യൂട്യൂബിലെ സജസ്റ്റഡ് വിഡിയോകൾ നീക്കിപ്പോകുന്നതിനിടെ ദേ മുന്നിലൊരു ചൈനീസ് പെൺകുട്ടി!നിഗൂഢമുഖമുള്ള പെൺകുട്ടിയെ കണ്ടു ഒന്നു നോക്കിയേച്ചും വരാം എന്ന് പറഞ്ഞ്പോയവരൊക്കെ ചാനലിലെ മുഴുവൻ വിഡിയോകളും കണ്ടാണ് മടങ്ങിയത്. യൂട്യൂബിൽ 89 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉള്ള ലിസിക്കിയെ(Liziqi)ക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പ്രാചീനഛായയുള്ള മനോഹരമായ ചൈനീസ് ഗ്രാമത്തിൽ ജീവിക്കുന്ന തദ്ദേശീയ വസ്ത്രങ്ങളങ്ങളിഞ്ഞ ലിസിക്കിയുടെ പ്രവൃത്തികളാണ് ചാനലിലൂടെ മുന്നിലേക്കെത്തുന്നത്.
അതിമനോഹരമായാണ് ലിസിക്കി വിഡിയോകൾ ചിത്രീകരിച്ചിരിക്കുന്നത്. പൂക്കളും മഞ്ഞും താഴ്വരകളുമെല്ലാം ചേർന്ന മനോഹര ഫ്രെയിമുകൾ കണ്ണുകളെ കുളിർപ്പിക്കും. പ്രകൃതിയിലെ സൂക്ഷ്മ മാറ്റങ്ങൾ, പൂക്കളും ചെടികളും വളരുന്നത്, പരമ്പരാഗത പാചകരീതികൾ, പേപ്പർ ക്രാഫ്റ്റിങ്, പട്ടുനൂൽ നിർമാണം, മിഠായി പാക്കിങ്, പൂപറിക്കൽ എന്നിങ്ങനെ നീളുന്ന വൈവിധ്യങ്ങളുടെ കലവറതന്നെ ഈ ചാനലിലുണ്ട്. തെൻറ വിഡിയോകളിൽ വളരെ അപൂർവമായേ ലിസിക്കി സംസാരിക്കാറുള്ളൂ.
മനം കുളിർപ്പിക്കുന്ന വിഡിയോകളിലൂടെ കോടിക്കണക്കിന് പേരെ ആകർഷിച്ച ലിസിക്കിയെന്ന നിഗൂഢ സുന്ദരിയുടെ ജീവിതമറിയാൻ പലരും തിരക്കിപ്പോയി. ഒടുവിൽ ചൈനീസ് മാധ്യമപ്രവർത്തക ലിസിക്കിയുമായുളള എക്സ്ക്ലൂസിവ് അഭിമുഖം പുറത്തുവിട്ടതോടെയാണ് നിഗൂഢ സെലിബ്രിറ്റിയുടെ കഥ പുറംലോകമറിഞ്ഞത്.
അത്ര മനോഹരമല്ലാത്ത കുട്ടിക്കാലമായിരുന്നു ലിസിക്കിയുടേത്. ജീവിക്കാനായി പല ജോലികളും ചെയ്തതിനൊടുവിലാണ് Sini Weibo എന്ന ചൈനീസ് മൈക്രോബ്ലോഗിങ് സൈറ്റിൽ വീഡിയോകൾ ചെയ്തുതുടങ്ങിയത്. ലിസിക്കിയുടെ വിഡിയോകളുടെ വിപണിസാധ്യത തിരിച്ചറിഞ്ഞ Weibo തന്നെ ചാനൽ മിനുക്കിയെടുക്കുകയായിരുന്നു. Weiboയിൽ ലിസിക്കിക്ക് ഇപ്പോൾ രണ്ടു കോടിയിയിലേറെ ആരാധകരുണ്ട്. തെൻറ സങ്കൽപ്പലോകമാണ് കാമറയിലൂടെ മുന്നിലേക്കെത്തിക്കുന്നതെന്നും നഗരങ്ങളിലെ കുട്ടികൾ ഗ്രാമക്കാഴ്ചകളും പാരമ്പര്യവും അറിയാനുമാണ് തെൻറ ചാനൽ എന്നും ലിസിക്കി പറയുന്നു.
വിഡിയോകളിൽ ലിസിക്കി ഒളിപ്പിച്ചുവെച്ച കൗതുകങ്ങൾ അറിയാനും സ്വർഗീയസമാനമായ ദൃശ്യങ്ങളിൽ മനസ്സിനെ കുളിർപ്പിക്കാനുമായി യൂട്യൂബിൽ Liziqi എന്ന് പരതി തുടങ്ങിക്കോളൂ. ഇതു നിങ്ങൾക്ക് ഒരു മെഡിറ്റേഷൻ കൂടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.