റാത്ത ചക്രവർത്തി ശിവജിയെ സംബന്ധിച്ച വിഷയങ്ങളെന്തും അങ്ങേയറ്റം വൈകാരികമാണ് മഹാരാഷ്ട്രയിലെ ജനങ്ങൾക്ക്. അദ്ദേഹത്തെ അപമാനിക്കുന്നതായ ഒന്നും മറാത്തികൾക്കും മറാത്തകൾക്കും പൊറുക്കാനാകില്ല. അതുകൊണ്ടുതന്നെ മഹാരാഷ്ട്ര രാഷ്ട്രീയത്തിന്‍റെ കേന്ദ്രബിന്ദു എപ്പോഴും ശിവജിയും മറാത്തകളുമാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് മഹാരാഷ്ട്ര. നിലവിലെ സർക്കാരിന്‍റെ കാലാവധി അവസാനിക്കുന്ന നവംബർ 28നു മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കണം. അതിനായുള്ള രാഷ്ട്രീയ കരുനീക്കങ്ങളിലാണ് ഭരണപക്ഷ സഖ്യമായ ബി.ജെ.പി, ഏകനാഥ് ഷിൻഡെ പക്ഷ ശിവസേന, അജിത് പവാർ പക്ഷ എൻ.സി.പി എന്നിവർ ചേർന്ന 'മഹായൂതി'യും പ്രതിപക്ഷ സഖ്യമായ കോൺഗ്രസ്, ശരദ് പവാർപക്ഷ എൻ.സി.പി, ഉദ്ധവ് താക്കറേപക്ഷ ശിവസേന എന്നിവരുടെ 'മഹാവികാസ് അഘാഡി'യും (എം.വി.എ).

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വീണുപോയ ഭരണപക്ഷമായ മഹായൂതി, നിയമസഭ തെരഞ്ഞെടുപ്പിൽ കരകയറാനുള്ള തന്ത്രങ്ങൾ മെനയുമ്പോഴാണ് സിന്ധുദുർഗ്, രാജ്കോട്ട് ഫോർട്ടിലെ 35 അടി വലിപ്പമുള്ള ശിവജി പ്രതിമ തകർന്നു വീഴുന്നത്. മഹായൂതിക്കേറ്റ തിരിച്ചടിയായി ആ വീഴ്ച. വൈകാരികമായ ഈ വിഷയത്തെ കത്തിയാളിച്ച് എം.വി.എ സഖ്യം, പ്രത്യേകിച്ച് ഉദ്ധവ് പക്ഷ ശിവസേന, സജീവമായി രംഗത്തിറങ്ങി. അതുമാത്രമല്ല, ശിവജി പ്രതിമ വീണതിൽ പ്രതിഷേധവുമായി മഹായൂതിയുടെ സഖ്യകക്ഷിയായ അജിത് പവാർ എൻ.സി.പിയും രംഗത്തുണ്ട്. തൊഴിലില്ലാത്ത വനിതകൾക്കും യുവാക്കൾക്കും പ്രതിമാസ ധനസഹായം പ്രഖ്യാപിച്ച് മഹായൂതി ഏതാണ്ട് കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കുമ്പോഴാണ് തിരിച്ചടിയായി ശിവജി പ്രതിമയുടെ വീഴ്ച. ബി.ജെ.പി സഖ്യത്തിന്‍റെ 'സോപ്പ്' പ്രഖ്യാപനങ്ങളെ എങ്ങനെ നേരിടുമെന്ന് അന്തിച്ചു നിൽക്കുമ്പോഴാണ് എം.വി.എക്ക് ഒരു പിടിവള്ളി കിട്ടുന്നത്. 'ശിവജി' ശിവസേനയുടെ വൈകാരിക ആശയവുമാണല്ലോ.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്കോട്ട് ഫോർട്ടിൽ ശിവജി പ്രതിമ അനാച്ഛാദനം ചെയ്തപ്പോൾ 

