ലണ്ടൻ: ആളിക്കത്തുന്ന തീയിലേക്ക് പോകരുതെന്ന് ബന്ധുക്കൾ യാചിക്കുന്നുണ്ടായിരുന്നു. എന്നാൽ, ബാരി മാസൺ അതൊന്നും കേട്ടതായി പോലും ഭാവിച്ചില്ല. ‘ഇല്ല. നതാൻ ഇപ്പോഴും അതിനുള്ളിലാണുള്ളത്’ -ഇതായിരുന്നു 45കാരനായ ആ പിതാവിന്റെ മറുപടി. ആളുന്ന തീയിൽ കുടുങ്ങിയ നാലു വയസ്സുകാരനായ പ്രിയപുത്രനെ രക്ഷിക്കാൻ രണ്ടും കൽപിച്ച് ബാരി അഗ്നിഗോളങ്ങളെ അവഗണിച്ച് വീട്ടിനുള്ളിലേക്ക് കയറി. മകനെ തീയിൽനിന്ന് രക്ഷിച്ച് പുറത്തെത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ പിതാവും പുത്രനും ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പൊള്ളലേറ്റ് ബാരി മണിക്കൂറുകൾക്കകം മരിച്ചപ്പോൾ 70 ശതമാനം പൊള്ളലേറ്റിരുന്ന മകൻ നതാൻ അബോധാവസ്ഥയിൽ ചികിത്സയിലിരിക്കേയാണ് ചൊവ്വാഴ്ച രാത്രി ജീവിതത്തോട് വിടപറഞ്ഞത്. സ്വന്തം ജീവിതം തൃണവൽഗണിച്ച് മകന്റെ ജീവൻ രക്ഷിക്കാൻ പുറപ്പെട്ട ബാരിക്ക് ‘സൂപ്പർ ഹീറോ ഡാഡ്’ എന്ന വിശേഷണത്തോടെ ആദരാഞ്ജലി നേരുകയാണ് ഇംഗ്ലണ്ട്.
വിഗാനിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ബാരിയും ഭാര്യ റേച്ചലും മക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബാരിയും റേച്ചലും (45) മക്കളായ ഡേവിഡ് (18), ബെഥാനി (16), ഐസക് (14) എന്നിവരും ആളിക്കത്തുന്ന തീയിൽനിന്ന് രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെട്ട് പുറത്തെത്തിയ ശേഷം ബാരി ഇളയ മകനെ രക്ഷിക്കാൻ വീണ്ടും വീട്ടിനുള്ളിലേക്കുതന്നെ പോവുകയായിരുന്നു. മൂത്ത മകൻ ഡേവിഡ് പിതാവിനെ പിന്തിരിപ്പിക്കാൻ ആവതു ശ്രമിച്ചെങ്കിലും ബാരി വഴങ്ങിയില്ല.
‘ബാരീ, ഞങ്ങളുടെയെല്ലാം സൂപ്പർ ഹീറോയാണ് നീ. ആകെ തകർന്നിരിക്കുകയാണ് ഞങ്ങൾ. അവസാന ശ്വാസംവരെ മക്കളോട് അത്രമേൽ സ്നേഹവും കരുതലുമുള്ള പിതാവായിരുന്നുവെന്ന് നീ തെളിയിച്ചു. നിങ്ങളോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് വാക്കുകളിൽ വിവരിക്കാനാവില്ല. അവിടെ സ്വർഗത്തിൽ നമ്മുടെ കുഞ്ഞിനെ മുറുകെപ്പിടിക്കൂ’ -സഹോദരി ജെസീക്ക സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ഭാര്യക്കും മക്കൾക്കും വേണ്ടി എന്തും ചെയ്യുമായിരുന്ന, കഠിനാധ്വാനിയായ ഫാമിലിമാനായിരുന്നു ബാരിയെന്ന് കുടുംബസുഹൃത്ത് ഗെയ്നർ ബിംസൺ പറഞ്ഞു. ഒരു സ്കൂളിലെ കാറ്ററിങ് സ്ഥാപനത്തിൽ ജോലിക്കാരനായിരുന്നു ബാരി. അപകടത്തിൽ കാര്യമായ പൊള്ളലേറ്റിട്ടില്ലാത്ത റേച്ചലും മൂന്നുമക്കളും ആശുപത്രി വിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.