സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയവരെ കോഴിക്കോട് എമ്പാർക്കേഷൻ പോയിന്റിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

ഹാജിമാരുടെ ആദ്യസംഘം കരിപ്പൂരിൽ തിരിച്ചെത്തി

മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയ തീർത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി. കരിപ്പൂരിൽ നിന്ന് മെയ് 21 ന് പുലർച്ചെ പുറപ്പെട്ട ആദ്യ വിമാനത്തിൽ യാത്ര പുറപ്പെട്ട 166 ഹാജിമാരാണ് തിങ്കളാഴ്ച വൈകീട്ട് 4.15ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തിരിച്ചെത്തിയത്. മുക്കാൽ മണിക്കൂറിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെർമിനലിന് പുറത്തെത്തിയവരെ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. 161 തീർത്ഥാടകരുമായി രണ്ടാമത്തെ ഹജ്ജ് വിമാനം 8.30 ഓടെ എത്തും. ആദ്യദിനം 327 പേരാണ് തിരിച്ചെത്തുന്നത്.

ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ അഡ്വ. പി. മൊയ്തീൻകുട്ടി, ഡോ. ഐ.പി. അബ്ദുസ്സലാം, ഉമ്മർ ഫൈസി മുക്കം, പി.ടി. അക്ബർ, സഫർ കയാൽ, പി.പി. മുഹമ്മദ് റാഫി, മുഹമ്മദ് ഖാസിം കോയ, കൊണ്ടോട്ടി നഗരസഭാ വൈസ് ചെയർമാൻ അഷ്റഫ് മടാൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. ഫിറോസ്, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി മുഹമ്മദലി എൻ., ഹജ്ജ് വകുപ്പ് മന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥൻ യൂസുഫ് പടനിലം, ഹസൈൻ പി.കെ, തുടങ്ങിയവർ സ്വീകരിച്ചു.

ഹാജിമാരെ സഹായിക്കാൻ സെൽ ഓഫീസർ പി.കെ മുഹമ്മദ് ഷഫീഖിന്‍റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ 17 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവർ ലഗേജ്, സംസം വിതരണം തുടങ്ങിയ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നു. ഹജ് കമ്മിറ്റി വളണ്ടിയർമാരും ട്രൈനർമാരും സഹായിക്കാൻ ഉണ്ടായിരുന്നു.

കേരളത്തിൽ നിന്നും ഇത്തവണ മൂന്ന് എമ്പാർക്കേഷൻ പോയിന്റുകളിൽ നിന്നാണ് ഹാജിമാർ യാത്ര തിരിച്ചത്. ഇതിൽ കോഴിക്കോട് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും യാത്ര തിരിച്ചവരുടെ മടക്ക യാത്രയാണ് ആരംഭിച്ചത്. കൊച്ചിയിലേക്കും കണ്ണൂരിലേക്കുമുള്ള മടക്ക യാത്രാ വിമാനങ്ങൾ ജൂലൈ 10ന് ആരംഭിക്കും. സൗദി എയർലൈൻസാണ് കൊച്ചിയിലും കണ്ണൂരിലും സർവീസ് നടത്തുന്നത്.

കൊച്ചിൻ എമ്പാർക്കേഷൻ പോയിന്റിലേക്കുള്ള ആദ്യ വിമാനം ജൂലൈ 10ന് രാവിലെ 10.35നും കണ്ണൂരിലേക്കുള്ള ആദ്യ സർവീസ് 10ന് ഉച്ചക്ക് 12 നുമാണെത്തുന്നത്. കേരളത്തിലേക്ക് മൊത്തം 89 സർവീസുകളാണുള്ളത്. കോഴിക്കോട് 64, കൊച്ചി 16, കണ്ണൂർ 9 സർവ്വീസുകളുണ്ടാകും. ജൂലൈ 22നാണ് അവസാന സർവീസ്.

Tags:    
News Summary - first group of Hajj pilgrims returned to Calicut Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.