വയനാട് പിണങ്ങോട് പീസ് വില്ലേജിലെ അന്തേവാസികൾ 

ഇവിടത്തെ മൈലാഞ്ചിക്ക് മൊഞ്ചേറും

ളയിട്ട കൈകളിൽ മൈലാഞ്ചിച്ചുവപ്പണിഞ്ഞ് പെരുന്നാൾ പ്രഭാതത്തെ കാത്തിരിക്കുന്നതിന്റെ ഓർമകളൊന്നും കദീജ ഉമ്മക്കില്ലെങ്കിലും മിക്ക ദിവസങ്ങളിലും തന്റെ കുടിലിന്റെ മുറ്റത്ത് ചിന്നം വിളിച്ചെത്തുന്ന കാട്ടാനയുടെ ഓർമ ഇപ്പോഴും തെളിഞ്ഞുവരുന്നുണ്ട്. ആ ഭീതിയുടെ ദിനങ്ങൾക്ക് പെരുന്നാളെന്നോ വിഷുവെന്നോ ക്രിസ്മസെന്നോ വേർതിരിവില്ലായിരുന്നു.

ഇപ്പോഴത്തെ വയസ്സ് പോലും തിട്ടപ്പെടുത്തിയെടുക്കാൻ കഴിയാത്ത പനമരം നാല് സെന്റ് കോളനിയിലെ കദീജ പക്ഷേ, വയനാട് പിണങ്ങോടുള്ള പീസ് വില്ലേജിലെ കട്ടിലിലിരുന്ന് തന്റെ പഴയ കാലത്തെ ഭീതിനിറഞ്ഞ ദിനങ്ങളെക്കുറിച്ച് വാചാലയാകുന്നുണ്ട്. വർഷങ്ങൾക്കു മുമ്പ് ഭർത്താവ് തനിച്ചാക്കി ലോകത്തോട് വിടപറഞ്ഞതിനുശേഷം ഒറ്റക്കൊരു കുടിലിലായിരുന്നു താമസം. പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോഴുള്ള പെരുന്നാൾ ദിനങ്ങളൊന്നും അത്ര സുഖകരമായ ഓർമയല്ല അവർക്ക്. എന്നാൽ, സാന്ത്വനത്തിന്റെ സ്നേഹസ്പർശത്തിൽ പ്രയാസപ്പെടുന്നവർക്ക് തണലായ പീസ് വില്ലേജിൽ എത്തിയതോടെ ഒറ്റപ്പെടലും ദാരിദ്ര്യവും സങ്കടങ്ങളും ഭയവുമെല്ലാം ഒലിച്ചുപോയതു പോലെ. പ്രായാധിക്യം വല്ലാതെ തളർത്തിയെങ്കിലും പെരുന്നാൾ തലേന്ന് ആരൊക്കെയോ വന്ന് മൈലാഞ്ചിയിട്ടുതരും. പുത്തനുടുപ്പും വളകളും കമ്മലുമൊക്കെ നേരത്തേ എത്തിച്ചിട്ടുണ്ടാകും.

പെരുന്നാൾ ദിനത്തിൽ രാവിലെ ചൂടു വെള്ളത്തിൽ കുളിപ്പിച്ചുതരാൻ പോലും പരിചരിക്കുന്നവർ റെഡി. വിഭവസമൃദ്ധമായ ഭക്ഷണം. അവിടെയൊന്നും തീരുന്നില്ല പീസ് വില്ലേജിലെ പെരുന്നാൾ സന്തോഷങ്ങൾ. പാട്ടും ഒപ്പനയുമായി ബഹു കേമമായിരിക്കും അന്നത്തെ രാത്രി. ഈ പ്രായത്തിൽ എങ്ങനെ പാട്ടും ഒപ്പനയുമെന്നൊന്നും അവരോട് ചോദിക്കണ്ട. ഇവിടെ സന്തോഷത്തിന്റെ, കൂട്ടായ്മയുടെ, കൂടിച്ചേരലിന്റെ രാവുകൾ അവർക്കുള്ളതാണ്, പ്രായമൊന്നും അതിനൊരു തടസ്സമാകുന്നില്ല. ബാലുശ്ശേരിക്കാരിയായ സുൽഫത്ത് ഉമ്മ നാലു വർഷമായി പീസ് വില്ലേജിനോടൊപ്പമാണ്. പെരുന്നാൾ ദിനത്തിൽ പാടാൻ സ്വന്തമായി പാട്ടുപോലും സ്വയം തയാറാക്കി പാടിയിട്ടുണ്ട് ഈ 75കാരി. തന്നെ തിരിഞ്ഞുനോക്കാൻ പോലും ആരുമില്ലാത്തിടത്തുനിന്ന് ഇവിടെയെത്തിയതോടെ കുടുംബവും കൂട്ടും സംരക്ഷകരുമൊക്കെ വേണ്ടുവോളം ലഭിച്ചു സുൽഫത്തുമ്മക്ക്. പെരുന്നാൾ ദിനത്തിലും പിറ്റേന്നുമൊക്കെയായി പീസ് വില്ലേജിലേക്ക് നിരവധി പേർ സന്ദർശനത്തിന് എത്തും.

