1425-26 വർഷങ്ങളിലാണ് ഉത്സവനാഥനായ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രം പണിതതെന്നാണ് ചരിത്രരേഖകൾ പറയുന്നത്. ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന കോലെഴുത്ത് കൽപാത്തിയിലെ വിശ്വനാഥൻ സ്വാമിക്ഷേത്രത്തിന് മുന്നിലെ നീണ്ട കരിങ്കൽ സ്തൂപത്തിലുണ്ട്. ലക്ഷ്മി അമ്മാൾ എന്ന ബ്രാഹ്മണ സ്ത്രീ നീണ്ട നാളത്തെ കാശിയാത്ര കഴിഞ്ഞ് മടങ്ങവേ കൊണ്ടുവന്ന ബാണലിംഗം ഇന്നത്തെ കൽപാത്തിപ്പുഴയോരത്ത് പ്രതിഷ്ഠിക്കാൻ അന്നത്തെ പാലക്കാട്ടുശ്ശേരി ശേഖരീവർമ വലിയ രാജയോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്ന് കോലെഴുത്ത് സ്തൂപത്തിലുണ്ട്. സൽസ്വഭാവിയും ഈശ്വര വിശ്വാസിയുമായ രാജാവ് ഈ ബ്രാഹ്മണ സ്ത്രീയുടെ ആഗ്രഹത്തിന് സമ്മതം നൽകി.
വിവരം വിശ്വസ്തനായ അകത്തേത്തറ വലിയ കോണിക്കിലിടത്തിലെ കാരണവരായ ഇട്ടിക്കോമ്പിയച്ചനെ അറിയിക്കുകയും അവരോട് ഇന്നത്തെ കൽപാത്തി നിലകൊള്ളുന്ന ഭാഗത്ത് ക്ഷേത്രം പണിത് പ്രസ്തുത ബാണലിംഗം യഥാവിധി നിശ്ചിത സ്ഥാനത്ത് പ്രതിഷ്ഠിക്കാനും ഉത്തരവ് നൽകി.
രാജാവിന്റെ ഉത്തരവ് മാനിച്ച് കാര്യസ്ഥനായ ഇട്ടിക്കോമ്പിയച്ചനാണ് അന്ന് ക്ഷേത്രം പണിത് ബാണലിംഗം പ്രതിഷ്ഠ നടത്തിയത്. ഇതിൽ സന്തുഷ്ഠനായ ശേഖരവർമ രാജാവ് ഇട്ടിക്കോമ്പിയച്ചനെ ക്ഷേത്രത്തിന്റെ ട്രസ്റ്റിയായും നിയമിച്ചു. 1426ൽ ക്ഷേത്ര നിർമാണം പൂർത്തിയായി.
ക്ഷേത്രചെലവിന് വേണ്ടി ശംഖുവാരത്തോട് വരെ സ്ഥലം രാജാവ് എഴുതിക്കൊടുത്തു. പിന്നീടാണ് തഞ്ചാവൂരിൽനിന്ന് ബ്രാഹ്മണരെ ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചതും തഞ്ചാവൂർ മായാപുരം ശൈലിയിൽ രഥോത്സവം ഉണ്ടാകുന്നതും. തമിഴ് നാട് മായാവരത്തെ മയൂരനാഥ ക്ഷേത്രത്തിൽ രഥോത്സവം പോലെ തന്നെയാണ് ഇവിടെയും നടക്കുന്നത്. അവിടത്തെ എല്ലാ ആചാരങ്ങളും ഇവിടെയും പിന്തുടരുന്നു. ആ പാരമ്പര്യവും പെരുമയും നിലനിർത്തി ഈ വർഷവും അതിഗംഭീരമായാണ് രഥോത്സവം കൊണ്ടാടുന്നത്. വെള്ളിയാഴ്ചയാണ് കൊടിയിറക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.