ലോകം ഒരു സാൻഡ് ക്ലോക്കുപോലെ കീഴ്മേൽ മറിഞ്ഞുകൊണ്ടിരിക്കുമ്പോഴും യാത്രകളെ മാത്രം കൂടെക്കൂട്ടിയ ഒരാൾ. ലോകസഞ്ചാരി, മാധ്യമപ്രവർത്തകൻ, ലേബർ ഇന്ത്യ പബ്ലിഷർ, സഫാരി ചാനലിന്‍റെ ഉടമ എന്നതിനപ്പുറം ഇന്ത്യയിലെ, കേരളത്തിലെ ആദ്യ ബഹിരാകാശ വിനോദസഞ്ചാര യാത്രികരിലൊരാൾ -മരങ്ങാട്ടുപള്ളിക്കാരൻ സന്തോഷ് ജോർജ് കുളങ്ങര. പുതുവർഷത്തിൽ പുതിയ പ്രതീക്ഷകളോടെയാണ് സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം. ഇൗ ലോകസഞ്ചാരി ഒരു വിശ്വസഞ്ചാരിയാകാനുള്ള ഒരുക്കത്തിലാണ് ഇന്ന്. ഒപ്പം കേരളത്തിന്‍റെ വികസന മാതൃകയിൽ മാറ്റങ്ങൾക്ക് തുടക്കമിടാൻ കഴിയുന്ന സംസ്ഥാന ആസൂത്രണ ബോർഡ് അംഗവും. കോവിഡ് മഹാമാരിക്കൊപ്പം, അല്ലെങ്കിൽ കോവിഡിന് ശേഷമുള്ള പുതുവർഷത്തെക്കുറിച്ച് പുതിയ പ്രതീക്ഷകളെക്കുറിച്ച് ആ ലോകസഞ്ചാരി സംസാരിക്കുന്നു...
ഓരോ പ്രശ്നങ്ങൾക്കും മനുഷ്യൻതന്നെ പരിഹാരം കാണുന്ന ലോകത്തിലാണ് ഇപ്പോൾ നമ്മൾ. പോയ വർഷങ്ങളേക്കാൾ നമ്മുടെ ജീവിത സാഹചര്യങ്ങളും സൗകര്യങ്ങളുമെല്ലാം മാറി. പടിപടിയായി മെച്ചപ്പെട്ട ജീവിതം നമ്മുടെ മുന്നിലെത്തി. സാേങ്കതിക വിദ്യ ഉൾപ്പെടെ ഒട്ടനവധി കാര്യങ്ങളിൽ നമുക്ക് മുന്നേറാനായി. ഒാരോ മാറ്റവും പോസിറ്റിവായാണ് ഞാൻ കാണുന്നത്. കോവിഡ് മാഹാമാരി നാശം വിതച്ചിട്ടും അതിന് വാക്സിൻ അതിവേഗം വികസിപ്പിക്കാൻ നമുക്ക് കഴിഞ്ഞു. പണ്ടുണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് േകട്ടും വായിച്ചുമുള്ള അറിവ് മാത്രമേ നമുക്കുള്ളൂ. അവക്ക് മരുന്ന് കണ്ടുപിടിച്ചതോ വർഷങ്ങൾക്ക് ശേഷവും. അതിനാൽതന്നെ എന്തുകൊണ്ടും മെച്ചപ്പെട്ട ഒരു ലോകത്തിലാണ് നമ്മുടെ ജീവിതം. 2021നേക്കാൾ മികച്ചതായിരിക്കും 2022 എന്നുതന്നെയാണ് എന്‍റെ വിശ്വാസവും.
