'ഓരോ ഉത്സവവും സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ആഘോഷങ്ങളാകണം'

ഞാനങ്ങനെയൊരു വായാടിയൊന്നുമല്ല. പക്ഷേ മനുഷ്യരുമായി ഇടപഴകാന്‍, അവരിലേക്കിറങ്ങിച്ചെല്ലാന്‍ എനിക്കേറെ ഇഷ്ടമാണ്. എന്നാല്‍ ആളുകളെ കണ്ടു സംസാരിക്കാനായി പാര്‍ട്ടികളില്‍ നിന്നും പാര്‍ട്ടികളിലേക്ക് തുള്ളിച്ചാടി നടക്കാന്‍ എനിക്കാവില്ല. മനുഷ്യരാണെന്റെ ദൗര്‍ബല്യം. അവരെ കേള്‍ക്കാനും അവരെ അറിയാനും കഴിയുന്നതിലൂടെയാണ് നിങ്ങള്‍ ലോകത്തെയറിയുക എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഓരോ തവണയും നാട്ടിലേക്ക് മടങ്ങുമ്പോള്‍ കോര്‍പറേറ്റ് ശ്രേണികളുടെ ബാധ്യതയില്ലാതെ ഞാന്‍ പഴയ ഞാനാവുന്നതും ജീവിതത്തിന്റെ നിര്‍മ്മലമായ സൗന്ദര്യത്തിലേക്ക് മടങ്ങി പഴയകാലം എനിക്ക് തിരിച്ചുപിടിക്കാന്‍ കഴിയുന്നതും അതുകൊണ്ടാണ്. ചുറ്റും മനുഷ്യരില്ലെങ്കില്‍ അതെന്നെ വല്ലാതെ ഏകാകിയാക്കും എന്നെനിയ്ക്ക് പലപ്പോഴും തോന്നാറുണ്ട്.

'ഏതാനും നാളുകള്‍, അല്ലെങ്കില്‍ ഇത്തിരിനേരം ആളുകളില്‍ നിന്നും അകന്ന് കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ഇത്രയും ഏകാന്തത അനുഭവപ്പെടുന്നുവെങ്കില്‍, ജീവിതസായാഹ്നം മുഴുവന്‍ ഏകാന്തതയില്‍ കഴിച്ചുകൂട്ടേണ്ടിവരുന്ന വൃദ്ധരുടെ അവസ്ഥ ഒന്ന് ഊഹിച്ചുനോക്കു...' എന്റെ ക്ഷണികമായ ഏകാന്തവ്യഥയുടെ കഥ കേട്ടപ്പോള്‍ ഒരു സുഹൃത്ത് ചോദിച്ചതാണ്.

താന്‍ തനിച്ചാണെന്ന് തോന്നുമ്പോഴെല്ലാം എന്റെ ഉമ്മയ്ക്ക് ഞങ്ങളില്‍ ആരുടെയടുത്തേക്കും പറന്നെത്താനാവും. ഉപ്പ പോയ ശേഷം ഞങ്ങളാരെങ്കിലും മിക്ക സമയത്തും അവരോടൊപ്പം കാണും. പക്ഷെ എത്രപേര്‍ക്ക് ഈ ഭാഗ്യമുണ്ട്? പലര്‍ക്കും അങ്ങിനെയൊരു ജീവിതമൊന്നുമില്ല. ജീവിതസായാഹ്നത്തില്‍ കടലുകള്‍ക്കപ്പുറമുള്ള മക്കളുടെയും പേരക്കുട്ടികളുടെയും വിഡിയോ കാളിനായി കാത്ത് മൊബൈല്‍ ഫോണ്‍ തലയ്ക്കരികില്‍ വെച്ച് സ്വപ്നം കണ്ടുറങ്ങാന്‍ വിധിയ്ക്കപ്പെട്ട എത്രയോ വൃദ്ധരില്ലേ നമുക്കിടയില്‍? ചിലപ്പോള്‍ ഒരു റിങ്ടോൺ അവരെ സ്വപ്നങ്ങളില്‍ നിന്ന് ഉണര്‍ത്തുന്നു, മറ്റുചിലപ്പോള്‍ അവര്‍ക്കായി ഫോണ്‍ റിങ് ചെയ്യുക പോലുമില്ല. രണ്ട് ടൈം സോണുകളില്‍ രണ്ട് ജീവിതം. നിങ്ങള്‍ ഉണര്‍ന്നിരിക്കുമ്പോള്‍, നിങ്ങളുടെ കുട്ടികള്‍ ഗാഢനിദ്രയിലായിരിക്കും, നിങ്ങള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവര്‍ ജീവിതത്തിന്റെ തിരക്കുകളിലേക്ക് നടക്കും. അതിനിടയിലുള്ള വിളികളില്‍ പലപ്പോഴും ഔപചാരികമായ ചോദ്യങ്ങള്‍, ജോലിസംബന്ധമായ ടെന്‍ഷനുകള്‍, അവരെ വേട്ടയാടുന്ന ജീവിതഭാരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിലാപങ്ങളാവും പലപ്പോഴും... അതിനിടയില്‍ മുത്തശ്ശനോടും മുത്തശ്ശിയോടും മാതൃഭാഷയില്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുന്ന പേരക്കുട്ടികളുടെ ശബ്ദം... ജീവിതനാടകം.

