പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഡോക്ടർ പരിചരണം എളുപ്പമാക്കുന്ന റോബോട്ടുകൾ രൂപകൽപന ചെയ്ത ഇമാറാത്തി ബാലന് അന്താരാഷ്ട്ര പുരസ്കാരം. 12കാരനായ അലി ഹുമൈദ് അൽ ലോഹാനിയാണ് ‘ഡോക്ടർ റോബോർട്ടി’ലൂടെ ശ്രദ്ധേയ നേട്ടം കൈവരിച്ചത്. കിടപ്പിലായ രോഗികൾക്കും ഭിന്ന ശേഷിക്കാർക്കും ആശുപത്രിയിൽ പോകാതെ തന്നെ ‘ഡോക്ടർ റോബോട്ടുകൾ’ വീട്ടിൽ ചികിത്സ ലഭ്യമാക്കും. ശരീരത്തിൽ ഘടിപ്പിക്കുന്ന കേബിളുകൾ വഴി രോഗിയുടെ ഹൃദയമിടിപ്പ്, രക്ത സമ്മർദം, ശരീരോഷ്മാവ് എന്നിവ റോബോട്ടുകൾ റെകോഡ് ചെയ്ത ശേഷം ഈ വിവരങ്ങൾ ക്ലൗഡിൽ സൂക്ഷിക്കുകയാണ് ചെയ്യുക.
തുടർന്ന് അലി ഹുമൈദ് തന്നെ നിർമിച്ച വെബ്സൈറ്റ് വഴി ഡോക്ടർക്ക് ഈ വിവരങ്ങൾ പരിശോധിക്കാനും യഥാസമയം ചികിത്സ നിർദേശിക്കാനും സാധിക്കും. രോഗിയുടെ ആരോഗ്യ വിവരങ്ങൾ വെബ്സൈറ്റിലൂടെ ഏത് സമയത്തു വേണമെങ്കിലും പരിശോധിക്കാൻ സാധിക്കുന്നതിനാൽ അടിയന്തര സാഹചര്യങ്ങളിൽ മുന്നറിയിപ്പുകൾ സ്വീകരിക്കാനും വേഗത്തിൽ ചികിത്സ ലഭ്യമാക്കാനും സാധിക്കുമെന്നാണ് അലി ഹുമൈദ് പറയുന്നത്. ആശുപത്രി സന്ദർശനത്തിലൂടെ വരുന്ന ഭാരിച്ച ചെലവും ഇതു വഴി കുറക്കാനാവും.
ഷാർജ അമേരിക്കൻ സ്കൂൾ ഓഫ് ക്രിയേറ്റീവ് സയൻസ് വിദ്യാർഥിയായ അലി ഹുമൈദ് 2021ൽ ആണ് ഡോക്ടർ റോബോട്ടിന്റെ നിർമാണം ആരംഭിച്ചത്. ഒരു വർഷമെടുത്തു അതു പൂർത്തീകരിക്കാൻ. ആധുനിക ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഹേതുവാകുന്ന കണ്ടുപിടിത്തത്തിന് ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്കാരങ്ങളാണ് ലഭിച്ചത്. 34ാമത് ഇന്റർനാഷനൽ ഇന്നോവേൻഷൻ പുരസ്കാരം ലഭിച്ചത് അലിയുടെ ഡോക്ടർ റോബോട്ടിനായിരുന്നു. മലേഷ്യയിൽ നടന്ന ഇന്നോവേഷൻ ആൻഡ് ടെക്നോളജി എക്സിബിഷനിലും പുരസ്കാരം ലഭിച്ചു.
19 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളെ മറികടന്നാണ് അലിയുടെ ഡോക്ടർ റോബോട്ട് മെഡിക്കൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും യുവ ശാസ്ത്ര പ്രതിഭ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയത്. യു.എ.ഇയിൽ നടന്ന 14ാമത് അറബ് റോബോട്ടിക്സ് ചാമ്പ്യൻഷിപ്പിലും നാഷണൽ സയൻസ്, ടെക്നോളജി, ഇന്നൊവേഷൻ ഫെസ്റ്റിവലിലും പദ്ധതിക്ക് നിരവധി അവാർഡുകൾ ലഭിച്ചു.