ആകാശത്തുനിന്ന് ഭൂമിയിലേക്ക്
ഇന്ത്യയിലെ ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയാകുന്നതിലാണ് ഏറ്റവും കൗതുകം. അകലെനിന്ന് ഭൂമിയെ കാണുക എന്ന് ആലങ്കാരികമായി പറയുമെങ്കിലും ഭൂമിയിലെപ്പോലെ ബഹിരാകാശ യാത്ര അത്ര രസകരമോ ആസ്വാദ്യകരമോ ആയിരിക്കില്ല. ഭൂമിയിലെ യാത്ര തന്നെയാകും മനോഹരം. യാത്രക്ക് മുമ്പ് നടത്തിയ പരിശീലനങ്ങളും യാത്രയുടെ ഒാരോ ഘട്ടങ്ങളുമാണ് 'ആകാശത്തുനിന്ന് ഭൂമിയെ കാണുക' എന്നതിനപ്പുറം എന്നെ ആവേശഭരിതനാക്കുന്നത്.
ബഹിരാകാശ യാത്രക്കായുള്ള പരിശീലനം നേരത്തേതന്നെ പൂർത്തിയായിരുന്നു. ആദ്യത്തേത് സീറോ ഗ്രാവിറ്റി പരിശീലനമായിരുന്നു, അതുതന്നെയായിരുന്നു ഏറെ ശ്രമകരവും -ബഹിരാകാശത്തെ ഭാരരഹിതമായ അവസ്ഥയെ ഭൂമിയിൽ നിന്നുതന്നെ അനുഭവിക്കുക. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലായിരുന്നു ഈ പരിശീലനം. ബഹിരാകാശത്തേക്ക് പോകുമ്പോഴും വരുമ്പോഴും ഭാരം ഇരട്ടിയാകും. ഈ അവസ്ഥ അനുഭവിക്കുകയെന്നതായിരുന്നു മറ്റൊന്ന്. ഒരു മനുഷ്യ ശരീരത്തിന്‍റെ എട്ടിരട്ടിയോളം ഭാരമുണ്ടാകും ഈ സമയം. ഫിലാഡൽഫിയയിലെ നാസ്റ്റാർ സെന്‍ററിലായിരുന്നു ഈ പരിശീലനം. മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി യാത്രയുടെ ഓരോ ഘട്ടവും കാമറ കണ്ണുകളിൽ പതിപ്പിക്കണമെന്ന ലക്ഷ്യവും എനിക്കുണ്ട്.
എനിക്ക് മുമ്പും ശേഷവും ഞാൻ പോയ നാടുകളിലൂടെ സഞ്ചരിച്ച ഒത്തിരി മലയാളികളുണ്ട്. ഒരിക്കലും എനിക്ക് മാത്രം കാണാൻ കഴിയുന്നവയല്ല സഞ്ചാരത്തിലൂടെ വിവരിക്കുന്നത്. അവരുടെ ഫോക്കസ് ചിലപ്പോൾ മറ്റൊന്നായിരിക്കാം. ഞാൻ സ്വയം അറിയുന്നതിനും മറ്റുള്ളവരെ അറിയിക്കുന്നതിനും പല വഴികൾ തേടിയിറങ്ങി. യൂറോപ്പിലൂടെയോ ജപ്പാനിലൂടെയോ സഞ്ചരിക്കുമ്പോൾ വിചിത്രമായ ഒരു കെട്ടിടം അല്ലെങ്കിൽ ഒരു പാലം കണ്ടെങ്കിൽ ഈ ശൈലിയിൽ നിർമിക്കാനുണ്ടായ കാരണം ഞാൻ അന്വേഷിക്കും. അതിന്‍റെ വിശദാംശങ്ങൾക്കായി ഗവേഷണം നടത്തും. സഞ്ചാരത്തിൽ ഓരോ കാഴ്ചകളിലും കണ്ണു പതിപ്പിക്കും. കാണുന്നതെന്താണെന്ന് പഠിക്കും. അപ്പോൾ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായിരിക്കും ഓരോ സഞ്ചാരവും.
