍ച്ചയായി ചെയ്യുക.
  • വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് മുഖത്ത് പുരട്ടുക (പുരുഷന്മാര്‍ മഞ്ഞള്‍ ഒഴിവാക്കണം). 10 ദിവസം തുടര്‍ച്ചയായി ചെയ്യുക.
  • കുങ്കുമപ്പൂവ് അരച്ചെടുത്ത് തേങ്ങാപ്പാലില്‍ ചാലിച്ച് കുഴമ്പ് പാകത്തിലാക്കി എടുക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ മുഖം കഴുകണം. ഇങ്ങനെ 10 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മുഖക്കുരു മാറിക്കിട്ടും.
  • രക്തചന്ദനം അരച്ച് അല്‍പം തേനില്‍ ചാലിച്ചെടുക്കുക. ഈ കുഴമ്പ് മുഖക്കുരു ഉള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുക. ഒരുമണിക്കൂര്‍ കഴിഞ്ഞ് കോലരക്കിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ മുഖം കഴുകുക. ഇങ്ങനെ രണ്ടാഴ്ച തുടര്‍ച്ചയായി ചെയ്താല്‍ മുഖക്കുരു മാറും.


മുഖകാന്തിക്ക്
രാമച്ചം, ഇരുവേലി, കസ്തൂരി മഞ്ഞള്‍, ഉഴുന്ന്, കടല, ചന്ദനം ഇവ സമമെടുത്ത് നന്നായി ഉണക്കിപ്പൊടിക്കുക. രാമച്ചം ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ ഈ പൊടി കുഴച്ച് മുഖത്തും ദേഹത്തും തേച്ചുപിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക. ഇങ്ങനെ പതിവായി ചെയ്താല്‍ മുഖസൗന്ദര്യം വര്‍ധിക്കും.

നിത്യയൗവനത്തിന്
ത്രിഫല ദിവസവും സേവിക്കുന്നത് ആയുസ്സിനും ആരോഗ്യത്തിനും വളരെ ഗുണകരമാണ്. ഒരു കടുക്ക, രണ്ടു താന്നിക്ക, നാലു നെല്ലിക്ക എന്നിവ കുരുകളഞ്ഞ് എടുക്കുന്നതാണ് ത്രിഫല. ഇവ പൊടിച്ച് തേനില്‍ ചാലിച്ച് അത്താഴശേഷം ദിവസേന ഓരോ ടീസ്പൂണ്‍ വീതം കഴിച്ചാല്‍ വാര്‍ധക്യത്തില്‍പോലും രോഗങ്ങളെ അകറ്റാം. ശരീരത്തിന്‍െറ ബാഹ്യവും ആന്തരികവുമായ എല്ലാ പ്രവര്‍ത്തനങ്ങളും വളരെ കാര്യക്ഷമമായിത്തീരും.

അരിമ്പാറ
വൈറസ്മൂലമുണ്ടാകുന്ന രോഗമാണ് അരിമ്പാറ. ഇതൊഴിവാകാന്‍ കള്ളിപ്പാലില്‍ കടുക്ക അരച്ച് ശര്‍ക്കര ചേര്‍ത്ത് ലേപനം ചെയ്യുക.

  • പുറ്റുമണ്ണ്, അരയാല്‍ തൊലി, ആട്ടിന്‍കാഷ്ഠം, ഇരുവേലി എന്നിവ സമാസമം എടുത്ത് അരച്ചു പുരട്ടിയാല്‍ അരിമ്പാറ പറിഞ്ഞുപോകുന്നതാണ്.
  • കവിടി ചെറുനാരങ്ങയില്‍ ഇട്ടുവെച്ചാല്‍ അത് അലിഞ്ഞുചേരുകയും കുഴമ്പു പരുവത്തിലുള്ള ലേപന ഒൗഷധം ലഭിക്കുന്നതുമാണ്. ഇത് അരിമ്പാറയില്‍ പുരട്ടുക.


ചുണങ്ങ്
ചുണങ്ങ് പകരുന്നതാണ്. ജീവകം എയുടെ കുറവുണ്ടായാല്‍ അതു പരിഹരിക്കണം.

  • ചെറുനാരങ്ങ നീര് ഉപ്പ് ചേര്‍ത്തരച്ച് ത്വക്കില്‍ പുരട്ടി കുറച്ചുനേരം കഴിഞ്ഞ് കഴുകിക്കളയുക.
  • കൊന്നയില കാടിയില്‍ അരച്ചുതേക്കുക.
  • മഞ്ഞള്‍പ്പൊടി ഗോമൂത്രത്തില്‍ ചേര്‍ത്ത് പുരട്ടുക.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.