‘അത് ഏറ്റവും നല്ല കാലങ്ങളിലൊന്നായിരുന്നു; ഒപ്പം
അത് ഏറ്റവും മോശം കാലങ്ങളിലും ഒന്നായിരുന്നു
അത് പ്രകാശത്തിന്റെ കാലമായിരുന്നു; അതോടൊപ്പം
അത് കൂരിരുട്ടിന്റെ ഒരു സമയവുമായിരുന്നു
അത് പ്രതീക്ഷയുടെ വസന്തകാലമായിരുന്നു
അത് മോഹഭംഗങ്ങളുടെ ശരത്കാലവുമായിരുന്നു.’
ചാൾസ് ഡിക്കൻസ് അദ്ദേഹത്തിന്റെ ‘ടെയിൽ ഓഫ് ടൂ സിറ്റീസ്’ ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഫ്രഞ്ച് വിപ്ലവാനന്തര സാമൂഹികസ്ഥിതിഗതികളെ വിലയിരുത്തുകയായിരുന്നു അദ്ദേഹം. ഇന്നത്തെ യൂറോപ്യൻ പൊതുമണ്ഡലത്തിന്റെ ഏകദേശ ചിത്രമാണിത്. വൈരുധ്യങ്ങളുടെ ഒരു കൂട്ടായ്മയാണത്. ഒരു ഭാഗത്ത് മനുഷ്യാവകാശം, ചിന്താസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം എന്നിവയെക്കുറിച്ചൊക്കെ ഉയർന്നു ചിന്തിക്കുകയും പ്രായോഗികമാർഗങ്ങൾ ആരായുകയും ചെയ്യുന്നു.
ഫലസ്തീനിലെ നരനായാട്ടിനെതിരെ ഏറ്റവും ശക്തമായ ജനകീയ പ്രതിഷേധമുയർന്നത് യൂറോപ്പിലെയും അമേരിക്കയിലെയും കലാശാലകളിലായിരുന്നല്ലോ. ഫലസ്തീനികളുമായി വിശ്വാസപരമായോ മതപരമായോ ബന്ധമൊന്നുമില്ലാത്ത ബുദ്ധിജീവികളും അക്കാദമീഷ്യന്മാരും സാംസ്കാരികപ്രവർത്തകരും വിദ്യാർഥികളുമാണ് ആ പ്രതിരോധം തീർത്തത്. ഫലസ്തീനികളുടെ മനുഷ്യാവകാശപ്രശ്നം ലോകജനതയുടെ മുന്നിലെത്തിക്കാൻ ഈ പരിപാടികൾക്ക് സാധിച്ചിട്ടുണ്ട്. മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ വിശ്വാസപരമായ അവകാശങ്ങൾ ഏറ്റവുമധികം ഉന്നയിക്കപ്പെടുന്നതും ചർച്ച ചെയ്യപ്പെടുന്നതും ഈ കാമ്പസുകളിൽ തന്നെ.
ഹംഗറി പോലെയുള്ള മുൻ കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ മാത്രമല്ല, മാനവികതയുടെ പേരിൽ അഭിമാനിക്കുന്ന സ്കാൻഡിനേവിയൻ രാജ്യങ്ങളായ സ്വീഡൻ, ഫിൻലൻഡ്, ഡെന്മാർക് എന്നിവിടങ്ങളിൽപോലും വിഭാഗീയതയും പരമതപ്പകയും ഇസ്ലാമോഫോബിയയും വളരുകയാണ്. ഇതിന്റെ ഉദാഹരണമായിരുന്നു കഴിഞ്ഞ വർഷവും ഈ വർഷാദ്യത്തിലും ചില യൂറോപ്യൻ രാജ്യങ്ങളിൽ തീർത്തും പ്രകോപനപരമായി ഖുർആൻ കത്തിക്കാനുള്ള ശ്രമം നടന്നത്.
