അ​ന്നൊ​രു ക്രി​സ്മസ് രാ​വി​ൽ...

ഒരു ക്രിസ്മസ് ഞായറാഴ്ചയായിരുന്നു അന്ന്. ആരാധനയൊക്കെ കഴിഞ്ഞ് ഇരുനിലയുള്ള പാഴ്സണേജിന്റെ മട്ടുപ്പാവിലിരുന്ന് പത്രം വായിക്കുകയായിരുന്നു ഞാൻ. അവിടന്ന് താഴേക്കുനോക്കിയാൽ ഇന്ദ്രപ്രസ്ഥത്തിലെ വിശാലമായ യൂക്കാലിപ്റ്റസ് തോട്ടങ്ങൾ കാണാം. അതിനോട് ചേർന്നുള്ള പുറമ്പോക്ക് സ്ഥലത്ത് ഒരു കൊച്ച് ടെന്റ് കെട്ടിയാണ് ഭീം സിങ് പഹാഡിയ താമസിച്ചിരുന്നത്. യു.പിയിൽനിന്നുള്ള ഒരു പാവം ജാട്ട് യുവാവ്. എന്റെ ദേവാലയത്തിലെ പൂന്തോട്ടം സൂക്ഷിപ്പുകാരനാണ് പഹാഡിയ. മാത്രമല്ല, ഞാൻ മാനേജറായ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പാർട്ട്ടൈം സ്വീപ്പറും. 28 വയസ്സ് പ്രായംവരും. എല്ലാവരെയും തന്നേക്കാൾ ശ്രേഷ്ഠനായി കാണുന്ന സ്വഭാവം. അമിത ബഹുമാനം മൂലമാകാം സംസാരിക്കുമ്പോൾ ‘യേസ് സാബ്, യേസ് സാബ്’ എന്ന് ഓരോ വാചകത്തിലും ആവർത്തിച്ചുകൊണ്ടിരിക്കും.

വൃദ്ധരായ മാതാപിതാക്കളും ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമുണ്ടായിരുന്നു അയാൾക്ക്. യു.പിയിലെ ഏതോ ഗ്രാമത്തിലാണ് അവരൊക്കെ താമസിച്ചിരുന്നത്. ഒരു കീഴ്ജീവനക്കാരനെപോലെ ഒരിക്കലും ഞാൻ അയാളോട് പെരുമാറിയിട്ടില്ല. കള്ളം എന്തെന്നറിയാത്ത ആ നിഷ്കളങ്ക മനുഷ്യനോട് എനിക്കെന്നല്ല, ആർക്കും അങ്ങനെ പെരുമാറാൻ സാധിക്കുമായിരുന്നില്ല.

തിരക്കൊഴിഞ്ഞ വേളകളിൽ അയാളോട് ഞാൻ കുടുംബവിശേഷങ്ങൾ തിരക്കും. മാതാപിതാക്കളെയും ഭാര്യയെയും കുഞ്ഞുങ്ങളെയും സ്വന്തം പ്രാണനേക്കാളേറെ അയാൾ സ്നേഹിച്ചിരുന്നു. തനിക്ക് ലഭിച്ചിരുന്ന ശമ്പളത്തിൽനിന്ന് മിച്ചംപിടിച്ച് ഒരുതുക മാസംതോറും മുടങ്ങാതെ അയാൾ വീട്ടിലേക്ക് അയച്ചുകൊടുത്തിരുന്നു. കത്തുകളുടെ വിലാസവും മണിയോർഡർ പൂരിപ്പിക്കലുമൊക്കെ എന്നെക്കൊണ്ടാണ് പഹാഡിയ ചെയ്യിച്ചിരുന്നത്.

അയാൾ ഒരു ക്രിസ്തുമത വിശ്വാസിയായിരുന്നില്ല. എങ്കിലും, ക്രിസ്തു അയാൾക്ക് അന്യനല്ലായിരുന്നു. ആരാധനകളിലൊക്കെ പരോക്ഷമായി പങ്കെടുത്ത് ക്രിസ്തുവിനെക്കുറിച്ച് എന്തൊക്കെയോ അയാൾ മനസ്സിലാക്കിയിരുന്നു. യു.പിയിലെ ആ ‘ഗാവ്വാല’ ഒരിക്കലും നിരാശനായോ ദുഃഖിതാനോ അലസനായോ ഇരിക്കുന്നത് കണ്ടിട്ടില്ല. സമ്പന്നരേക്കാൾ സന്തോഷവും സമാധാനവും ദരിദ്രനായ അയാളിൽ കണ്ടിട്ടുമുണ്ട്.