''അച്ഛാ, അച്ഛനെത്ര ഭാഗ്യവാനാണ്... നിങ്ങളുടെയൊക്കെ ജീവിതം ഞങ്ങളുടേതിനേക്കാള്‍ എത്രയോ സുന്ദരം...,'' മകന്‍ പതിവ് ഗൃഹാതുരത്വത്തിന്റെ ഭാണ്ഡമഴിക്കുന്നു. ശുദ്ധവായു, കിണറിലെ ശുദ്ധജലം, അവിടുത്തെ ജോലിപ്രശ്‌നങ്ങള്‍, നാടിനോടുള്ള പ്രണയം...

''എന്നാലിങ്ങോട്ട് പോന്നൂടെ, അവിടെക്കിടന്നു ചക്രശ്വാസം വലിയ്ക്കാതെ..?'' അച്ഛന്റെ ചോദ്യം കേട്ടില്ലെന്നു നടിയ്ക്കാന്‍ മകന് നന്നായറിയാം. പതിവുമട്ടില്‍ ഫോണ്‍ സംഭാഷണം അവസാനിയ്ക്കുന്നു.

എന്നാല്‍ മരുമകള്‍ ഗര്‍ഭിണിയായപ്പോള്‍ കഥ ഇതൊന്നുമായിരിക്കില്ല. വിദേശജീവിതം നല്‍കുന്ന സുഖസൗകര്യങ്ങള്‍, ജീവിതനിലവാരം... ''നിങ്ങള്‍ രണ്ടുപേരും ഇവിടെ വന്ന് ഞങ്ങളുടെ കൂടെ നില്‍ക്കണം. അവിടെ എന്തിനാ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നത്?'' കുഞ്ഞ് പിച്ചവെയ്ക്കാന്‍ തുടങ്ങിയാൽ കഥ മാറി. അവനെ ക്രെഷിലാക്കാന്‍ ആയതോടെ മകന്‍ നാട്ടിലേക്കുള്ള വിമാനടിക്കറ്റ് വേഗം കൂട്ടും. അച്ഛനുമമ്മയ്ക്കും അവിടുത്തെ കാലാവസ്ഥയില്‍ ജീവിയ്ക്കാനുള്ള ബുദ്ധിമുട്ടും നഗരത്തിന്റെ തത്രപ്പാടുകളും ഒരു ഡോക്ടറെ പോലും കാണാനുള്ള പ്രശ്‌നങ്ങളുമൊക്കെ വിദഗ്ദ്ധമായി ചര്‍ച്ചയാകും. പിന്നെ നാട്ടില്‍, മക്കളുടെ വിയര്‍പ്പില്‍ വാര്‍ത്തെടുത്ത, തങ്ങളുടെ മാനസികാവസ്ഥയ്ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത വലിയ മാളികയുടെ നിശബ്ദതയിലേക്കും ഏകാന്തതയിലേക്കുമുള്ള മടക്കം.

കേരളത്തിലെ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലെയും അടിസ്ഥാന യാഥാര്‍ഥ്യം ഇതുതന്നെയാണ്. അപൂര്‍വം ഭാഗ്യശാലികള്‍ക്ക് മാത്രമേ വാര്‍ദ്ധക്യത്തിലും ജീവിതത്തിന്റെ വര്‍ണ്ണങ്ങളും സംഗീതവും ഭംഗിയായി ആഘോഷിക്കാനാവുകയുള്ളു.

