മനുഷ്യനും തേനീച്ചയും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ ഇഴ മുറുക്കുകയാണ് റിയാദ്. ഒഴിഞ്ഞ കൈകളുമായി വരുന്ന അഭയാർഥികൾക്ക് ഒരു മധുരപാത കൂടി ആവുകയാണയാൾ
സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ തന്റെ ബാൽകണിയിൽനിന്ന് മാടപ്രാവുകൾക്ക് ധാന്യം നൽകുകയായിരുന്നു തേനീച്ച കർഷകനും ഗവേഷകനുമായ ഡോ. റിയാദ് അൽസൂസ്. ബാൽകണിയുടെ കൈവരികളിലേക്കും ധാന്യം നിറഞ്ഞ ഡോ. റിയാദിന്റെ കൈകളിലേക്കും പ്രാവുകൾ മാറി മാറി പറന്നുകൊണ്ടേയിരുന്നു. പൊടുന്നനെ കെട്ടിടത്തെ വിറപ്പിച്ചുകൊണ്ട് കാതടിപ്പിക്കുന്ന ശബ്ദത്തോടെ മിസൈലൊരെണ്ണം അരികിൽ വീണ് പൊട്ടി. പ്രാവിൻകൂട്ടം പരിഭ്രാന്തമായി ഡമസ്കസിന്റെ ആകാശത്തേക്ക് ചിറകടിച്ചുയർന്നു. പ്രക്ഷുബ്ധമായ ആകാശത്തെ ശാന്തിയുടെ ഇല്ലാച്ചില്ല തേടി അവ അലഞ്ഞു. പ്രാവുകൾക്ക് ഇതൊരു പതിവായിരിക്കുന്നു, ഡോ. റിയാദിനും.
സിറിയൻ ആഭ്യന്തര യുദ്ധം കൊടുമ്പിരികൊള്ളുന്ന 2013 ആണ് വർഷം. യുദ്ധം അതിന്റെ സകല ഭീകരതയോടെയും പത്തിവിടർത്തിയാടുകയാണ് റിയാദിന് ചുറ്റും. ഡമസ്കസ് നഗരം ഏതാണ്ട് നിലംപരിശായിരിക്കുന്നു. ഡമസ്കസ് സർവകലാശാല കാർഷിക വകുപ്പിലെ പ്രഫസറായ ഡോ. റിയാദിന്റെ ഫ്ലാറ്റ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ രണ്ടുതവണയാണ് ബോംബ് വീണത്. വലിയ വലിയ സ്ഫോടനങ്ങളുടെ ശബ്ദം കേട്ട് കാതുകൾ അടഞ്ഞുപോയിരിക്കുന്നു. തേനീച്ചകളെ തന്റെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഡോ. റിയാദിന്റെ തേനീച്ചക്കോളനികളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. 500ലേറെ തേനീച്ചക്കൂടുകളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഓരോ വർഷവും 10 ടണ്ണിന് അടുത്ത് തേനാണ് അദ്ദേഹം ഉൽപാദിപ്പിച്ചിരുന്നത്. അതെല്ലാം യുദ്ധം കൊണ്ടുപോയി. തേനീച്ചയിലുള്ള ഗവേഷണമാകട്ടെ, യുദ്ധത്തിന്റെ അനന്തരഫലമായ പരിസ്ഥിതി മലിനീകരണത്താൽ നിലച്ചിട്ട് മാസങ്ങളായി. സർവകലാശാലയിലെ ഉദ്യോഗത്തിനൊപ്പം തേൻ അധിഷ്ഠിത സൗന്ദര്യവർധക വസ്തുക്കളുടെയും മറ്റു തേനുൽപന്നങ്ങളുടെയും വ്യാപാരം നടത്തുന്ന കമ്പനിയും അദ്ദേഹത്തിനുണ്ടായിരുന്നു. യുദ്ധം അതിനെയും തകർത്തു.