മാതാവായ ശൈഖ അൽ നഖബിയാണ് ചെറുപ്പത്തിലേ മകന്റെ കഴിവുകൾ തിരിച്ചറിഞ്ഞത്. ‘നന്നേ കുഞ്ഞായിരിക്കുമ്പോൾ പൊട്ടിപ്പോയ കളിപ്പാട്ടങ്ങൾ അവൻ നന്നാക്കുമായിരുന്നു. കേടായ വീട്ടുപകരണങ്ങൾ നന്നാക്കുന്നതിൽ അവൻ പിതാവിനേ സഹായിക്കുമായിരുന്നു. ഈ കഴിവുകൾ തിരിച്ചറിഞ്ഞാണ് അവന്റെ ആ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്.-നഖ്ബി പറഞ്ഞു. അഡ്നോക്, ടെലികമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റി, ദുബൈയിലെ എമിറേറ്റ് സയൻസ് ക്ലബ് തുടങ്ങിയവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച സയൻസ് ക്യാംപുകളിൽ പങ്കെടുക്കാനുള്ള അവന്റെ താൽപര്യത്തെ കുടുംബം എന്നും പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്തിരുന്നു.
പക്ഷെ, അവന്റെ ആകാംശയും ആഗ്രഹവും സയൻസ് ക്യാംപുകളിൽ ഒതുങ്ങുന്നതായിരുന്നില്ല. റോബോട്ടുകൾ നിർമിക്കുന്നതിനെ കുറിച്ചുള്ള വീഡിയോകളും കാണുകയും ഗവേഷണങ്ങൾ നടത്തുകയും ചെയ്യുമായിരുന്നു. ഗണിതശാസ്ത്രത്തിലും അവന് അപാര കഴിവുണ്ടായിരുന്നുവെന്ന് നഖ്ബി പറഞ്ഞു. പല സ്മാർട്ട് ബ്രെയ്ൻ മത്സരങ്ങളിലും അവൻ പങ്കെടുത്തിട്ടുണ്ട്.
ഇതിനകം രണ്ട് പുസ്തകങ്ങളും അലിയുടെതായി പുറത്തുവന്നു. 2021ൽ അറബിയിൽ എഴുതിയ ‘മാനീ ആൻഡ് സ്റ്റാർ’, 2022ൽ ഇംഗ്ലീഷിൽ എഴുതിയ ‘ഗിവിങ് വിതൗട്ട് ലിമിറ്റ്’ എന്നീ പുസ്തകങ്ങൾ അബൂദബി അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രദർശിപ്പിച്ചിരുന്നു. ഷാർജ ചിൽഡ്രൻ ശൂറ കൗൺസിൽ, ദുബൈ പൊലീസിന്റെ സുരക്ഷ അംബാസിഡർ പ്രോഗ്രാം എന്നിവയിൽ അംഗം കൂടിയാണ് അലി. ഷാർജ വളണ്ടിയർ സെന്ററും റെഡ് ക്രസന്റും സംഘടിപ്പിച്ച പല സന്നദ്ധ പ്രവർത്തനങ്ങളിലും അലി നിറ സാന്നിദ്ധ്യമാണ്. വീട്ടിലെ മൂന്നു സഹോദരങ്ങൾക്കും അവനാണ് ഹീറോയെന്നും മാതാവ് പറയുന്നു. രോഗികൾക്ക് ഇഞ്ചക്ഷൻ നൽകാനും ആവശ്യമെങ്കിൽ ഓക്സിജൻ എത്തിക്കാനും കഴിയുന്ന രീതിയിൽ റോബോട്ടുകളെ നവീകരിക്കുകയാണ് ഭാവിയിലെ ലക്ഷ്യമെന്ന് അലി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.