മുസ്ലിംപള്ളികളുടെയും മുസ്ലിംരാഷ്ട്രങ്ങളുടെ എംബസികൾക്കും മുന്നിലാണ് ഇത്തരം കോപ്രായങ്ങൾ നടന്നത്. ഇതിനെ ക്രിയാത്മകമായി നേരിടുന്നതിന്റെ ഭാഗമായി ഇറ്റലിയിൽ റോം ആസ്ഥാനമായുള്ള തവാസുൽ ഇന്റർനാഷനൽ പബ്ലിക്കേഷൻസ് ആൻഡ് റിസർച് കഴിഞ്ഞ ഒരു വർഷമായി ഖുർആൻ പീസ് കാമ്പയിൻ സംഘടിപ്പിച്ചു വരുകയാണ്. കാമ്പസുകളിൽ വിദ്യാർഥികളും അധ്യാപകരും ഒരുപോലെ ഇതിനെ സ്വാഗതം ചെയ്തു. ഖുർആൻ പ്രതികളും പരിഭാഷകളും വാങ്ങി വായിച്ചും പഠിച്ചും നിരവധി പേർ കാമ്പയിനിൽ പങ്കുകൊണ്ടു.
വെറുപ്പിന്റെ ഈ കാറും കോളിനുമിടയിലും പ്രത്യാശയുടെ കിരണങ്ങൾ തെളിയുന്നുണ്ട്. അത്തരമൊരു പ്രത്യാശ നിർഭരമായ സംഭവമാണ് നവംബർ അന്ത്യത്തിൽ വത്തിക്കാനിൽ പോപ്പിന്റെ സാന്നിധ്യത്തിൽ നടന്ന 1924ൽ ആലുവയിൽ ശ്രീനാരായണ ഗുരു സംഘടിപ്പിച്ച സർമതസമ്മേളനത്തിന്റെ ശതവാർഷിക അനുസ്മരണ ചടങ്ങ്.
മാനവികതയുടെ സന്ദേശം ജനങ്ങൾക്കു പകരാൻ ശ്രീനാരായണ ഗുരു നൂറു കൊല്ലം മുമ്പു നടത്തിയ പരിശ്രമം നൂറ്റാണ്ടിനിപ്പുറം റോമിൽ പോപ്പ് ഫ്രാൻസിസിന്റെ മഹനീയ സാന്നിധ്യത്തിൽ പുനരാവിഷ്കരിക്കാൻ നടത്തിയ ശ്രമം ശുഭകരമായി. ‘മതങ്ങൾ നല്ല മാനവരാശിക്കുവേണ്ടി’ എന്നതായിരുന്നു സർവമത സമ്മേളനത്തിന്റെ മുദ്രാവാക്യം.
സമ്മേളന ഹാളിലേക്കു രാവിലെ കടന്നുവന്ന പോപ്പ് ഫ്രാൻസിസ് ഏറെ ആഹ്ലാദത്തിലായിരുന്നു. ശിവഗിരിയിൽനിന്നെത്തിയ സന്യാസിമാരെയും ശ്രീനാരായണീയരെയും മലയാളികളെയും പ്രത്യേകം അഭിസംബോധന ചെയ്താണ് മാർപാപ്പ സംസാരം തുടങ്ങിയത്. മാനവകുലം ഒന്നാണെന്നും മത-ജാതി-ഭാഷ ഭേദങ്ങൾക്കതീതമായി മാനവരാശിയുടെ നല്ല നാളേക്കുവേണ്ടി ഒന്നിക്കുകയെന്നതാണ് ശ്രീനാരായണ ഗുരുവിന്റെ സന്ദേശമെന്ന് മാർപാപ്പ അനുസ്മരിച്ചു.
അൽഅസ്ഹർ റെക്ടർ ശൈഖ് അഹ്മദ് ത്വയ്യിബുമായി 2019ൽ താൻ ഒപ്പുവെച്ച സമാധാനത്തിനും സഹവർത്തിത്വത്തിനുമുള്ള അബൂദബി പ്രഖ്യാപനം പോപ്പ് എടുത്തുപറയുകയും ആരെയും ഒഴിച്ചുനിർത്താതെ വേണ്ട സമൂഹസൃഷ്ടി ഊന്നിപ്പറയുകയും ചെയ്തു.
നാലാമത്തെയോ അഞ്ചാമത്തെയോ തവണയാണ് വത്തിക്കാനിൽ പോപ്പിന്റെ ആസ്ഥാനത്തെത്തുന്നത്. വീൽചെയറിലാണ് കടന്നുവന്നതെങ്കിലും നാലുവർഷം മുമ്പ് അവസാനമായി കാണുമ്പോഴുള്ള പ്രസരിപ്പ് വിട്ടുമാറിയിരുന്നില്ല. മലയാളികളടക്കമുള്ള നൂറ്റമ്പതോളം വരുന്ന വിവിധ മതക്കാരുമായി ഹസ്തദാനം ചെയ്തും കുശലം ചോദിച്ചും അദ്ദേഹം ക്ഷമാപൂർവം ഏറെനേരം സമ്മേളനഹാളിൽ ചെലവിട്ടു. ആലുവ സർവമത സമ്മേളനത്തെക്കുറിച്ച് ശിവഗിരിയിലെ സ്വാമി സച്ചിദാനന്ദ എഴുതി പ്രശസ്ത ഇറ്റാലിയൻ മുസ്ലിം ചിന്തക സെബ്രീന ലെയ് മൊഴിമാറ്റിയ കൃതിയുടെ ഇറ്റാലിയൻ പരിഭാഷ മാർപാപ്പക്ക് ഞങ്ങൾ സമ്മാനിച്ചു.
