ഇരവിപുരം: ഇരവിപുരം കാരുണ്യതീരത്തിലെ ആരോരുമില്ലാത്ത കുഞ്ഞുങ്ങളുടെയും കുട്ടികളുടെയും പോറ്റമ്മയാണ് ചങ്ങനാശ്ശേരി സ്വദേശി സിസ്റ്റർ തെരേസ. കുട്ടികൾ അമ്മേ എന്ന് വിളിക്കുമ്പോഴുള്ള സംതൃപ്തി പറഞ്ഞറിയിക്കാനാവാത്തതാണന്ന് അവർ പറയുന്നു.
അന്തേവാസികളായ 40 ഓളം കുഞ്ഞുങ്ങൾക്ക് ഈ അമ്മ പകരുന്ന സ്നേഹം അളവറ്റതാണ്. ഇന്നത്തെ സുദിനം മാതൃദിനമായി കടന്നെത്തുമ്പോൾ കരുണയുടെ കാണാക്കാഴ്ചകളിൽ നിറയുകയാണ് ഈ സ്നേഹമന്ദിരം. ദൈവത്തിന്റെ മാലാഖയായി നാല് പതിറ്റാണ്ട് പിന്നിടുന്ന ഈ കാവൽ മാലാഖ അമ്മേ എന്ന കുഞ്ഞുങ്ങളുടെ വിളിയിൽ അഭിമാനത്തിന്റെ ചിറകിലേറുകയാണ്.
2001 ലാണ് ഇരവിപുരത്ത് ഒരു കുട്ടിയുമായി കാരുണ്യതീരം ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിക്കുന്നത്. ആദ്യം വാടകക്കെട്ടിടത്തിൽ ആയിരുന്നെങ്കിലും പിന്നീട് സുമനസ്സുകളുടെ സഹായത്തോടെ സ്ഥലം വാങ്ങി കെട്ടിടം നിർമിച്ചു. പെറ്റമ്മയുടെ സ്നേഹത്തെക്കാൾ വലിയ സ്നേഹമാണ് കുഞ്ഞുങ്ങൾക്ക് ഇവിടെ നിന്ന് ലഭിക്കുന്നത്. ഒരു സമയം നിരവധി പേരാണ് അമ്മേ എന്ന് വിളിച്ചുകൊണ്ട് അടുത്തേക്കെത്തുന്നത്.
അഞ്ചുമുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾ ഇവിടെയുണ്ട്. ഒരു മാതാവിൽ നിന്ന് ലഭിക്കേണ്ട സ്നേഹവാത്സല്യങ്ങൾ സിസ്റ്റർ തെരേസയിൽനിന്ന് ഇവർക്ക് ലഭിക്കുന്നുണ്ട്. പഠനത്തിലും മുന്നിലുള്ള കുട്ടികളിൽ പലരും ഫുൾ എ പ്ലസ് വാങ്ങിയാണ് വിജയിക്കുന്നത്.
കുട്ടികളുടെ മാനസികോല്ലാസത്തിനായുള്ള എല്ലാ സൗകര്യങ്ങളും ഇവർ ചെയ്തുകൊടുക്കാറുണ്ട്. അമ്മമാർക്കായി ഓൾഡ് ഏജ് ഹോമും ഇതോടൊപ്പം ഇവർ നടത്തുന്നുണ്ട്. 20 വർഷത്തോളം ഇറ്റലിയിലെ കോൺവെന്റിലായിരുന്ന സിസ്റ്റർ തെരേസ മടങ്ങിയെത്തിയാണ് കാരുണ്യതീരം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.