എന്‍െറ തേനേ...

തേന്‍ എന്ന് കേള്‍ക്കുമ്പോഴേ നാവില്‍ തേനൂറുമല്ലേ? തേന്‍ മധുരമുള്ള ഒരു ദ്രാവകം മാത്രമല്ല. ഒരുപാട് പോഷക ഗുണങ്ങളും ഒൗഷധ ഗുണങ്ങളുമുള്ള ഒന്നാണ്. ചര്‍മ്മ സംരക്ഷണത്തിലും ആരോഗ്യ പരിപാലത്തിനും തേന്‍ ഉപയോഗിക്കുന്നു. തേനിന് ബാക്ടീരിയകളെയും, സൂക്ഷ്മാണുക്കളെയും ചെറുക്കാനുള്ള കഴിവുണ്ട്. അതിനാല്‍ തന്നെ പൊള്ളലുകളിലും, പോറലുകളിലും നമ്മള്‍  തേന്‍ പുരട്ടാറുണ്ട്. തേനില്‍ സ്വാഭാവിക ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അതിന് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നമ്മെ സംരക്ഷിക്കാനും കഴിയും. അതുകൊണ്ടാണ് തേന്‍ മുഖത്തു പുരട്ടുമ്പോള്‍ ചര്‍മ്മത്തിലെ കരുവാളിപ്പ് മാറുന്നത്. തേനിന് ചര്‍മ്മത്തിന്‍റെ മേല്‍പാളിയില്‍ പ്രവര്‍ത്തിച്ച് ചര്‍മ്മ സുഷിരങ്ങളിലെ അഴുക്കുകളെ പുറന്തള്ളാനും, നിര്‍ജ്ജീവമായ ചര്‍മ്മ കോശങ്ങളെ നീക്കം ചെയ്യാനും കഴിവുണ്ട്. അതിനാല്‍ ചര്‍മ്മത്തിലെ അണുബാധയെയും  മുഖക്കുരുവിനെയും തടയാന്‍ തേനിനാവും.

തേനിനെ എങ്ങനെ സൗന്ദര്യസംരക്ഷത്തിന് ഉപയോഗിക്കാമെന്ന് നോക്കാം:

  • തേന്‍ പതിവായി ചുണ്ടുകളില്‍ പുരട്ടുന്നത് ചുണ്ടുകളുടെ മാര്‍ദവം വര്‍ധിപ്പിക്കും.
  • തേന്‍ ആഴ്ചയില്‍  രണ്ടോ മൂന്നോ തവണ മുഖത്തും കഴുത്തിലും പുരട്ടുക.  അര മണിക്കൂറിനുശേഷം ഒരു കഷണം പഞ്ഞി ചെറു ചൂടുവെള്ളത്തില്‍ മുക്കി മുഖവും കഴുത്തും തുടക്കുക. മുഖത്തെ ചുളിവുകള്‍ അകറ്റാനും നിറം വര്‍ധിക്കാനും ഇത് നല്ലതാണ്.
  • തേനും മഞ്ഞളും നന്നായി മിക്സ് ചെയ്താല്‍  ഫേസ് പാക്കായി ഉപയോഗിക്കാം. (വരണ്ട ചര്‍മ്മമുള്ളവര്‍ ഇതില്‍ അല്‍പം പാലും ചേര്‍ക്കുന്നത് നല്ലതാണ്). ഈ മിശ്രിതം മുഖത്തുതേച്ച് പതിനഞ്ചു മിനിറ്റിനു ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകി കളയാം.  മുഖം വൃത്തിയാകാനും നിറം വര്‍ദ്ധിക്കാനും ഇത് സഹായിക്കും.
  • ദിവസവും അല്‍പം തേന്‍ ചേര്‍ത്ത് ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകിയാല്‍ ചര്‍മ്മത്തിന് തിളക്കമേറും.
  • തേന്‍ അല്‍പം ചൂടാക്കി തൈരു ചേര്‍ത്ത് മുഖത്തു പുരട്ടുക. പതിനഞ്ചു മിനിററിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകാം. മുഖം വൃത്തിയാകാനും നിറം വര്‍ദ്ധിക്കാനും ഇത് സഹായിക്കും.
  • കറുവാപ്പട്ട പൊടിച്ചതും നാരങ്ങാനീരും തേനും ചേര്‍ത്ത് മുഖത്തും കഴുത്തിലും തേക്കുക. അല്‍പസമയം മസാജ് ചെയ്ത ശേഷം കഴുകിക്കളയാം.
  • തേനും മുട്ടയുടെ മഞ്ഞയും ഒലീവെണ്ണയും കൂട്ടിച്ചര്‍ത്തേ് പേസ്റ്റാക്കി മുഖത്തു തേക്കാം. ഇത് മുഖത്തെ അഴുക്കുനീക്കുകയും ചര്‍മത്തിന് പുതുജീവന്‍ നല്‍കുകയും ചെയ്യുന്നു. (മുഖത്ത് പാക്ക് ഇടുന്നതിനു മുന്‍പ് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി അല്‍പനേരം മുഖത്തിടുന്നതും നല്ലതാണ്. ചര്‍മ്മത്തിലെ ദ്വാരങ്ങള്‍ തുറക്കുവാനാണിത്.)
  • വേവിച്ച ഓട്സും തേനും സംയോജിപ്പിച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കിയ ശേഷം മുഖത്തു ലേപനം ചെയ്യുക. 15, 30 മിനിറ്റിനു ശേഷം ചൂടു വെള്ളവും തണുത്ത വെള്ളവും കൊണ്ടു മാറി മാറി മുഖം കഴുകുക.
  • കണ്ണിന് താഴെയുണ്ടാകുന്ന കറുത്ത പാടുകളും മറ്റും ഇല്ലാതാക്കാന്‍ തേനും പാലും ചേര്‍ത്തോ തേനും തൈരും ചേര്‍ത്തോ തയാറാക്കിയ പേസ്റ്റ് പുരട്ടുക. അല്‍പ സമയത്തിന് ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.
  • ഒരു സ്പൂണ്‍ പാല്‍പ്പൊടി, ചെറുനാരങ്ങാ നീര്, തേന്‍ എന്നിവ ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മകാന്തി വര്‍ധിപ്പിക്കും.
  • രണ്ടു സ്പൂണ്‍ തേന്‍ തുല്യ അളവിലുള്ള ഓറഞ്ച് ജ്യൂസുമായി ചേര്‍ത്ത്  മുഖത്തും പുരട്ടാം. ഉണങ്ങിയ ശേഷം കഴുകിക്കളയാം. ഇത് മുഖത്തിനു തിളക്കവും മൃദുത്വവും നല്‍കുന്നു.
  • ഒരു കപ്പ് തേന്‍ കുളിക്കുവാനുള്ള ചെറിയ ചൂട് വെള്ളത്തില്‍ ചേര്‍ത്താല്‍ അത്  ശരീര ചര്‍മ്മത്തെ പോഷിപ്പിക്കാന്‍ സഹായിക്കും.
  • തേനും മഞ്ഞളും പനംചക്കരയും ചേര്‍ത്തു കഴിക്കുന്നത് ശബ്ദശുദ്ധിക്കും സഹായകമാണ്.

തയാറാക്കിയത്: ദീപ്തി വി.ആര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.