ഇന്ന് കോട്ടയത്തുനിന്ന് എറണാകുളം പോകുന്നതിനേക്കാൾ എളുപ്പമാണ് അമേരിക്ക വരെ പോയിവരാൻ. ടെക്നോളജിയുടെ വികസനമാണ് അതിന്‍റെ കാരണം. 24 മണിക്കൂർ സമയം നമുക്കുണ്ടെങ്കിൽ ലോകത്ത് എവിടേക്കും എപ്പോൾ വേണമെങ്കിലും യാത്ര ചെയ്യാനുള്ള സൗകര്യം ഇന്ന് ലഭ്യമാണ്. എന്നാൽ, വർഷങ്ങൾക്ക് മുമ്പ് ഓരോ യാത്രക്കും മാസങ്ങൾക്കു മുമ്പുതന്നെ ഒരുക്കങ്ങൾ നടത്തണമായിരുന്നു. ഒരറിവും ഇല്ലാത്ത, ഒരു മുൻപരിചയവും ഇല്ലാത്ത നാട്ടിലേക്ക്, തിരിച്ചുവരുമോ എന്നുപോലും അറിയാതെ വളരെ വിലപിടിച്ച കാമറയുമായി പോകുന്നു. ഇങ്ങനെ പോകുമ്പോൾ എല്ലാ വഴിയിലും പൊലീസുകാരും കസ്റ്റംസുകാരുമുണ്ടാകും. അവരോട് ഉത്തരം പറയണം. അന്ന് അവർക്കുനൽകാൻ കൃത്യമായ ഒരു വിലാസം പോലുമില്ല. ഇന്നാണെങ്കിൽ സഫാരി ചാനലിനെക്കുറിച്ച് പറയാം. ഒരു യുട്യൂബ് ചാനലുണ്ടെന്ന മറുപടി പറയാം. അന്ന് കേരളത്തിലെ ഒരു ചാനലിൽ ആഴ്ചയിലൊരിക്കൽ സഞ്ചാരം ചെയ്യുന്നുണ്ടെന്ന് പറഞ്ഞാൽ അമേരിക്കയിലെ ഏതു പൊലീസുകാരന് മനസ്സിലാകും!
ഓരോ യാത്രകളും ഓരോ അനുഭവങ്ങളുടെ മാലയാണ്. ഒരു സ്യൂട്ട്കേയ്സ് വാങ്ങാൻ പോകുന്നതുപോലും ഒരു പുതിയ അനുഭവമാകും. അതിലും ഒരു കഥ പറയാൻ ഉണ്ടാകും. സഞ്ചാരത്തിൽ അവയും ഒരു കഥപറച്ചിലാകും. ഒരു സ്ഥലം കാണുന്നതോ കെട്ടിടം കാണുന്നതോ മാത്രമല്ല യാത്രയെന്ന് മനസ്സിലാക്കണം. ആ സ്ഥലത്തേക്ക് എത്തുന്ന എല്ലാ ചവിട്ടുപടികളും കൂടിച്ചേർന്നതായിരിക്കും യാത്രാനുഭവം. അതിൽ വേദനകളോ, അത്ഭുതങ്ങളോ ഞെട്ടലുകളോ ഉണ്ടായേക്കാം. ഇതെല്ലാം ഒരു കഥപോലെ ഓർത്തിരിക്കുകയും ചിത്രീകരിക്കുകയും ചെയ്യണം. വാക്കുകൾകൊണ്ട് വിവരിച്ചു നൽകിയാൽ അതൊരിക്കലും സഞ്ചാരമാകില്ല. എല്ലാ അനുഭവങ്ങളും ഒരു കഥയായി പറഞ്ഞുകൊണ്ടേയിരിക്കണം. കഥയായി പറയണമെങ്കിൽ അതിൽ സത്യമുണ്ടാകണം. ലോകത്ത് എല്ലാവർക്കും എവിടെനിന്നും ഈ ഞാൻ പറഞ്ഞെതല്ലാം നേരാണോ നുണയാണോ എന്ന് അന്വേഷിക്കാൻ കഴിയുമെന്ന് അറിഞ്ഞിരിക്കണം. അതിനാൽ വെറുതെ ഒന്നും പറയാൻ കഴിയില്ല, യഥാർഥ സംഭവങ്ങളായിരിക്കണം ഓരോ കഥകളും.