നാവികസേന ദിവസമായ 2023 ഡിസംബർ നാലിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്കോട്ട് ഫോർട്ടിൽ അനാച്ഛാദനം ചെയ്തതാണ് ശിവജി പ്രതിമ. എട്ടു മാസം തികയും മുമ്പേ അത് വീണു. കനത്ത മഴയും കാറ്റും തുടരുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു വീഴ്ച. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് തിടുക്കത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തവയിൽ ഒന്നാണ് രാജ്‌കോട്ട് കോട്ടയിലെ ശിവജി പ്രതിമയും. മുംബൈ നഗരത്തെയും നവി മുംബൈ നഗരത്തെയും ബന്ധിപ്പിക്കുന്ന അടൽ സേതു പാതയിലെ വിള്ളൽ വിവാദമായതിനു പിന്നാലെയാണ് ശിവജി പ്രതിമ 'എം.വി.എ'യുടെ കൈകളിൽ ആയുധമായി വന്നു പതിക്കുന്നത്. പ്രത്യേകിച്ച് ഉദ്ധവ് താക്കറേയുടെ കൈകളിൽ. ശിവസേനയുടെ ശക്തികേന്ദ്രങ്ങളിൽ പെട്ടതാണ് കൊങ്കൺ. അവിടെയാണ് ശിവജിയുടെ രാജ്കോട്ട് കോട്ട. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും, ബിരുദധാരികളുടെ നിയമസഭ കൗൺസിൽ (എം.എൽ.സി) തെരഞ്ഞെടുപ്പിലും ഉദ്ധവ് പക്ഷത്തിന് തോൽവിയാണ് ഉണ്ടായത്. ഉദ്ധവിന്‍റെ കടുത്ത ശത്രു നാരായൺ റാണെ ബി.ജെ.പി ടിക്കറ്റിൽ ജയിക്കുകയും ചെയ്തു. ഷിൻഡെയേ അടർത്തിയെടുത്ത് ഉദ്ധവ് താക്കറെയേ തളർത്താനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങൾ കൊങ്കണിലെങ്കിലും വിജയം കാണുന്നത്തിന്‍റെ സൂചന. കൊങ്കൺ കൈപ്പിടിയിൽ നിന്നും വഴുതുന്നുവെന്ന് തിരിച്ചറിയുമ്പോഴാണ് ഉദ്ധവിന് സ്വന്തം വിഷയമായ ശിവജി തന്നെ ആയുധമായി വന്നുചേരുന്നത്. ശിവജി പ്രതിമ വീണ വിഷയം ഒരു നിലക്കും വിട്ടുവീഴ്ചയ്ക്ക് ഇടനൽകാതെ കത്തിയാളിക്കുകയാണ് ഉദ്ധവ്.

ശിവജി പ്രതിമയുടെ വീഴ്ചയിലെ അപകടം തിരിച്ചറിഞ്ഞ ബി.ജെ.പി അതിന്‍റെ ഉത്തരവാദിത്തം പൂർണ്ണമായും നാവികസേനയിലും പ്രതിമ ഉണ്ടാക്കിയ ശില്പികളിലും പരിമിതപ്പെടുത്താൻ ആഞ്ഞു ശ്രമിക്കുകയാണ്. പ്രതിമ ഉണ്ടാക്കിയതും അതിന്‍റെ മേൽനോട്ടവും നാവികസേനയാണെന്നാണ് ഉപമുഖ്യമന്ത്രി കൂടിയായ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആവർത്തിക്കുന്നത്. ദുർബലമായി പ്രതിമ നിർമിച്ചതിന് ശില്പികളെ പഴിപറയുക മാത്രമല്ല അവർക്കെതിരെ കേസെടുക്കുകയും ചെയ്യുന്നു. ശിവജി പ്രതിമ വീണതിലെ വേദന പ്രകടിപ്പിക്കാനും മറന്നില്ല. മുഖ്യമന്ത്രി ഷിൻഡെക്കും പ്രതികൾ ശില്പികളാണ്. നാവികസേനക്കും ശില്പികൾക്കും ഒപ്പം കാറ്റും മഴയും പ്രതിയാണ്. തുടർച്ചയായുള്ള കാറ്റും മഴയുമാണ് പ്രതിമ തകർന്നുവീഴാൻ കാരണമെന്നാണ് പറയുന്നത്. അപ്പോൾ എൻ.സി.പി സ്ഥാപകൻ ശരദ് പവാർ ചോദിക്കുന്നു; അതെന്താ ആ കാറ്റിലും മഴയത്തും പ്രതിമക്ക് ചുറ്റുമുള്ള മരങ്ങൾ വീഴാത്തത്? നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമിക്കപ്പെട്ട, ഇന്നും നിലനിൽക്കുന്ന, ശിവജിയുടെത് അടക്കമുള്ള പൗരാണിക നിർമിതികൾ ഒരു കേടുമില്ലാതെ തലയുയർത്തിനിൽക്കുന്നത് എം.വി.എ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. വലിയ അഴിമതിയാണ് പ്രതിമ നിർമാണത്തിനു പിന്നിൽ നടന്നിരിക്കുന്നതെന്നും ബി.ജെ.പിയുടെ ഇഷ്ടക്കാർക്കാണ് കരാറുകൾ ലഭിച്ചതെന്നും വ്യക്തമായ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും എം.വി.എ നേതാക്കൾ അവകാശപ്പെടുന്നു.

