കഥകൾ പറഞ്ഞുതീർക്കാതെ...

ഉപ്പ മുന്നിലും സ്ത്രീകൾ പിറകിലുമായി നടന്നുനടന്ന്​ കടപ്പുറം പള്ളിക്കുമുന്നിലെത്തി. ഇനി​െയങ്ങോട്ടാണ് പോകേണ്ടതെന്നു ചോദിച്ചു. ഉപ്പ തിരിഞ്ഞുനോക്കിയപ്പോൾ പിറകിൽ ആരും ഉണ്ടായിരുന്നില്ല. അന്ധാളിപ്പോടെയും ഭയത്തോടെയും ഉപ്പ അങ്ങനെ നിന്നുപോയി. പാതിരനേരം, മുന്നിൽ കടൽ, ആർത്തലച്ചമരുന്ന തിരമാലകളുടെ ശബ്​ദം, പ്രേതകുടീരം പോലെ കടപ്പുറം പള്ളി... കഥയുടെ പ്രവാഹം തുടങ്ങുകയായി. പറയുന്നത് മുഴുവനും പറയുന്ന വേഗത്തിൽതന്നെ ഞാൻ കടലാസിലേക്ക് പകർത്തിക്കൊണ്ടേയിരുന്നു...

ക്ഷരം വീട്ടിലെ എഴുത്തുമുറിയിലെ ചാരുകസേരയിൽ മലർന്നുകിടന്നുകൊണ്ട് ഉപ്പ കഥകൾ എനിക്ക് പറഞ്ഞുതരും. ആ കഥപറച്ചിലിന്റെ വേഗതയിൽതന്നെ ഞാനതെല്ലാം കടലാസിൽ പകർത്തും. 2018ൽ ശ്വാസകോശത്തിൽവന്ന അസുഖത്തെ തുടർന്ന് ചികിത്സ കഴിഞ്ഞുവന്നതിനു ശേഷം എഴുതാൻ ഉപ്പ പ്രയാസപ്പെട്ടിരുന്നു. കഥകൾ എഴുതാനുള്ള തോന്നലുണ്ടാകുമ്പോൾ തലേന്നേ എന്നോട് പറയും 'നാളെ രാവിലെ കുറച്ചുനേര​േത്ത നീയിവിടെ എത്തണം, നമുക്കൊരു കഥ എഴുതണം' എന്ന്​.

രാവിലെ നേര​േത്തതന്നെ എത്തുന്ന ഞാൻ എഴുത്തുമുറിയിൽ ഉപ്പാന്റെ വരവും കാത്തിരിക്കും. എന്നോട് നേര​േത്ത എത്തണമെന്ന് പറയുമെങ്കിലും ഉപ്പ വളരെ പതുക്കെയാണ് വരുക. വന്ന് ചാരുകസേരയിൽ നീണ്ടുനിവർന്ന്​ ഒരു കിടപ്പാണ്. കുറെ നേരം കണ്ണുമടച്ചു ഒന്നും മിണ്ടാതെ അങ്ങിനെ കിടക്കും. എഴുതാനുള്ള ഒരുക്കത്തോടെ ലെറ്റർപാഡും മഷി തീരുന്നതും തീരാത്തതുമായി ഒരുപാട് പെന്നുകളുടെ കൂട്ടത്തിൽനിന്നും നന്നായി എഴുതാൻ കഴിയുന്ന പെ​ന്നുമെടുത്തു ഞാൻ തയാറായി ഇരിക്കും. പിന്നെ പതിഞ്ഞ ശബ്​ദത്തിൽ പറയുന്നത് കേൾക്കാം, 'നീ റെഡിയല്ലേ...'

'കുന്നുമ്മൽ പൊൻമടഞ്ഞ്​ കുഞ്ഞബ്​ദുള്ള ഹാജിയെ കണ്ടിട്ടുള്ളവർക്ക്​ ഇപ്പറയും പെണ്ണിന്റെ കുറ്റിയും കൊളുത്തും വേറെ എവിടെയാണെന്ന് ചിന്തിക്കേണ്ടതില്ല. അതെ, തങ്കനിറം. നേരെ നിവർന്നുനിന്നാൽ ഹാജ്യാരുടെ ആ തലയെടുപ്പും. എന്തിനും പോന്നവൾ എന്ന ആ പെരുമാറ്റവും. ഒരച്ചിൽ വാർത്തുവെച്ചപോലെ...'