മാധ്യമപ്രവർത്തനമാണ് എന്‍റെ പ്രഫഷൻ. അതിൽതന്നെ യാത്രയായിരിക്കണം പ്രധാന ഫോക്കസ് എന്നായിരുന്നു കടുത്ത തീരുമാനം. താൽപര്യം അതായതിനാൽതന്നെ ആസ്വദിച്ച് ചെയ്യാൻ കഴിയും. ഇഷ്ടമില്ലാത്ത ഒരു ജോലിയും ചെയ്യാതിരിക്കുക. ആസ്വദിച്ച് ചെയ്യാൻ കഴിയുന്നതുകൊണ്ടാണ് ഒരു ജോലിതന്നെ ഇത്രയും വർഷമായി ചെയ്യാൻ കഴിയുന്നതും. അങ്ങനെ നമ്മൾ ആസ്വദിച്ച് ചെയ്യുന്ന ജോലി, ഒത്തിരിപേരെ ആസ്വദിപ്പിക്കുന്നുണ്ടെന്ന് തിരിച്ചറിയും. ഒരു പാചകക്കാരന് അദ്ദേഹം ഉണ്ടാക്കിയ ഭക്ഷണത്തോട് താൽപര്യം തോന്നിയാൽ മാത്രമേ കഴിക്കുന്നവർക്കും അവ ഇഷ്ടമാകൂ. ഇൗ യാത്രകളെല്ലാം വളരെ ആസ്വദിച്ചാണ് ഞാൻ നടത്തുന്നത്, അതു മറ്റുള്ളവർ ആസ്വദിക്കുമെന്ന് എനിക്കറിയാം. പുതിയ തലമുറകൾ അതിൽ സ്വഭാവികമാകും ആകൃഷ്ടരാകും. ഒരു മരങ്ങാട്ടുപള്ളിക്കാരൻ സന്തോഷ് ജോർജിന് പോകാമെങ്കിൽ കേരളത്തിൽനിന്നുള്ള ആർക്കും പോകാമെന്ന ചിന്ത ആളുകളിലുണ്ടാകും. അത് സ്വാഭാവികമായും സംഭവിച്ചു. എത്രയോ ആളുകൾ ഇന്നത്തെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി എത്രയോ യാത്രകൾ ചെയ്യുന്നു. ആളുകളെ ബന്ധിപ്പിക്കാൻ സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ ഒരു കാരണമായി. ഇന്ന് ഒരു രാജ്യത്തെത്തിയെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താൽ ആളുകൾ അവിടെ സ്വീകരിക്കാനായി കാത്തുനിൽക്കും. പണ്ട് ലണ്ടനിൽപോയാൽ പോലും ഏത് മലയാളിയാണ് ഇവിടെയുള്ളതെന്ന് പോലും അറിയില്ല. നമ്മൾ പോകുന്നതോ വരുന്നതോ അവർ അറിയില്ല. സഹായിക്കാനും ആരും കാണില്ല.
സംതൃപ്തിയില്ലാത്ത ഒരു ജോലിയും ഞാൻ ചെയ്യാറില്ല. അതിൽ ലാഭമോ നഷ്ടമോ ഒന്നും ചിന്തിക്കാറില്ല. സഫാരി ചാനൽ നടത്തുന്നതുതന്നെ വലിയ ലാഭം മുന്നിൽ കണ്ടുകൊണ്ടായിരുന്നില്ല. സഞ്ചാരം തുടങ്ങുമ്പോൾ പരിപാടി അവതരിപ്പിക്കാൻ ഒരു പ്ലാറ്റ്ഫോം ലഭിച്ചത് മാത്രമായിരുന്നു ആശ്വാസം. വരുമാനം ഉണ്ടായിരുന്നില്ല. അതെല്ലാം വെല്ലുവിളിയായി ഏറ്റെടുക്കാനായിരുന്നു എനിക്കിഷ്ടം. ലക്ഷക്കണക്കിന് കുട്ടികളിലേക്ക് എത്തുന്ന ലേബർ ഇന്ത്യ എന്ന പുസ്തകത്തിന്‍റെ പബ്ലിഷർകൂടിയാണ് ഞാൻ. കുട്ടികളോട് സംവദിക്കാൻ കഴിയുകയെന്നതല്ലേ അതിലും വലിയ സന്തോഷം.