പലായനം
ജീവൻ പണയംവെച്ച് ഇനിയും ഈ നഗരത്തിൽ കഴിയാനാകില്ല. ഡോ. റിയാദ് ഉറപ്പിച്ചു. പക്ഷേ, ഒരു പ്രശ്നം. എത്രയോ വർഷങ്ങളായി ഈ പറവകൾക്ക് ഡോ. റിയാദ് ധാന്യം നൽകുന്നു. അവക്കിനി ആരു തീറ്റ നൽകും. അവയെങ്ങോട്ട് പോകും. തീമഴ പെയ്യുന്ന ആകാശത്തിൽ അവ അനാഥമായിപ്പോകുമോ. എല്ലാം കെട്ടിപ്പെറുക്കിയെടുത്ത് പുറപ്പെടാൻ നേരം ഒരു കപ്പ് പുതിന ചായയുമെടുത്ത് ഡോ. റിയാദ് തന്റെ ബാൽകണിയിലെത്തി. ജീവിതത്തിൽ ഏറ്റവും ആസ്വദിച്ചിരുന്ന ഇടവും പ്രവൃത്തിയും ഇതാ നഷ്ടമാകാൻ പോകുന്നു. ബാൽകണിയിൽനിന്ന് മടങ്ങുേമ്പാൾ ഡോ. റിയാദ് ഫ്ലാറ്റിന്റെ ജാലകവാതിൽ തുറന്നുവെച്ചു, പറവകൾക്ക് അകത്തേക്ക് പറന്നുവരാൻ പാകത്തിൽ. അടുക്കളയിലെ കബോർഡുകൾ തുറന്നിട്ടു, അവയിലെ ബാക്കിയായ ആഹാരസാധനങ്ങൾ പറവകൾക്ക് കഴിക്കാനായി. ഡോ. റിയാദ് പടിയിറങ്ങിയ നിമിഷം മുതൽ ആകാശത്തിലെ പറവകൾക്ക് ഒരു വീടായി. അവർക്കവിടെ പാർക്കാം, വയറുനിറയെ കഴിക്കാം, മുട്ടയിടാം, വിരിയിക്കാം...
ആകാശപ്പറവകളുടെ വീട്
അഞ്ചുവർഷം കഴിഞ്ഞു. അപ്പോഴേക്കും ഡോ. റിയാദ് ബ്രിട്ടനിൽ രാഷ്ട്രീയ അഭയം തേടിയിരുന്നു. തന്റെ വീട് ഇപ്പോൾ എങ്ങനെയുണ്ട് എന്നു കാണാൻ അദ്ദേഹത്തിന് മോഹം കലശലായി. പഴയ അയൽവാസിയെ വിളിച്ച് തന്റെ ഫ്ലാറ്റിന്റെ ചിത്രമെടുത്ത് മൊബൈലിൽ അയച്ചുതരാൻ അഭ്യർഥിച്ചു. ചിത്രങ്ങൾ കണ്ട് ഡോ. റിയാദിന്റെ കണ്ണും ഹൃദയവും നിറഞ്ഞു. പറവക്കൂടുകളാൽ വീട് നിറഞ്ഞിരിക്കുന്നു. അടുക്കളയിൽ, കിടപ്പുമുറിയിൽ, കബോർഡിനുള്ളിൽ, എന്തിന് ഉപേക്ഷിച്ചുപോന്ന പഴയൊരു ഷൂസിനുള്ളിൽ വരെ പ്രാവിൻ കൂടുകൾ. ഡോ. റിയാദിന്റെ മനോഹരമായ നഗരം നശിപ്പിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ഫ്ലാറ്റിലാകട്ടെ, ജീവിതം അതിന്റെ സകല വർണങ്ങളോടെയും തളിർത്തുനിൽക്കുന്നു.
ബ്രിട്ടനിലെത്തിയ ആദ്യ വർഷങ്ങളിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയായിരുന്നു ഡോ. റിയാദ്. പല പല ജോലികൾക്ക് ശ്രമിച്ചു. ഉന്നതബിരുദവും ഡോക്ടറേറ്റും സീനിയോറിറ്റിയുമൊക്കെയുള്ള അദ്ദേഹത്തെ 'ഒാവർ ക്വാളിഫൈഡ്' എന്നു പറഞ്ഞ് പലരും നിരസിച്ചു. പിന്നീട് അറിയാവുന്ന തൊഴിലായ തേനീച്ച കൃഷിയിലേക്ക് തിരിയാൻതന്നെ അദ്ദേഹം തീരുമാനിച്ചു. പക്ഷേ, വലിയൊരു തേനീച്ച കോളനി സ്വന്തമാക്കാനുള്ള സാമ്പത്തിക ശേഷിയില്ല. ആരെങ്കിലും തനിക്കൊരു തേനീച്ചക്കൂട് സൗജന്യമായി തരുമോ എന്ന് ഫേസ്ബുക്കിൽ കുറിപ്പിട്ടു. ഒരേയൊരു കൂട് മാത്രം മതിയായിരുന്നു റിയാദിന് എല്ലാം തുടങ്ങാൻ. ദിവസങ്ങളോളം കാത്തിരുന്നു. ഒരു പ്രതികരണവും ഉണ്ടായില്ല. റിയാദ് നിരാശനായി. പക്ഷേ, മൂന്നാഴ്ച കഴിഞ്ഞ്, 2015 സെപ്റ്റംബറിലെ ഒരു പ്രസന്നമായ ദിവസം റിയാദിന്റെ ജീവിതത്തെ മാറ്റിമറിച്ചു. അന്നുരാവിലെ ഫേസ്ബുക്ക് മെസഞ്ചറിൽ ഒരു സേന്ദശം വന്നു കിടക്കുന്നുണ്ടായിരുന്നു. മാഞ്ചസ്റ്ററിൽനിന്നുള്ള ഒരു വനിതയുടെതാണ് മെസേജ്. സജീവമായൊരു തേനീച്ചക്കൂട് സമ്മാനിക്കാൻ അവർക്ക് താൽപര്യമുണ്ടത്രേ. അത്ഭുതം അവിടെയും തീർന്നില്ല. ബ്രിട്ടനിൽ വംശനാശത്തിന്റെ വക്കിലെത്തിയ വിശിഷ്ട ഇനമായ 'ബ്രിട്ടീഷ് ബ്ലാക്ക് ബീ'യുടെ കോളനിയാണ് അവർ നൽകുന്നത്.