ഈ ബലിപെരുന്നാള്‍ വേളയില്‍ ആഘോഷത്തെക്കാളധികം എന്റെ മനസ്സില്‍ മിന്നിമറയുന്ന ചിന്തകള്‍ ഈ ഏകാന്തതയാണ്. ഈദ് ആയാലും ക്രിസ്മസ് ആയാലും ഓണമായാലും വൃദ്ധരായ മനുഷ്യര്‍ അവരുടെ ഉത്സവദിനങ്ങളില്‍ അനുഭവിയ്ക്കുന്ന ഏകാന്തത... അവര്‍ എങ്ങനെ ആഘോഷദിനങ്ങള്‍ ചിലവഴിക്കുന്നു? അവര്‍ എന്ത് നേടുന്നു? അയല്‍പക്കത്ത് ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍, അതില്‍നിന്നെല്ലാമകന്നുപോകുന്നവര്‍... അവരില്‍ പലരുടെയും കാത്തിരിപ്പുകള്‍ വ്യര്‍ഥമാണ്. അങ്ങുദൂരെ നക്ഷത്രങ്ങള്‍ക്കിടയിലേക്ക് മറയുന്ന വിമാനങ്ങള്‍ കാണുമ്പോള്‍ വീണ്ടും അതെന്നെ ഏകാന്തതയിലേക്കാണ് നയിക്കുന്നത്. പല മാനങ്ങളുള്ള ഏകാന്തത.

ഈ ചിന്തകള്‍ എന്നെ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ചിന്തയിലേക്കാണ് കൊണ്ടുപോകുന്നത്; യുദ്ധക്കളം തന്നെ ഉത്സവഭൂമിയാക്കേണ്ടിവരുന്ന യോദ്ധാക്കളുടെ ലോകത്തേക്ക്. ഒരു തുണ്ടം റൊട്ടിയും ഒരു കുപ്പി വെള്ളവുമായി ഏതെങ്കിലും ഒരു പാറക്കെട്ടിന് പിന്നില്‍ ശത്രുവിന് നേരെ ഉന്നം പിടിച്ച് മറഞ്ഞിരിക്കുമ്പോള്‍ കലണ്ടറും കാലവും നിശ്ചലമാവുന്നു. അവിടെ അവന്‍ എന്താണ് ആഘോഷിക്കുക? അയാളുടെ ഭാര്യ സെല്‍ഫോണിലൂടെ അയാളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നെങ്കിലും അവരതില്‍ ദയനീയമായി പരാജയപ്പെടുന്നു. ഉത്സവനാളുകള്‍ എന്നത് പലര്‍ക്കും കാത്തിരിപ്പിന്റെ നാളുകള്‍ കൂടിയാണ്, വിരഹത്തിന്റെയും.

ഇവിടെയാണ് നമ്മള്‍ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള ആഘോഷങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത്. എന്റെയൊക്കെ കുട്ടിക്കാലത്ത്, സോഷ്യല്‍മീഡിയയൊന്നും പിറവിയെടുക്കാത്ത നാളുകളില്‍ ഇത്രയൊന്നും നഗരവത്കരണം നടന്നിട്ടില്ലാത്ത കേരളത്തില്‍, ആഘോഷങ്ങള്‍ക്ക് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ലായിരുന്നു. ഞങ്ങള്‍ക്കെല്ലാം ആഘോഷിക്കാന്‍ ഒരുപാട് ഉണ്ടായിരുന്നു. ഇന്ന് എല്ലാവരും ആഘോഷിക്കുന്നുണ്ടെങ്കിലും സമ്പത്ത് അതില്‍ ഒരു ഘടകം തന്നെയാണ്. മാത്രമല്ല, നഗരവത്കരണം അതോടൊപ്പം ഏകാന്തതയെയും കൊണ്ടുവന്നു.