കേരളത്തിൽ നിലവിൽ 21ാം നൂറ്റാണ്ടിലെ കുട്ടികളും പതിനെട്ടാം നൂറ്റാണ്ടിലെ പാഠ്യപദ്ധതിയുമാണ്. ഇന്ത്യയൊട്ടുക്കും ഇതേ അവസ്ഥതന്നെ. മനുഷ്യനെ മനുഷ്യനായി ജീവിക്കാൻ പറ്റുന്ന, ജീവിതത്തിൽ വിജയിക്കാൻ പറ്റുന്ന, നല്ല പൗരനാക്കി, പൗരബോധം നൽകിയാണ് സ്കൂളുകളിൽനിന്ന് പുറത്തേക്ക് വിടേണ്ടത്. റോഡിൽ പാലിക്കേണ്ട മര്യാദകൾ മുതൽ പൊതുസ്ഥലങ്ങളിൽ ഇടപെടേണ്ട, മറ്റുള്ളവരോട് പെരുമാറുന്ന രീതികൾ വരെ ചെറുപ്പം മുതൽ പഠിപ്പിക്കണം. എന്നാൽ, നിത്യജീവിതത്തിൽ പാലിക്കേണ്ട ഇൗ മര്യാദകളൊന്നും സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നില്ല. 18 വർഷത്തോളം കുട്ടികളെ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന് വിട്ടുനൽകുകയാണ് ഇവിടെ. ഇത്രയും വർഷങ്ങൾക്ക് ശേഷം കുട്ടി പഠിച്ചിറങ്ങുമ്പോൾ അവരുടെ ജീവിത വിജയത്തിനുവേണ്ട ഏതു സിലബസാണ് പഠിപ്പിച്ചുനൽകുന്നത്? ഒന്നും നൽകുന്നില്ല. ഫസ്റ്റ് റാങ്കുകളും ഗ്രേഡുകളും എ പ്ലസുമല്ല ജീവിതമെന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം. അവരുടെ കഴിവുകൾ കണ്ടെത്തണം. പത്താം ക്ലാസ് കഴിയുേമ്പാഴേക്കും കുട്ടിക്ക് ഒരു പ്രത്യേക മേഖലയിൽ ഭംഗിയായി പ്രവർത്തിക്കാനുള്ള കഴിവുണ്ടെന്ന് സർട്ടിഫിക്കറ്റ് മാത്രം കൊടുത്താൽ മതിയാകും. ഉന്നതപഠനത്തിന് ഇൗ മേഖലകൾ കുട്ടികൾ തിരഞ്ഞെടുക്കെട്ട. അതായിരിക്കണം വിദ്യാഭ്യാസം.
