വണ്ടൂർ: പിതാവ് ഹെൻട്രി ഓട്ടന്റെ ഓർമകൾ നിറഞ്ഞ വണ്ടൂരിലേക്ക് മകൻ ജോയൽ സ്റ്റീഫൻ ഓട്ടൻ 46 വർഷങ്ങൾക്ക് ശേഷമെത്തി. പിതാവ് സ്ഥാപിച്ച നാട്ടുകാരുടെ ആശ്രയ കേന്ദ്രമായിരുന്ന കരുണാലയ ആശുപത്രിയും ഓട്ടൻ സ്കൂളും പിതാവിന്റെ ശവകുടീരവും സന്ദർശിച്ചു. ശവകുടീരത്തിന് മുന്നിലെത്തിയപ്പോൾ അദ്ദേഹത്തിന് സ്വയം നിയന്ത്രിക്കാനായില്ല.
അമേരിക്കയിലെ മിന്നെസോട്ടയിൽ താമസിക്കുന്ന ജോയൽ സുഹൃത്തും മലബാർ ഗോസ്പൽ മിഷൻ സോസൈറ്റി പ്രോജക്ട് മാനേജറുമായ ഗ്രിഗറി ഹെയ്ഡണുമൊത്താണ് ജനിച്ച മണ്ണിലേക്ക് വീണ്ടുമെത്തിയത്. 1977ൽ തന്റെ 16ാമത്തെ വയസ്സിലാണ് ഉപരിപഠനത്തിന് അമേരിക്കയിലേക്ക് പോയത്. ഇപ്പോഴാണ് തിരിച്ചുവരുന്നത്.
ഒരു കാലത്ത് കിഴക്കൻ ഏറനാടിന്റെ ആരോഗ്യരംഗത്തെ പ്രധാന ആശ്രയ കേന്ദ്രമായിരുന്നു 25 എക്കറിൽ നിർമിച്ച കരുണാലയ ആശുപത്രി. വിഷചികിത്സക്കും ക്ഷയരോഗ ചികിത്സക്കും പേരുകേട്ട ഇവിടേക്ക് ദൂരദേശങ്ങളിൽനിന്ന് ആളുകൾ എത്തിയിരുന്നു. കൂടാതെ പോഷകാഹാരങ്ങളും വിതരണം ചെയ്തിരുന്നു. രണ്ടര പതിറ്റാണ്ടിലേറയായി പ്രവർത്തനം നിലച്ച ആശുപത്രിയും തൊട്ടടുത്തായുള്ള ഇവാഞ്ചലിക്കൽ ലൂഥറൻ പള്ളിക്കടുത്തായുള്ള പിതാവിന്റെ ശവകുടീരവും ജോയൽ സന്ദർശിച്ചു. കല്ലറക്ക് മുന്നിൽ പ്രത്യേക പ്രാർഥനയും നടത്തി.
ഓട്ടൻ സായിപ്പിന്റെ മകന് സ്വീകരണമൊരുക്കാൻ നാട്ടുകാരും മറന്നില്ല. സ്ത്രീകളടക്കം അദ്ദേഹത്തെ കാണാനെത്തി. മിക്കവർക്കും അറിയേണ്ടത് കരുണാലയ ആശുപത്രി ഇനി തുറക്കുമോ എന്നായിരുന്നു. ഇക്കാര്യം ചോദിച്ചപ്പോൾ എം.ജി.എം.എസ് പ്രോജക്ട് മാനേജർ കൂടിയായ ഗ്രിഗറി ഹെയ്ഡൻ തുറക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തുമെന്ന് അറിയിച്ചു. ഓട്ടൻ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ഡോ. എൻ.പി. ദിവ്യ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ സുശീൽ പീറ്റർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.