ആ ഒന്നാമത്തെ തേനറയെ അധികം വൈകാതെ അദ്ദേഹം ഏഴായി വിഭജിച്ചു. തനിക്ക് കിട്ടിയതൊരു അമൂല്യ നിധിയായിരുന്നുവെന്ന് ഡോ. റിയാദ് ഇന്ന് ഒാർക്കുന്നു. പിന്നാലെ യോർക്ഷയറിലെ ഹഡ്ഡർസ്ഫീൽഡിലെ ബീ കീപ്പർ അസോസിയേഷനിൽ ഒരു വളന്‍റിയറായി ചേർന്നു. റിയാദിന്റെ തേനീച്ച സാമ്രാജ്യം വളർന്നുകൊണ്ടേയിരുന്നു. റീസൈക്കിൾ ചെയ്ത വസ്തുക്കളാൽ പടുത്തുയർത്തിയ 17 തേനറകളുടെ ഉടമയാണിന്ന് ഡോ. റിയാദ്.
ആലംബമേതുമില്ലാതെ ബ്രിട്ടനിലേക്ക് വരുന്ന അഭയാർഥികളെ സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുന്ന ഒരു ജീവകാരുണ്യ പദ്ധതിയുടെ ഉപജ്ഞാതാവുകൂടിയാണ്. തേനീച്ച കൃഷി വഴി വരുമാനം കെണ്ടത്താൻ അഭയാർഥികളെ സഹായിക്കുന്ന ബസ്സ് േപ്രാജക്ട് (Buzz Project) ഇന്ന് ബ്രിട്ടനിലെങ്ങും അറിയുന്ന നിലയിലേക്ക് വളർന്നിരിക്കുന്നു.
ബീകീപ്പർ ഒാഫ് അലപ്പോ
വിശാലമായൊരു ജൈവ വൈവിധ്യ സംരംഭമാണ് ബസ്സ് പ്രോജക്ടെന്ന് ഡോ. റിയാദ് പറയുന്നു. അസുഖകരമായ കാരണങ്ങളാൽ പിറന്നനാട് ഉപേക്ഷിക്കേണ്ടിവരുന്ന അഭയാർഥികൾക്ക് അന്യമായ ദേശങ്ങളിൽ വേരുറപ്പിക്കാൻ അത് സഹായിക്കുന്നു. മനുഷ്യനും തേനീച്ചയും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള ബന്ധത്തിന്റെ ഇഴമുറുക്കുന്നു. ഒഴിഞ്ഞ കൈകളുമായി വരുന്ന അഭയാർഥികൾക്കായി ജീവിത സമൃദ്ധിയുടെ മധുരപ്പാത തുറക്കുന്നു. സിറിയ, സുഡാൻ, കുർദിസ്താൻ, തുർക്കി എന്നിവിടങ്ങളിൽനിന്നുള്ള 30ലേറെ അഭയാർഥികളെ ഡോ. റിയാദ് ഇതിനകം തേനൊഴുകുന്ന വഴികളിലേക്ക് കൈപിടിച്ച് നടത്തിയിരിക്കുന്നു.
സൈപ്രസ് അഭയാർഥി ദമ്പതികളുടെ മകളായ ബ്രിട്ടീഷ് നോവലിസ്റ്റ് ക്രിസ്റ്റി ലെഫ്തേരിയുടെ 'The Beekeeper of Aleppo' എന്ന ബെസ്റ്റ് സെല്ലർ നോവലിന് പ്രചോദനമായതും ഡോ. റിയാദിന്റെ ജീവിതമാണ്. ഡോ. റിയാദാണ് നോവലിലെ പ്രധാന കഥാപാത്രമായ മുസ്തഫ. 2019ൽ പുറത്തിറങ്ങിയ നോവൽ അഞ്ചുലക്ഷത്തിലേറെ കോപ്പികളാണ് ഇതിനകം വിറ്റത്. നിരവധി അവാർഡുകളും കരസ്ഥമാക്കി.
(കടപ്പാട്: UNHCR, The Guardian, The Beekeeper of Aleppo)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.