കേരളം 100 ശതമാനം സാക്ഷരത നേടി എന്ന അഭിമാന വാക്യത്തിന് ഒരു പ്രസക്തിയുമില്ല. അക്ഷരം എഴുതാനുള്ള അറിവാണ് സാക്ഷരത. അക്ഷരം ആരെയും പരിശീലിപ്പിച്ചാൽ എഴുതാൻ കഴിയും. ദീർഘകാലം ഒരു കുരങ്ങനെ പരിശീലിപ്പിച്ചാൽ അവർ അക്ഷരം എഴുതും. സർകസിലും മറ്റും ആനകൾ എഴുതുന്നത് കണ്ടിട്ടില്ലേ... ഇതിനെ വിദ്യാഭ്യാസം എന്ന് വിളിക്കാൻ സാധിക്കുമോ? കേരളത്തിൽ നിരവധി പേർ വിദേശത്ത് ജോലിചെയ്യുന്നു. അതൊരു നല്ല കാര്യമായാണ് പലരും കണക്കാക്കുന്നതും. ആളുകൾക്ക് നമ്മുടെ നാട്ടിൽ ജോലിചെയ്ത് മാന്യമായ വരുമാനം നേടി ജീവിക്കാൻ സാഹചര്യമൊരുക്കുന്നതല്ലേ ഏറ്റവും മികച്ച കാര്യം. മറിച്ചാണെങ്കിൽ അമേരിക്കയിലെയും യൂറോപ്പിലെയും ആളുകൾ വിദേശങ്ങളിൽപോയി ജോലിചെയ്യണ്ടേ? ഇന്ത്യയിലേക്ക് ഏത് അന്യരാജ്യത്തുനിന്നാണ് ആളുകൾ എത്തുന്നത്? കേരളത്തിൽ ജോലിചെയ്യുന്ന ബംഗാൾ സ്വദേശിയോട് മലയാളിക്ക് തോന്നുന്ന അതേ വികാരമാണ് മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളോട് അവർക്ക് തോന്നുന്നതും. മാറണം, മാറ്റം വേണം. അതിന് എന്തുചെയ്യാൻ കഴിയുമെന്ന് ചിന്തിക്കണം.
ഒരു ആറിന്‍റെ തീരത്ത് നാലു ബോട്ടുകൊണ്ടുവെച്ചാൽ, ബോട്ട് ജെട്ടി പണിതുവെച്ചാൽ ടൂറിസമായിയെന്നാണ് രാഷ്ട്രീയ നേതൃത്വത്തിന്‍റെയും ഉദ്യോഗസ്ഥവൃന്ദത്തിന്‍റെയും പൊതുജനത്തിന്‍റെയും വിചാരം. ലോകം കണ്ടുകഴിഞ്ഞ് തിരിച്ചുവരുേമ്പാൾ ഇതൊന്നും പോരാ ടൂറിസത്തിനെന്ന് നമ്മൾ മനസ്സിലാക്കും. ലോകത്തെ ആകർഷിക്കാൻ വേണ്ടത് ശാസ്ത്രീയമായ പ്രവർത്തനങ്ങളാകണം. കേരളത്തിന് പുറത്തുള്ളവർ സംസ്ഥാനത്തേക്ക് വരുകയും അവരുടെ പണം ഇവിടെ ചെലവഴിക്കുകയും ചെയ്തെങ്കിൽ മാത്രമേ ടൂറിസത്തിന് വളർച്ചയുണ്ടാകൂ. അതിനായി സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന അടിസ്ഥാന സൗകര്യങ്ങളും കൗതുകമുള്ള പൈതൃകത്തിന്‍റെ അവതരണവും ഹെറിറ്റേജ് തെരുവുകളും ഭക്ഷണ തെരുവുകളും ആഘോഷിക്കാനുള്ള സൗകര്യങ്ങളും ഒരുക്കണം. കേരളത്തിന്‍റെ സംസ്കാരം പാലിക്കാൻ കഴിയുന്നവർക്ക് മാത്രമേ കേരളത്തിലേക്ക് പ്രവേശനമുള്ളൂവെന്നാണ് പലരും മുന്നോട്ടുവെക്കുന്ന നിബന്ധന. അതിനുശേഷം കേരള സംസ്കാരത്തെക്കുറിച്ച് അവർ പരീക്ഷ എഴുതാൻ പോകുന്നുണ്ടോ? വിശ്രമിക്കാനും