ഗള്‍ഫ് രാജ്യങ്ങളിലാകട്ടെ, ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്ന തൊഴിലാളികളും ബങ്കര്‍ കട്ടിലിന്റെ ഒരു കോണിലേക്ക് ജീവിതം ചുരുക്കിയ കുറഞ്ഞ വരുമാനമുള്ള ആളുകളും എന്താണാഘോഷിക്കുക? ഉത്സവാഘോഷ വേളകളില്‍ സ്വന്തം നാട്ടിലേക്ക് പറക്കുക എന്നത് അവരില്‍ പലര്‍ക്കും ഒരു വലിയ സ്വപ്നമാണ്. കുതിച്ചുയരുന്ന വിമാനക്കൂലി കാരണം പലപ്പോഴും നടക്കാത്ത സ്വപ്നം. വന്‍തുക ചിലവഴിച്ച്

കുടുംബത്തോടൊപ്പം ഉത്സവനാളുകളില്‍ കഴിയാനുള്ള സമ്പത്ത് അവരുടെ കയ്യിലില്ല. അവര്‍ പകുക്കുന്നത് പലപ്പോഴും ദാരിദ്ര്യമാണ്. ഫ്ലാറ്റ് വാസികള്‍ക്കെല്ലാം കൂടി ഉള്ള കുഞ്ഞടുക്കളയില്‍ ഉണ്ടാക്കിയ സദ്യയും പിന്നെ ഒരു വിഡിയോ കാളും കൊണ്ട് അവരുടെ സ്വപ്നം പലപ്പോഴും അവസാനിക്കുന്നു. ആ മുറിയില്‍ അവരെല്ലാവരും ഒന്നാണ്. ആട്ടവും പാട്ടും സദ്യയുമായി ഒരു പകല്‍, അടുത്ത ദിവസം വീണ്ടും പതിവുജോലികള്‍, വിഹ്വലതകള്‍. കാത്തിരിപ്പുണ്ട് മാസം വരുന്ന പണത്തിനായി വീട്ടില്‍ ഒരുപാട് പേര്‍.

ഇതിന്റെ തോത് വ്യത്യസ്തമാണെങ്കിലും കോര്‍പ്പറേറ്റ് ലോകത്തും ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് ഇതേ ഏകാന്തത അനുഭവപ്പെട്ടു എന്നുവരാം. എനിക്ക് വേണമെങ്കില്‍ ഒരു ഇടവേളയെടുത്ത് ഷോപ്പിങിന് പോകാം, എന്റെ വീടിന്റെ സ്വകാര്യതയില്‍ ഒരു സിനിമ ആസ്വദിക്കാം, അല്ലെങ്കില്‍ സുഹൃത്തുക്കളെയോ സഹപ്രവര്‍ത്തകരെയോ സന്ദര്‍ശിക്കാം. എനിക്ക് ഇഷ്ടമുള്ള വസ്ത്രവും ഗാഡ്ജെറ്റുകളും വാങ്ങാം. എന്നാല്‍ നമ്മള്‍ നമ്മുടെ സ്വകാര്യ ഇടത്തില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിക്കുന്ന സമയങ്ങളുണ്ട്. പേള്‍ ബക്ക് പറഞ്ഞതുപോലെ, ''എന്റെ ഉള്ളില്‍ ഞാന്‍ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു ഇടമുണ്ട്, അവിടെയാണ് ഒരിക്കലും വറ്റാത്ത നിങ്ങളുടെ ഉറവകളെ നിങ്ങള്‍ നവീകരിയ്ക്കുന്നത്.'' എന്നാല്‍ സ്വന്തം സ്വപ്നങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിയാത്ത പാവങ്ങളുടെ കാര്യമോ? അവരുടെ ഏകാന്തത... അവരുടെ ജീവിതസംഘര്‍ഷങ്ങള്‍... നിലനില്‍പ്പിന് വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങള്‍? അവരോട് സഹാനുഭൂതി കാണിക്കുകയും അവരുടെ ഏകാന്തതയും വിഹ്വലതയും പങ്കുവെക്കുകയും ചെയ്യുമ്പോള്‍ മാത്രമേ നമ്മുടെ ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാകൂ എന്ന് ഞാന്‍ കരുതുന്നു.

ഏതൊരു ഉത്സവവുംപോലെ പെരുന്നാള്‍ എന്നതും ഉള്ളില്‍ നിറയുന്ന ഒരുമയുടെ, നന്മയുടെ, സഹവര്‍ത്തിത്വത്തിന്റെ ആഘോഷമാണെന്ന് ഞാന്‍ കരുതുന്നു - പങ്കിടലും, പാരസ്പര്യവും, മാനവികതയുമായി ഒന്നായി ചേരുന്ന ആഘോഷം.

(ഫിറ്റ്സ് എയർ കോർപറേറ്റ് റിഫോംസ് വൈസ് പ്രസിഡൻ്റാണ് ലേഖിക)

Tags:    
News Summary - 'Every festival should be a celebration that reaches out to the community'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.