അവസാനിപ്പിച്ചിടത്തുനിന്ന്​ തുടക്കം...

കഥയുടെ പ്രവാഹം തുടങ്ങുകയായി. പറയുന്നത് മുഴുവനും പറയുന്ന വേഗത്തിൽതന്നെ ഞാൻ കടലാസിലേക്ക് പകർത്തും. കഥ പറഞ്ഞു പറഞ്ഞ്​ ചില നേരങ്ങളിൽ ഉപ്പ മയങ്ങിപ്പോകും. രോഗത്തിന്റെ അസ്വസ്ഥതകളും കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ ക്ഷീണവുംമൂലം വിളിച്ചുണർത്താൻ ഞാൻ മെനക്കെടാറില്ല. മയക്കം തെളിയുന്നതുവരെ കാത്തിരിക്കും. ചിലപ്പോൾ മണിക്കൂറുകളോളം ഉപ്പ അങ്ങനെ മയങ്ങിക്കിടക്കും. പെ​െട്ടന്ന് മയക്കത്തിൽനിന്നും ഉണരുന്ന ഉപ്പ എവിടെവരെ എഴുതിത്തീർത്തു എന്ന് ചോദിക്കാറില്ല. കഥ പറഞ്ഞ്​ നിർത്തിയേടത്തുനിന്നുതന്നെ തുടർന്ന് പറയും. കാല ചലനങ്ങൾ, വിളിപ്പുറത്തെ ദേവി, ബസ്​റയിലെ ഈത്തപ്പഴം, മടങ്ങുന്നോർ, അടയാളപോറലുകൾ, ഗന്ധമാപിനി, കാരവലയം തുടങ്ങി അനേകം കഥകൾ ശ്വാസകോശത്തിൽ ഞണ്ടുകൾ വേദനിപ്പിക്കുന്ന രോഗാവസ്ഥയുടെ കഠിനതയിലും ഉപ്പ പറഞ്ഞുകൊണ്ടേയിരുന്നു.

അതിനിടയിൽ കൊച്ചിയുമായുള്ള ആത്മബന്ധത്തിന്റെ കഥകളായി 'കൊച്ചി തൂവലുകൾ' നാലഞ്ചധ്യായവും എഴുതിയിട്ടുണ്ട്. എഴുതിയ കഥകൾ ഡി.ടി.പി എടുക്കാൻ പൂർണ പബ്ലിക്കേഷന്റെ പിൻഭാഗത്തുള്ള ഡി.ടി.പി സെന്ററിലാണ് കൊടുക്കാറ്. ഇൗ കഥ വെട്ടലും തിരുത്തലും കൂട്ടിച്ചേർക്കലുമായി ആഴ്ചകളോളമാകും കഥയുടെ ഫൈനൽ കോപ്പിയെടുക്കാൻ.

യു.എ. ഖാദറും കുടുംബവും

പുതു എഴുത്തുകാർക്കൊപ്പം

'ഗന്ധമാപിനി' എന്ന കഥാസമാഹരത്തിനുവേണ്ടി ആമുഖക്കുറിപ്പെഴുതാൻ ഷാഹിന കെ. റഫീഖിനോടാണ് ഉപ്പ ആവശ്യപ്പെട്ടത്. വളരെ സന്തോഷത്തോടെ ഗന്ധമാപിനിക്കുവേണ്ടി നല്ലൊരു ആമുഖം തന്നെയാണ് അവർ എഴുതിയത്. ഒരുദിവസം ഞാൻ ചോദിച്ചു, 'ഉപ്പാ എന്തിനാണ് 'ഗന്ധമാപിനി'ക്ക് ഷാഹിന കെ. റഫീഖിനെ കൊണ്ട് ആമുഖം എഴുതിക്കുന്നത്​? അവർ പുതിയ എഴുത്തുകാരിയല്ലേ? കണ്ണു തുറന്ന് എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ ഉപ്പ പറഞ്ഞു: 'അതെ, പുതിയ എഴുത്തുകാരി, വളരെ നല്ല കഥകളെഴുതുന്ന പുതിയ എഴുത്തുകാരി'. പുതിയ എഴുത്തുകാർ ഈ പഴയ എന്നെ, എന്റെ കഥകളെ വിലയിരുത്തട്ടെ, അതാണ് വേണ്ടത്.'