അവരോടൊപ്പം ആടിയും പാടിയും ഉണ്ടും പ്രായം വെറും അക്കങ്ങളാണെന്ന് ഇവിടത്തെ ഉമ്മമാരും അമ്മമാരും തെളിയിക്കും. അത്രമാത്രം ഹാപ്പിയാണ് അവർ ഇവിടം. പെരുന്നാൾ ദിനത്തിൽ മാത്രമല്ല ആഘോഷ ദിനങ്ങളിലൊക്കെ സന്ദർശകരുടെ പ്രവാഹമാണിവിടം. ജീവിതം പഠിക്കാനും അടുത്തറിയാനും എത്തുന്നവർ വേറെയും. മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും അതിർവരമ്പുകൾ സൃഷ്ടിക്കുന്ന ഇന്നിന്റെ ദുഷിച്ച ലോകത്ത് മനുഷ്യൻ എന്ന ഒറ്റ അടയാളപ്പെടുത്തലിലാണ് പീസ് വില്ലേജിന്റെ ഇടം. അതുകൊണ്ടുതന്നെ മതത്തിന്റെ വേർതിരിവുകളില്ലാതെ അർഹരായവരൊക്കെ ഈ സ്നേഹാലയത്തിലെ അന്തേവാസികളാണ്.

തങ്ങളുടെ നാടിനെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഓർത്ത് സങ്കടങ്ങളില്ലെന്നല്ല, മറിച്ച് ആ സങ്കടങ്ങളൊക്കെ ഈ സ്നേഹാരാമത്തിൽ അലിഞ്ഞില്ലാതാകുമെന്നാണ് കോട്ടയം സ്വദേശിനിയായ മറിയം ബീവി പറയുന്നത്. പെരുന്നാളിന് പുത്തനുടുപ്പുകൾ പോയിട്ട് ഭക്ഷണംപോലും പലപ്പോഴും അന്യമായിരുന്നു. അഞ്ചു വർഷമായി പീസ് വില്ലേജിലെത്തിയിട്ട്. അതേപ്പിന്നെ, പെരുന്നാളുകൾക്കൊക്കെ പറഞ്ഞറിയിക്കാൻ പറ്റാത്ത വല്ലാത്തൊരു സന്തോഷമാണെന്ന് ഇവർ പറയുന്നു. ബീക്കുട്ടിക്കും മറിയക്കുട്ടിക്കുമൊക്കെ മനസ്സ് നിറഞ്ഞു തുളുമ്പുന്ന പീസ് വില്ലേജിലെ സന്തോഷപ്പെരുന്നാളിനെക്കുറിച്ചു പറയാൻ നൂറു നാവാണ്. എല്ലാ സമുദായത്തിൽപെട്ടവരും ഇവിടത്തെ അന്തേവാസികളിലുള്ളതുകൊണ്ടുതന്നെ പെരുന്നാൾ മാത്രമല്ല, ഓണവും ക്രിസ്മസും വിഷുവുമെല്ലാം പീസ് വില്ലേജിൽ വലിയ ആഘോഷമാണ്.

Tags:    
News Summary - Eid al-Adha 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.