വാർധക്യകാലം ആഹ്ലാദകരമാക്കേണ്ടത് കൂടെയുള്ളവർ

വാർധക്യം രോഗമല്ല. അതൊരു ജീവിത ഘട്ടമാണ്. വാർധക്യം രണ്ടു രീതിയിലുണ്ട്. ഒന്ന് ആഹ്ലാദകരവും സന്തോഷകരവുമായത്. . രണ്ട്, അവശതയിലൂടെയും രോഗങ്ങളിലൂടെയും കടന്നുപോകുന്ന, ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കേണ്ടിവരുന്ന വാർധക്യം.

വാർധക്യത്തിലെത്തിക്കഴിഞ്ഞാൽ ഒരുപാട് പ്രയാസങ്ങളും പ്രതിസന്ധിയുമുണ്ടാകും. ആ യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട് തന്നെ ആഹ്ലാദകരമായ ഒരു ഘട്ടമാക്കി നമുക്ക് വാർധക്യത്തെ മാറ്റിയെടുക്കാൻ കഴിയും. പക്ഷേ, അത് വാർധക്യത്തിലെത്തിയവർ മാത്രം വിചാരിച്ചാൽ ലഭിക്കുന്ന ഒന്നല്ല. മക്കളും പേരക്കുട്ടികളും അടങ്ങുന്ന കുടുംബവും സമൂഹവും കൂടി അതിന് തയാറാകണം. പല രോഗങ്ങളും വാർധക്യത്തിന്റെ കൂടെ ശരീരത്തെയും മനസ്സിനെയും പിടികൂടും.

വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, എല്ലാറ്റിലുംനിന്ന് വിട്ടുനിൽക്കുന്ന മനോഭാവം, ക്ഷീണം, തളർച്ച, ശരീരത്തിന്റെ പല ഭാഗത്തും വേദന... ഇതൊക്കെ കണ്ടാൽ നാം മനസ്സിലാക്കണം വാർധക്യം അവർക്ക് പ്രയാസകരമായിരിക്കുന്നു എന്ന്. ഇത് വിഷാദരോഗത്തിന്റെയോ മറവി രോഗത്തിന്റെയോ ലക്ഷണമാകാം.

വാർധക്യത്തിലെത്തിയാൽ മക്കളിൽനിന്നും കുടുംബാംഗങ്ങളിൽ നിന്നും, തങ്ങൾ നല്ല കാലത്ത് നൽകിയ സ്നേഹം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നത് സ്വാഭാവികം. അതിൽ നിന്ന് നേർവിപരീത സമീപനമോ അവഗണനയോ ഉണ്ടാകുമ്പോൾ അവർ നിരാശയുടെ പടുകുഴിയിൽ വീഴും.

സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതാണ് മറ്റൊരു പ്രശ്നം. നിങ്ങൾക്ക് അവിടെ അടങ്ങിയിരുന്നൂടെ എന്ന പറച്ചിൽപോലും അവരെ മാനസ്സികമായി തളർത്തും. പഴയപോലെ പുറത്തിറങ്ങാനും ചങ്ങാതിമാരെ കാണാനും സംസാരിക്കാനുമെല്ലാമുള്ള ആഗ്രഹം അവർക്ക് അടക്കിനിർത്തേണ്ടിവരും. ഇതൊക്കെ വാർധക്യ സഹജമല്ലേ എന്ന തോന്നൽ മാറ്റി അവർക്ക് കരു തലും പരിഗണനയും നൽകണം.

ഡോക്ടറെ കാണിക്കുകയും മരുന്നു വാങ്ങി നൽകുകയും മരുന്ന് കഴിക്കാൻ നിർബന്ധിക്കുകയും വേണം. അവരുടെ ഓരോ കാര്യത്തിലും ജാഗ്രതയോടെയാണ് ​പ്രവർത്തിക്കുന്നതെന്ന് ബോധ്യപ്പെടുത്താൻ മക്കൾക്കും കുടുംബാംഗങ്ങൾക്കുമെല്ലാം കഴിയണം. ഈ പരിഗണന അവർക്ക് വലിയ സന്തോഷവും ഉന്മേഷവും നൽകും.

അവരെ കേൾക്കാൻ സമയം കണ്ടെത്തണം. സംസാരിക്കണം, പ്രയാസങ്ങൾ ചോദിച്ചറിയണം. ഒറ്റപ്പെട്ടു എന്ന തോന്നൽ അവരിലുണ്ടാകുന്ന വിധത്തിലുള്ള ഒരു പെരുമാറ്റവും വീട്ടുകാരിൽ നിന്നുണ്ടാകരുത്. ചേർത്തുപിടിക്കാൻ, താങ്ങാൻ ആളുണ്ടെന്ന ഉറപ്പുമാത്രം മതി വാർധക്യത്തെ സന്തോഷഭരിതമാക്കാൻ.

Tags:    
News Summary - Companions should make old age enjoyable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.