ആശുപത്രിക്കിടക്കയിൽ കിടന്നും രോഗത്തിന്റെ ഏറ്റക്കുറച്ചിലുകളുടെ അവശതയിലും തൊണ്ടയിലുറഞ്ഞുകൂടുന്ന കഫക്കെട്ടുകളുടെ പ്രയാസത്തിൽ ചുമച്ചുകൊണ്ടും ഉപ്പ കഥകൾ പറഞ്ഞുകൊണ്ടിരുന്നു.


പന്തലായനിയിലേക്ക് ഒരു യാത്ര

കൊയിലാണ്ടിയിലെ മുസ്​ലിം വിഭാഗത്തിലെ ചിലർ ഉപ്പാക്ക് ഭ്രഷ്​ട്​ കൽപ്പിച്ച ഒരു കാലമുണ്ടായിരുന്നു. ഉപ്പയിൽനിന്നും പറഞ്ഞുകേട്ടതാണ്. പല യാത്രകളിലും അല്ലാത്തപ്പോഴും ഒന്നിച്ചാകുമ്പോൾ ഉപ്പ കഥകൾ പറയുമായിരുന്നു. അങ്ങനെ ഒരിക്കൽ പറഞ്ഞ കഥയാണിത്.

1964 കാലഘട്ടത്തിൽ 'വിശുദ്ധ പൂച്ച' എന്ന കഥ അച്ചടിച്ചുവന്ന കാലം. ഈ കഥ കൊയിലാണ്ടിയിലെ മുസ്​ലിം സമുദായത്തിനിടയിൽ വലിയ ഒച്ചപ്പാടുണ്ടാക്കി. കഥയിലെ കഥാപാത്രങ്ങളും സംഭവങ്ങളും അന്നത്തെ കൊയിലാണ്ടിയിലെ പ്രതാപികളായിരുന്ന വലിയ തറവാട്ടുകാരുടെതായിരുന്നു. അവർ ചൊടിച്ചു. അതിന്റെ പരിണിതഫലം അവഗണനയായിരുന്നു. കുടുംബത്തിലും ബന്ധുവീടുകളിലും കയറ്റാതെയായി. പുകഞ്ഞ കൊള്ളി പുറത്ത്​ എന്ന നിലപാട്. ഉപ്പ പുറത്ത്. കൊയിലാണ്ടി ചെറിയ പള്ളിയിലെ പള്ളിക്കുളത്തിനടുത്ത സിമൻറ്​ ബെഞ്ചിലായിരുന്നു രാത്രിയുറക്കം. ഒരു ദിവസം രാത്രി സിമൻറ്​ ബെഞ്ചിൽ നല്ല ഉറക്കത്തിലായിരുന്ന ഉപ്പയെ ആരോ തട്ടിവിളിച്ചുണർത്തി. രണ്ടു പെണ്ണുങ്ങളായിരുന്നു അവർ. കറുത്ത പർദ ധരിച്ച് രണ്ട് സ്ത്രീകൾ. അവർക്ക് കടപ്പുറം ഭാഗത്തെ പള്ളിയുടെ പരിസരത്തേക്കാണ് പോകേണ്ടത്. വഴിയറിയില്ല.