ആഘോഷിക്കാനുമാണ് എല്ലാവരും യാത്ര ചെയ്യുന്നത്. ഒരു വിദേശി കേരളത്തിലേക്ക് ആഘോഷിക്കാൻ വന്നാൽ നമ്മൾ എന്താണ് നൽകുന്നതെന്ന് ചിന്തിച്ചുനോക്കൂ. അവർക്ക് സ്വസ്ഥമായി വിശ്രമിക്കാനും രാത്രിയിൽ ഭക്ഷണം കഴിക്കാനും ആളുകളുടെ തുറിച്ചുനോട്ടമില്ലാതെ ചിരിച്ചുല്ലസിച്ച് നടക്കാനും കഴിയുമോ? മാലിന്യമില്ലാത്ത, കൊതുകുകടിയില്ലാത്ത, ഒാട പൊട്ടിപ്പൊളിയാത്ത തെരുവുകളിലൂടെ രാത്രിയും പകലും നടക്കാൻ കഴിയുമോ? രാത്രിയിൽ ഭക്ഷണം കഴിക്കാൻ കഴിയുന്ന എത്ര തെരുവുകളുണ്ട്? അവർക്ക് ഷോപ്പിങ്ങിനായി തെരുവുകൾ ഒരുക്കണം. കേരളത്തിന്‍റെ സാംസ്കാരിക കലാപരിപാടികൾ ആസ്വദിക്കാൻ കഴിയണം. ഗ്രാമങ്ങൾ കാണണം. അതിലൂടെ സ്വസ്ഥമായി സൈക്കിളിൽ യാത്ര ചെയ്യാൻ കഴിയണം. പിറകിൽനിന്ന് വാഹനമിടിപ്പിച്ച് പോകാത്ത തെരുവുകളിലൂടെ സഞ്ചരിക്കാൻ കഴിയണം. ഇത്തരത്തിലുള്ള ടൂറിസം വികസനമായിരിക്കണം ഭാവിയിൽ കേരളം ലോകത്തിനു മുന്നിൽ ഒരുക്കേണ്ടതും അവതരിപ്പിക്കേണ്ടതും.
ലോകം കാണാത്തവർക്ക് മറ്റിടങ്ങളിലെ സംസ്കാരമോ അവരുടെ രീതികളോ അറിയാൻ സാധിക്കില്ല. വിദേശികളെ സ്വീകരിക്കുന്നതിനായി നമ്മൾ ഒരുക്കിയിരിക്കുന്ന റിസോർട്ടുകളുടെ അകം പോലും കാണാതെ അവർ വിമർശിക്കും. അമേരിക്ക, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളെക്കുറിച്ച് വിമർശിക്കാൻ മലയാളിക്ക് കഴിയും. എന്നാൽ, ഇവിടങ്ങളിലെ ജനങ്ങൾ യഥാർഥത്തിൽ എങ്ങനെയാണ് ജീവിക്കുന്നതെന്ന് നമ്മൾ അറിഞ്ഞിട്ടുണ്ടോ? അവർ സംതൃപ്തരാണോ എന്നന്വേഷിച്ചതിനു ശേഷം മാത്രം വിമർശിച്ചാൽ പോരെ? അമേരിക്കയിലെ പൗരന്മാർ അവർക്ക് ലഭ്യമാകുന്ന സൗകര്യങ്ങളിൽ സംതൃപ്തരാണെങ്കിൽ നമ്മൾ ഇവിടെനിന്ന് വിമർശിക്കേണ്ടതിന്‍റെ കാര്യമുണ്ടോ? ഇത്തരം വിമർശനങ്ങൾ ഉന്നയിച്ചതിന് ശേഷവും നമ്മുടെ മക്കളെയെല്ലാം കുടിയേറാൻ അങ്ങോട്ട് വിടുകയും െചയ്യും. മലയാളി എന്തിനെ വിമർശിക്കുന്നോ അതിന്‍റെ അർഥം കിട്ടാത്ത മുന്തിരി പുളിക്കുമെന്നത് മാത്രമാണ്. നമുക്ക് കിട്ടാത്ത എല്ലാത്തിനും പുളിയായിരിക്കും. പുതിയ തലമുറ വളരെ പോസിറ്റിവായി കാര്യങ്ങളെ കാണാൻ ശ്രമിക്കുന്നവരാണ്. എന്നാൽ, ഇതിൽ ഭൂരിഭാഗവും ഇനിയും മനോഭാവം മാറ്റേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.