എന്നെ ആകർഷിക്കുകയും പല പാഠങ്ങൾ പഠിക്കാൻ സഹായിക്കുകയും ചെയ്ത ഒരപൂർവ വ്യക്തിപ്രഭാവത്തിനുടമയായിരുന്നു പഹാഡിയ. ക്രിസ്മസ് നാളിൽ മട്ടുപ്പാവിൽനിന്ന് താഴേക്കുനോക്കുമ്പോൾ അയാൾ പ്രഭാതഭക്ഷണം തയാറാക്കുന്ന തിരക്കിലാണ്. കൊച്ചു ടെന്റിന് പുറത്ത് മൂന്ന് അടുപ്പുകല്ലുകൾ കൂട്ടിവെച്ച് ഉണങ്ങിയ യൂക്കാലിപ്റ്റസ് കമ്പുകൾ അടുപ്പിൽവെച്ച് കത്തിക്കുന്നു. അടുപ്പത്ത് ചട്ടിയിൽ ഗോതമ്പ് കുഴച്ച് ഉരുളയാക്കി പരത്തിയിടുന്നു. പിന്നെ ഇരുവശവും മാറ്റിമാറ്റി വേവിക്കുന്നു. മുളകും സവാളയുമെടുത്ത് അരിയുന്നു. ചപ്പാത്തി അതോടൊപ്പം ചേർത്ത് കഴിച്ച് വെള്ളവും കുടിക്കുന്നു. സംതൃപ്തിയോടെ ഏമ്പക്കം വിടുന്നു.

ആരാധനക്കുശേഷം വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച എനിക്ക് ആ മനുഷ്യന്റെ ദിനചര്യയിൽ വേദനയോടൊപ്പം അത്ഭുതവും തോന്നി. ഒരു മിനിറ്റുപോലും പാഴാക്കാത്ത മനുഷ്യൻ. അയാൾക്ക് ആരോടും പരാതിയും പരിഭവവുമില്ല. ഉറുമ്പ് മഴക്കാലത്തേക്ക് ശേഖരിക്കുന്നതുപോലെ തന്റെ കൊച്ചുസമ്പാദ്യത്തിൽനിന്ന് മിച്ചംവെക്കുന്നു. നാളെ എന്നത് അയാൾക്ക് ഒരു വിഷയമേയല്ല. വർത്തമാനകാലത്തിൽ സംതൃപ്തി കണ്ട് അയാൾ മുന്നോട്ടുപോകുന്നു.

ആകുലചിന്തയോ രക്തസമ്മർദമോ കൊളസ്ട്രോളോ കുടുംബപ്രശ്നങ്ങളോ അയാൾക്കില്ല. മനസ്സും ശരീരവും എപ്പോഴും ശുദ്ധമായും വൃത്തിയായും അയാൾ സൂക്ഷിക്കുന്നു. ഇന്ന് അയാൾ എവിടെയാണാവോ? എനിക്കറിയില്ല. പിന്നീട് ഞാൻ അയാളെ കണ്ടിട്ടില്ല. എന്നാൽ, ജീവിതത്തിലെ പരുപരുത്ത യാഥാർഥ്യങ്ങളെ പൂർണ സന്തോഷത്തോടെ ഏറ്റുവാങ്ങാൻ സമൂഹത്തെ പഠിപ്പിച്ച ഭീം സിങ് പഹാഡിയ, വർഷങ്ങൾക്കുശേഷവും പുഞ്ചിരിക്കുന്ന മുഖത്തോടെ എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു, മനോഹരമായ ഒരു ക്രിസ്മസ് കാർഡ് പോലെ.

Tags:    
News Summary - George Mathew Puthupalli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.