ഓർമകളിൽ നിറഞ്ഞുനിൽക്കുന്ന ക്രിസ്മസ്

ക്രിസ്മസ് എന്നും എന്റെ ഓർമകൾക്ക് സുഗന്ധവും കാഴ്ചകൾക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലമാണ്. ക്രിസ്മസ്‌ എന്ന് ചിന്തിക്കുമ്പോഴേ മനസ്സിലേക്കോടിയെത്തുന്നത് കരോള്‍ രാത്രികളാണ്.

അലങ്കരിച്ച പുല്‍ക്കൂടും വയ്ക്കോല്‍മെത്തയും ഉണ്ണിയേശുവും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും ക്രിസ്മസ് കേക്കും രാവുകളിലെ കരോള്‍ സംഘങ്ങള്‍ക്കൊപ്പം പാട്ടുപാടിയുള്ള യാത്രയും ക്രിസ്മസ് അപ്പൂപ്പന്റെ ചിരിയും, സമ്മാനപ്പൊതികളും നിറഞ്ഞ നാടോർമകൾ. എല്ലാം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിമിഷങ്ങൾ സമ്മാനിക്കുന്നു. പള്ളിയിലെ ഞങ്ങളുടെ ഗായകസംഘം ക്രിസ്മസെത്തിയാല്‍ കരോള്‍ രാത്രികളില്‍ പാടേണ്ട ഗാനങ്ങള്‍ നേരത്തേ പാടി പരിശീലിക്കുമായിരുന്നു.

പാട്ടുപാടി മലകളും ഇടവഴികളും കയറി പെട്രോള്‍മാക്സിന്റെ വെട്ടത്തില്‍ മഞ്ഞുനനച്ച പാതകളിലെ എല്ലാ വീടുകളിലും ഉണ്ണിയേശുവിന്റെ പിറവിയുടെ സമാധാന സന്ദേശവുമായി ഗായകസംഘം സഞ്ചരിക്കും. ഒരേസമയം ആകാശത്തും ഭൂമിയിലും സമാധാനത്തിന്റെയും വിശുദ്ധിയുടെയും   ദൈവികസാമീപ്യം തരുന്ന സൗഖ്യമാണ് ക്രിസ്മസിന്റെ ദൂത്. ആ സന്ദേശം കരോള്‍രാവുകളില്‍ ഗായകസംഘത്തിനൊപ്പമെത്തുന്ന പള്ളീലച്ചന്‍ പാതിരാവുകളില്‍ തമ്പേറടിയുടെ ശബ്ദംകേട്ടുണരുന്ന വീട്ടുകാരുമായി പ്രാര്‍ഥനയിലൂടെ പകരും.

ഇടവകക്കാരുടെ വീടുകളില്‍ മാത്രമല്ല, നാനാജാതിമതസ്ഥരുടെ വീടുകളിലും കരോള്‍സംഘം സമാധാനത്തിന്റെ ക്രിസ്മസ് ദൂതുമായി കയറും. ക്രിസ്മസ് അപ്പൂപ്പൻ നീളന്‍ പോക്കറ്റിലെ മിഠായികൾ കുട്ടികള്‍ക്ക് വിതരണംചെയ്യും. ‘അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം’ എന്ന വിളികളോടെ പാട്ടുപാടി നടന്നകലും. പല വീടുകളില്‍ നിന്നും കരോള്‍ സംഘത്തിന് സല്‍ക്കാരങ്ങള്‍ ലഭിക്കും. കര്‍ഷകഭവനങ്ങളില്‍ കപ്പയും ചമ്മന്തിയും കാച്ചിലുമൊക്കെ, ധനികരുടെ വീടുകളില്‍ കേക്കും, വട്ടയപ്പവും അപ്പവും കോഴിക്കറിയുമാകും. സല്‍ക്കാരങ്ങളുടെ കാലംകൂടിയായിരുന്നു ക്രിസ്മസ്.

പ്രവാസജീവിതം ആരംഭിച്ചശേഷം ക്രിസ്മസ് കാലം പലപ്പോഴും വീടിനകത്തും ജോലിസ്ഥലങ്ങളിലുമൊക്കെ ചെലവഴിക്കേണ്ടിവരുന്നു. വീടിനകത്ത് ക്രിസ്മസ് ട്രീ, പുൽക്കൂട് തുടങ്ങിയവ ഉണ്ടാക്കും. ചില ആത്മീയ സംഘങ്ങളുടെ ഭാഗമായി ക്രിസ്മസ് കരോൾ സർവിസുകൾ വീട്ടിലെത്താറുണ്ട്. ക്രിസ്മസ് ദിനത്തിൽ പള്ളിയിൽ പോകുന്നത് പതിവാണ്.

മനോഹരമായി അലങ്കരിച്ച ദേവാലയം വേറിട്ടുനിൽക്കുന്ന കാഴ്ചയാണ്. പ്രധാന തെരുവുകളൊക്കെ അലങ്കരിച്ചിട്ടുണ്ടാകും. എല്ലാ വലിയ മാളുകളിലും ക്രിസ്മസ് ട്രീയും അപ്പൂപ്പനേയും കാണാം. കാഴ്ചക്ക് സുഖം തരുന്ന എല്ലാം പലയിടങ്ങളിലായി ഉള്ളപ്പോഴും നാട്ടിലെ പഴയ രാത്രികൾ മാത്രം ഒരിടത്തും കിട്ടില്ല.

Tags:    
News Summary - Christmas full of memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.