ശിവഗിരിമഠം പ്രതിനിധികൾ മാർപാപ്പക്കൊപ്പം
സെബ്രീന തന്നെ ഇറ്റാലിയനിലേക്ക് വിവർത്തനം ചെയ്ത അല്ലാമ യൂസുഫലിയുടെ ഖുർആൻ പരിഭാഷയുടെ കോപ്പിയും നൽകി. ശിവഗിരി സ്വാമിമാർക്കു പുറമെ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻ, ചാണ്ടി ഉമ്മൻ എം.എൽ.എ തുടങ്ങിയവരടങ്ങുന്ന മലയാളി സംഘത്തിന്റെ കൂടെ ഗ്രൂപ് ഫോട്ടോയെടുത്ത ശേഷമാണ് പോപ്പ് ഫ്രാൻസിസ് പിരിഞ്ഞുപോയത്.
ലേഖകൻ മാർപാപ്പക്ക് ഖുർആൻ ഇറ്റാലിയൻ പരിഭാഷയുടെ കോപ്പി സമ്മാനിക്കുന്നു
പോപ്പുമായുള്ള കൂടിക്കാഴ്ചക്കു ശേഷം വത്തിക്കാനിൽ തന്നെയുള്ള അഗസ്തീനിയൻസ് യൂനിവേഴ്സിറ്റിയിലെ പരിപാടിയിലും മലയാളിസംഘം സംബന്ധിച്ചു. സ്വാമി സച്ചിദാനന്ദ, സാദിഖലി ശിഹാബ് തങ്ങൾ, ചാണ്ടി ഉമ്മൻ എം.എൽ.എ, കർദിനാൾ ജോർജ് കൂവക്കാട് എന്നിവർ സംസാരിച്ചു. തവാസുലിന്റെ വളന്റിയറായ മെബിൻ സാം മാത്യു, ആൻ വിൻജൻഡർ എന്നിവർ സമ്മേളനത്തിൽ ശ്രീനാരായണ ഗുരുവിന്റെ ‘ദൈവദശകം’ ഇറ്റാലിയനിൽ ആലപിച്ചത് അതിഥികൾക്ക് പുതിയ അനുഭവമായി.
യേശുവിന്റെയും മുഹമ്മദ് നബിയുടെയും മറ്റു മതാചാര്യന്മാരുടെയും സന്ദേശങ്ങൾ അനുസ്മരിച്ച് സ്വാമി സച്ചിദാനന്ദ അർഥവത്തായി പ്രസംഗിച്ചു. ശിവഗിരിയിലെത്തുന്ന എല്ലാ മതസ്ഥർക്കും പ്രാർഥന നിർവഹിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് സ്വാമി പ്രഖ്യാപിച്ചത് സദസ്സ് സന്തോഷത്തോടെ സ്വീകരിച്ചു.
ക്രൂരനായ ഫറോവ ചക്രവർത്തിയുടെ അടുത്തേക്ക് സൗമ്യമായ വാക്കുകളുമായി കടന്നുചെല്ലാൻ മോശെ പ്രവാചകനോട് ദൈവം കൽപിച്ചത് അനുസ്മരിച്ച സാദിഖലി ശിഹാബ് തങ്ങൾ, മതങ്ങൾ തമ്മിലുള്ള സംവാദത്തിൽ സൗഹാർദവും സമന്വയവുമായിരിക്കണം തെളിഞ്ഞുകാണേണ്ടത് എന്നുണർത്തി. മതങ്ങൾ തമ്മിൽ സംശയങ്ങളും സംഘർഷങ്ങളും വർധിച്ചുവരുന്ന ഇക്കാലത്ത് വത്തിക്കാനിൽ നടന്ന ഈ സമ്മേളനം മാനവതയുടെ വസന്തകാലത്തിന്റെ ഉദയമാണ് എന്നുതന്നെ പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.