രാജ്കോട്ട് കോട്ടയിലെ ശിവജി പ്രതിമയുടെ തകർന്നുവീഴ്ച ഏറെക്കാലമായി മൗനത്തിലാണ്ടുപോയ 'ഛത്രപതി ശിവജി മഹാരാജ് സ്മാരക്' നിർമാണ പദ്ധതിയെ ഓർമയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. മുംബൈയിലെ അറബിക്കടലിൽ ശിവജി സ്മാരകം പണിയാനുള്ള ആലോചനക്ക് തുടക്കം കുറിച്ചത് 2004ൽ അന്നത്തെ കോൺഗ്രസ് - എൻ.സി.പി സഖ്യ സർക്കാറാണ്. നൂറുകോടി രൂപയായിരുന്നു അന്നത്തെ ബഡ്ജറ്റ്. 2014ൽ ബി.ജെ.പി- ശിവസേന സഖ്യ സർക്കാർ 3800 കോടി രൂപയായി ഉയർത്തുകയും പിന്നീട് അത് 2500 കോടിയായി ചുരുക്കുകയും ചെയ്തു. 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്മാരകത്തിന് ശിലപാകി. 2022 ഒക്ടോബറോടെ പണി തീർക്കുക എന്നതായിരുന്നു അന്നത്തെ ലക്ഷ്യം. എന്നാൽ ഇതുവരെ പണി തുടങ്ങിയിട്ടില്ല. മാത്രമല്ല സ്മാരകത്തിന് കണ്ടുവെച്ച കടൽഭാഗങ്ങളിൽ ചിലത് തീരദേശ റോഡിനായി വിട്ടുകൊടുക്കുകയും ചെയ്തു. ഈ സ്മാരകവും ശിവജി കേന്ദ്രബിന്ദുവായ മഹാരാഷ്ട്രീയത്തിന്‍റെ രാഷ്ട്രീയ കരുനീക്കങ്ങൾക്കപ്പുറത്തേക്ക് ഒന്നുമല്ല.

 

