കോലഞ്ചേരി: ഡോ. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത യാക്കോബായ സഭയുടെ പുതിയ കാതോലിക്ക ബാവയാകും. ഞായറാഴ്ച രാവിലെ മലേക്കുരിശ് ദയറായിൽ കുർബാനക്കിടെ നടത്തിയ പ്രസംഗത്തിലാണ് സഭയുടെ പരമാധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവ ഇക്കാര്യം പ്രഖ്യാപിച്ചത്. സഭ സമിതികൾ ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ധീരമായി സഭയെ നയിക്കുമെന്നുമായിരുന്നു ബാവയുടെ പ്രസ്താവന.
നിലവിൽ സഭയുടെ മലങ്കര മെത്രാപ്പോലീത്തയും കാതോലിക്കേറ്റ് അസിസ്റ്റൻറുമായി പ്രവർത്തിക്കുന്ന മോർ ഗ്രിഗോറിയോസ് 30 വർഷമായി കൊച്ചി ഭദ്രാസനാധിപൻകൂടിയാണ്. സ്ഥാനാരോഹണ ചടങ്ങുകൾ പിന്നീട് നടക്കും.
1960 നവംബർ 10ന് മുളന്തുരുത്തിക്കടുത്ത പെരുമ്പിള്ളി സ്രാമ്പിക്കൽ പള്ളത്തിട്ടയിൽ വർഗീസ്-സാറാമ്മ ദമ്പതികളുടെ ഇളയ മകനായാണ് ജനനം. പെരുമ്പിള്ളി പ്രൈമറി സ്കൂളിലും മുളന്തുരുത്തി ഹൈസ്കൂളിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് എറണാകുളം മഹാരാജാസ് കോളജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി.
അയർലൻഡിലായിരുന്നു എം.ഫിൽ അടക്കമുള്ള ഉന്നതപഠനം. പെരുമ്പിള്ളി സെൻറ് ജെയിംസ് തിയോളജിക്കൽ സെമിനാരിയിലായിരുന്നു വൈദിക പഠനം. 1974ൽ ശെമ്മാശ പട്ടവും 1984ൽ കശ്ശീശ പട്ടവും നേടി. തുടർന്ന് ബംഗളൂരുവിലും അമേരിക്കയിലും ഇംഗ്ലണ്ടിലും വിവിധ പള്ളികളിൽ വൈദികനായി.
കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഡോ. തോമസ് മാർ ഒസ്താത്തിയോസ് സ്ഥാനത്തുനിന്ന് വിരമിച്ചപ്പോൾ ഭദ്രാസന പള്ളി പ്രതിപുരുഷയോഗം ചേർന്ന് ഇദ്ദേഹത്തെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. 1994 ജനുവരി 16ന് 33ാം വയസ്സിൽ മോർ ഗ്രിഗോറിയോസ് എന്ന പേരിