ദോഹ: സൈബർ ലോകത്തെ കെണികളും, പാലിക്കേണ്ട മര്യാദകളും പുതു തലമുറകളിലേക്ക് പകരുന്നതിന്റെ ഭാഗമായി രാജ്യത്തെ സ്വകാര്യ സ്കൂളുകളിലും സൈബർ സുരക്ഷ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ദേശീയ സൈബർ സുരക്ഷ ഏജൻസിയാണ് നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ 170 സ്കൂളുകളിലും തുടർന്ന് 100 സ്കൂളുകളിലും ഇത് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.
ഡിജിറ്റൽ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള ദേശീയ സൈബർ സുരക്ഷ ഏജൻസിയുടെ ശ്രമങ്ങളും, സമൂഹത്തിൽ ഡിജിറ്റൽ സുരക്ഷ വർധിപ്പിക്കാനാണ് പാഠ്യപദ്ധതിയിൽ സൈബർ സുരക്ഷ ഉൾപ്പെടുത്തുന്നത്.
2023ൽ രാജ്യത്തെ എല്ലാ സർക്കാർ സ്കൂളുകളിലും സൈബർ സുരക്ഷ പാഠ്യപദ്ധതി നടപ്പാക്കിയിരുന്നു.ഡിജിറ്റൽ ലോകത്തെ സുരക്ഷിതമായും ഫലപ്രദമായും കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള പുതു തലമുറയെ വളർത്തിക്കൊണ്ടുവരാനും, സൈബർ സുരക്ഷ സംബന്ധിച്ച് കുട്ടികൾക്കും കൗമാരക്കാർക്കുമിടയിൽ അവബോധം വളർത്താനും പാഠ്യപദ്ധതി ലക്ഷ്യമിടുന്നു. പ്രൈമറി തലത്തിലെ ഒന്നാം ഗ്രേഡ് മുതൽ സെക്കൻഡറി സ്കൂളുകളിലെ മൂന്നാം ഗ്രേഡ് വരെയുള്ള വിദ്യാർഥികളിലാണ് പദ്ധതി നടപ്പാക്കുക.
സൈബർ സുരക്ഷ സൂചകങ്ങൾ, ഡിജിറ്റൽ സുരക്ഷ, ഡിജിറ്റൽ സാക്ഷരത എന്നിവ സംബന്ധിച്ച അറിവ് വർധിപ്പിക്കുന്നതിന് സമൂഹത്തിലെ എല്ലാ തലങ്ങളിലുള്ളവരെയും ഏജൻസി ലക്ഷ്യമിടുന്നു. വിദ്യാർഥികളാണ് മുൻനിരയിലെന്നും സുരക്ഷ ഏജൻസിയിലെ ദേശീയ സൈബർ എക്സലൻസ് വിഭാഗം മേധാവി ദലാൽ അൽ അഖീദി പറഞ്ഞു.
വിദ്യാർഥികളിൽ സൈബർ സുരക്ഷ, ഡിജിറ്റൽ സുരക്ഷ എന്നിവയിൽ ബോധവത്കരണം ശക്തമാക്കാനാണ് സൈബർ സെക്യൂരിറ്റി വിദ്യാഭ്യാസ പാഠ്യപദ്ധതിയെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ സ്കൂൾ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഒമർ അബ്ദുൽ അസീസ് അൽ നഅ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.