അങ്ങനെ അവർക്കു വഴികാട്ടിയായി ഉപ്പ മുന്നിലും സ്ത്രീകൾ പിറകിലുമായി നടന്നുനീങ്ങി. നടക്കുന്നതിനിടയിൽ ഉപ്പ പല കാര്യങ്ങളും അവരോട് ചോദിക്കുന്നു. അവരതിനെല്ലാം മറുപടി പറയുന്നു. രാത്രി പാതിര കഴിഞ്ഞതുകൊണ്ട് പരിസരങ്ങളിലൊന്നും ആരും ഉണ്ടായിരുന്നില്ല. ഉപ്പ മുന്നിലും സ്ത്രീകൾ പിറകിലുമായി നടന്നുനടന്ന്​ കടപ്പുറം പള്ളിക്കുമുന്നിലെത്തി. ഇനി​െയങ്ങോട്ടാണ് പോകേണ്ടതെന്നു ചോദിച്ചു. ഉപ്പ തിരിഞ്ഞുനോക്കിയപ്പോൾ പിറകിൽ ആരും ഉണ്ടായിരുന്നില്ല. അന്ധാളിപ്പോടെയും ഭയത്തോടെയും ഉപ്പ അങ്ങനെ നിന്നുപോയി. പാതിരനേരം, മുന്നിൽ കടൽ, ആർത്തലച്ചമരുന്ന തിരമാലകളുടെ ശബ്​ദം, പ്രേതകുടീരം പോലെ കടപ്പുറം പള്ളി. പിറ്റേന്ന് നേരം വെളുത്തപ്പോഴാണ് ഉപ്പാക്ക് ബോധം വന്നത്. ഈ കഥപറഞ്ഞതിനുശേഷം ഉപ്പ പറഞ്ഞു. 'പന്തലായനിയിലേക്ക് ഒരു യാത്ര എന്ന കഥയെഴുതാൻ പ്രചോദനമായത് ഈ സംഭവമാണ്​' എന്ന്​.


മനുഷ്യൻ സുഖത്തിനു പിന്നാലെ ഒാടുന്നു. എത്തിപ്പിടിക്കുന്നതോ മരണത്തെയും. വർഷങ്ങളായി ഉപ്പാന്റെ എല്ലാ അസുഖങ്ങൾക്കും ചികിത്സിക്കുന്ന ബന്ധുകൂടിയായ ഡോക്ടർ റൗഫിനോട് ഉമ്മ പരാതി പറഞ്ഞു. ചുമയും ശ്വാസംമുട്ടലും വകവെക്കാതെ ഖാദർക്ക ഒരുപാട് നേരം സംസാരിക്കുന്നു. ഡോക്ടർ ഒന്നു പറയണം അധികം സംസാരിക്കരുതെന്ന്. അതുകേട്ട് ഡോക്ടർ പറഞ്ഞു, ഖാദർക്ക സംസാരിക്കട്ടെ. എന്തൊക്കെയാണ്​ ഇഷ്​ടങ്ങൾ അതെല്ലാം ചെയ്യ​െട്ട. ആരും ഒന്നിനും തടസ്സം നിൽക്കരുത്. അതുകേട്ട് ചിരിച്ചുകൊണ്ട് അടുത്തുനിൽക്കുന്ന പേരക്കുട്ടി സൽവാനോട് ഉപ്പ പറഞ്ഞു; കേട്ടല്ലോ ഡോക്ടർ പറഞ്ഞത്.