കൊങ്കണിൽ തിരിച്ചുവരവിന് ഉദ്ധവ് പക്ഷ ശിവസേനക്കും, മഹാരാഷ്ട്രയിൽ ബി.ജെ.പിയെ കുരുക്കിലാക്കുന്നതിന് എം.വി.എക്കും ശിവജി പ്രതിമ പിടിവള്ളിയായി മാറുമ്പോൾ മഹായൂതി സഖ്യത്തെ വിഷമവൃത്തത്തിലാക്കി സഖ്യകക്ഷി അജിത് പവാർ പക്ഷ എൻ.സി.പി പ്രതിഷേധവുമായി രംഗത്തുവരുന്നത് ഏറെ ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹായൂതിയുടെ, പ്രത്യേകിച്ച് ബി.ജെ.പിയുടെ മോശം പ്രകടനത്തിന് പ്രധാന കാരണം അജിത് പവാറാണെന്ന് ആർ.എസ്.എസ് പ്രസിദ്ധീകരണങ്ങൾ ലേഖനം എഴുതിയിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് പ്രതികൂലമാകുമെന്ന മുന്നറിയിപ്പും ലേഖനങ്ങൾ നൽകി. ഈ സാഹചര്യത്തിൽ അജിത്തിനെ ഒപ്പം കൊണ്ടുപോകാനും ഒഴിവാക്കാനും പറ്റാത്ത വിധം ബി.ജെ.പി കുരുക്കിലകപ്പെട്ടിരിക്കുകയാണ്. ഭാവി അനിശ്ചിതത്തിലായ അജിത്തിന്‍റെ ഇപ്പോഴത്തെ പെരുമാറ്റ രീതികളും ബി.ജെ.പിയേ കുഴക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലെ വീഴ്ചയിൽ നിന്നും കരകയറാൻ കൊണ്ടുവന്ന ധനസഹായ പദ്ധതികളോട് അജിത് പവാറിന് യോജിപ്പില്ല. ഷിൻഡെയും അജിത്തും രണ്ടു ദിക്കിലാണ്. എൻ.സി.പി ശരദ് പവാർ പക്ഷത്തേക്ക് തിരിച്ചുവരാനായില്ലെങ്കിൽ ബി.ജെ.പി സഖ്യത്തിൽ തുടരുകയല്ലാതെ അജിത്തിന് മറ്റ് മാർഗ്ഗങ്ങളില്ല. ബി.ജെ.പി സഖ്യത്തിൽ നിന്നാൽ ബി.ജെ.പിയുടെ ഹിന്ദുത്വ വോട്ടുകളോ എൻ.സി.പിയുടെ പരമ്പരാഗത മതേതര വോട്ടുകളോ തന്നെ തുണക്കില്ലെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പിൽ അജിത്ത് തിരിച്ചറിഞ്ഞതാണ്. മാത്രമല്ല, ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം അജിത് പക്ഷത്തെ എം.എൽ.എമാരിൽ പലരും ശരദ് പവാറിനോടുള്ള കൂറ് പരസ്യമായി പ്രകടിപ്പിക്കുന്നുമുണ്ട്. തലക്ക് മുകളിൽ നിയമനടപടികൾ തൂങ്ങിക്കിടക്കുന്നത് കൊണ്ടുമാത്രം അജിത്തിനൊപ്പം പോയതാണെന്ന് പലരും ഇതിനകം വെളിപ്പെടുത്തിക്കഴിഞ്ഞു. അജിത്താകട്ടെ, പവാറിന്‍റെ മകൾ സുപ്രിയക്ക് എതിരെ ഭാര്യ സുനേത്രയെ മത്സരിപ്പിച്ചതിലുള്ള പശ്ചാത്താപ ബോധത്തിലുമാണ്. ശിവജി പ്രതിമ വിഷയത്തിലെ അജിത്തിന്‍റെ നിലപാടിനെ ഇതൊക്കെ ചേർത്തുവച്ച് വായിക്കപ്പെടുന്നു.

 

ശിവജി പ്രതിമ തകർന്ന വിഷയത്തിൽ എം.വി.എ ഞായറാഴ്ച മുംബൈ നഗരത്തിൽ മാർച്ചിന് ഒരുങ്ങുകയാണ്. ഉദ്ധവ് താക്കറേ, ശരദ് പവാർ, കോൺഗ്രസ്‌ മഹാരാഷ്ട്ര അധ്യക്ഷൻ നാനാ പടോലേ എന്നിവരുടെ നേതൃത്വത്തിലാണ് ഹുതാത്മ ചൗക് മുതൽ ഗേറ്റ് വേ ഓഫ് ഇന്ത്യക്കടുത്തുള്ള ശിവജി പ്രതിമ വരെയുള്ള മാർച്ച്‌. എം.വി.എ വിഷയം അനാവശ്യമായി രാഷ്ട്രീയവൽക്കരിക്കുകയാണെന്നാണ് ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ആരോപണം. നിർമിച്ചത് നാവികസേനയുടെ മേൽനോട്ടത്തിലാണെങ്കിലും ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ശരദ് പവാറും പറയുന്നു. എട്ടുമാസം തികയും മുമ്പേ പ്രതിമ വീണത് എന്തുകൊണ്ടെന്ന അന്വേഷണത്തിലാണ് നാവികസേന. കാരണം എന്തുമാകട്ടെ, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ ശിവജിയും പ്രതിമയും മുഖ്യ രാഷ്ട്രീയ വിഷയമായി ശക്തിപ്രാപിക്കുകയാണ്. 

Tags:    
News Summary - When the toppled Shivaji statue shakes up Maratha politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.