സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ: തീരുമാനം അനിശ്ചിതത്വത്തിൽ

മലപ്പുറം: പുതിയ ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ കരട് പട്ടിക തയാറായെങ്കിലും ചെയർമാൻ സ്ഥാനം ആർക്ക് നൽകണമെന്ന കാര്യത്തിൽ സർക്കാർ തീരുമാനം അനിശ്ചിതത്വത്തിൽ. കാന്തപുരം വിഭാഗം സുന്നികൾക്ക് തന്നെ ഇത്തവണയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ പദവി നൽകണോ എന്ന ആലോചനയിലാണ് സർക്കാർ. അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രിക്ക് മുന്നിലാണ്.

കരട്പട്ടികയുടെ ചർച്ചയിൽ മുഖ്യമന്ത്രി തന്നെയാണ് വീണ്ടും ചെയർമാൻ പദവി എ.പി വിഭാഗത്തിന് നൽകേണ്ടതുണ്ടോ എന്ന സംശയം ഉന്നയിച്ചത്. ഈ വിഷയത്തിൽ അന്തിമ തീരുമാനമാവാത്തതാണ് പുതിയ കമ്മിറ്റി നിലവിൽ വരാൻ താമസം. അതിനിടെ സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ പുതിയ കമ്മിറ്റി പ്രഖ്യാപിക്കാൻ ഇനി നവംബർ അവസാനവാരം വരെ കാത്തിരിക്കേണ്ടി വരും. ഹജ്ജിന്‍റെ നടപടികൾ ഇതിനകം ആരംഭിച്ച സ്ഥിതിക്ക് പുതിയ കമ്മിറ്റി രൂപവത്കരിക്കാത്തത് പ്രതിസന്ധിക്ക് കാരണമാവും.

മൂന്ന് വർഷമാണ് ഹജ്ജ് കമ്മിറ്റി കാലാവധി. ചെയർമാൻ പദവി സമുദായ സംഘടന പ്രതിനിധികൾക്ക് നൽകണോ, ജനപ്രതിനിധികളിൽ നിന്ന് പരിഗണിക്കണോ എന്ന ചർച്ചയുമുണ്ട്. കഴിഞ്ഞ രണ്ട് ഊഴവും എ.പി. വിഭാഗം സുന്നി പ്രതിനിധിയായ സി. മുഹമ്മദ് ഫൈസിക്കായിരുന്നു. മുമ്പ് പി.ടി.എ റഹീം എം.എൽ.എ ചെയർമാൻ പദവി വഹിച്ചിരുന്നു.

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഉമർ ഫൈസി മുക്കം, അഡ്വ. മൊയ്തീൻ കുട്ടി, ഐ.പി. അബ്ദുൽസലാം, അനസ് ഹാജി എറാണാകുളം, കരമന ബയാർ, പി.ടി.എ റഹീം എം.എൽ.എ, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, പി.വി അബ്ദുൽ വഹാബ് എം.പി, അഷ്കർ കോരാട്, പി.ടി. അക്ബർ, ഇ. സുലൈമാൻ ഹാജി തുടങ്ങിയവരുടെ പേരാണ് പട്ടികയിലുള്ളത്. ഐ.എൻ.എൽ ഇരുവിഭാഗങ്ങളും അംഗത്വം ആവശ്യപ്പെട്ടതിനാൽ ആരെയും പരിഗണിച്ചിട്ടില്ല. വഖഫ് ബോർഡ് ചെയർമാനും, ഹജ്ജ് എക്സിക്യൂട്ടീവ് ഓഫിസറുമുൾപടെ 16 അംഗ സമിതിയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി.

ഹുസൈൻ സഖാഫി ചുള്ളിക്കോടിന് ചെയർമാൻ പദവി നൽകണമെന്നാണ് കാന്തപുരം വിഭാഗത്തിന്റെ ആവശ്യം. ദക്ഷിണ കേരള ജംഇയത്തുൽ ഉലമ പ്രതിനിധികളായ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി എന്നിവരുടെ പേര് പട്ടികയിൽ ഉൾപെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. കരമന ബയാർ മാത്രമാണ് ഇത്തവണ ദക്ഷിണകേരളയുടെ പ്രതിനിധി. പട്ടികയിൽ ഇനിയും കൂട്ടിച്ചേർക്കലുകളുണ്ടാവുമെന്നാണ് സൂചന.

Tags:    
News Summary - State Haj Committee Chairman: Decision Uncertain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.