പറഞ്ഞുതീരാത്ത കഥകൾ

''നിരന്തരമായ പരിശ്രമത്തിലൂടെ നാല് കഥയെഴുതാൻ വിചാരിച്ചാൽ ഏതവനും സാധിക്കും. പ​േക്ഷ, നാല്​ കഥയെഴുതിയിട്ട്​ അതിൽ ലബ്​ധപ്രതിഷ്ഠ നേടാനാണെങ്കിൽ ഇത്തിരി പ്രയാസമുണ്ട്. എനിക്ക് കഴിഞ്ഞിട്ടുണ്ട്. അതിനൊക്കെ കൊയിലാണ്ടിയിലെ ഹൈസ്കൂൾ വിദ്യാഭ്യാസമല്ല ഉപകരിച്ചത്. കൊയിലാണ്ടിയിൽ എനിക്ക് ഒരു പാട് സ്നേഹിതന്മാരുണ്ടായിരുന്നു. കുഞ്ഞിരാമേട്ടൻ, ശങ്കരേട്ടൻ, ദാമോദരൻ എന്നിവരൊക്കെ. അവർ അക്ഷരശ്ലോകമറിയുന്നവരും സാഹിത്യ താൽപര്യമുള്ളവരുമായിരുന്നു. അതുകൊണ്ടാണ് ഞാനിങ്ങനെയായത്. കൊയിലാണ്ടിയിലെ എസ്.ആർ ബ്രദേഴ്സ് പ്രിൻറിങ് പ്രസ്, അവിടെ വൈകുന്നേരങ്ങളിൽ ഞങ്ങൾ അക്ഷരശ്ലോകം ചൊല്ലും. എന്റെ സാഹിത്യ താൽപര്യങ്ങളെല്ലാം അവിടന്നാണ് തുടങ്ങുന്നത്. അയ്യപ്പപ്പണിക്കരുടെ ഒരു കവിതയുണ്ട്. ഇപ്പോൾ ഓർമവരുന്നു. പൂവൻകോഴിയോട് രാജാവ് കൽപിക്കുന്നു, നേരം വെളുക്കുമ്പോൾ കൂവരുത്. കൂവിയാൽ തലയറുത്തുകളയും. സൈന്യത്തിന് ഭക്ഷണമാക്കും നിന്നെ. പ​േക്ഷ പുലർവെട്ടം കണ്ടപ്പോൾ പൂവൻകോഴി തന്നത്താൻ പറയുകയാ, 'എനിക്കാവതില്ലേ കൂവാതിരിക്കാൻ, പൂവൻ കോഴിയല്ലേ ഞാൻ. എന്റെ കർത്തവ്യനിയോഗം കൂവുക എന്നതാണ്.'


അയ്യപ്പപ്പണിക്കർ ഈ കവിതയെഴുതുന്നതിനും എത്രയോ മുമ്പ്​ ഞാനെഴുതിയ ഒരു കഥയുണ്ട്; 'പിറവിക്കൂവൽ'. മാധ്യമം വാർഷികപ്പതിപ്പിലാണ് ഈ കഥ അച്ചടിച്ചുവന്നത്. നല്ല കഥയായിരുന്നു. വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയ കഥ. വിരുന്നു വന്ന മുസ്​ലിയാരെ സൽക്കരിക്കാൻ ഉച്ചയൂണിനു വിഭവങ്ങളൊരുക്കാൻ മറ്റൊന്നും കാണാതെ വീട്ടിലെ അടുക്കളച്ചായ്​പ്പിൽ മുട്ടകൾക്ക് അടയിരിക്കുന്ന പൊരുത്തുകോഴിയെ പിടിച്ച്​ അറുത്തു ഭക്ഷണമാക്കുന്നത്. മുസ്​ലിയാർ ഭക്ഷണം കഴിച്ചു പോയതിനുശേഷം വിരിയാനായ മുട്ടയിൽ അടയിരിക്കുന്ന ആ വീട്ടിലെ സ്ത്രീ. പെറ്റവയറാണല്ലോ, അവിടെയാണ് മാജിക്കൽ റിയലിസം വരുന്നത്. വിരിയാൻ പോകുന്ന കുഞ്ഞുങ്ങൾക്ക് അമ്മച്ചൂടേൽക്കാൻ 'അമ്മ' തന്നെ അടയിരിക്കുന്നത്.

മലയാള സാഹിത്യത്തിൽ എത്ര വലിയ കൊമ്പന്മാർ കൊടികുത്തിവാണാലും അവസാന വിശകലനത്തിൽ ഞാനുണ്ടാകും. അതുമതിയല്ലോ ഒരു എഴുത്തുകാരന്. മലയാളത്തിൽ കവിതയെഴുതിയതിനാൽ പുനം നമ്പൂതിരിയെ അരക്കവിയായിട്ടാണ് കണക്കാക്കിയത്. പ​േക്ഷ, ഏറ്റവും വലിയ വിധികർത്താവ് കാലമാണ്. മറ്റു കവികൾ വിസ്​മൃതരായിട്ടും പുനം നമ്പൂതിരി ഇന്നും ജീവിക്കുന്നു.'' പറഞ്ഞുകൊണ്ടിരിക്കെ ഉപ്പയുടെ കണ്ണുകൾ പതുക്കെ അടഞ്ഞു...

Tags:    
News Summary - On the first death anniversary of writer UA Khader son UA Feroz remembers him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.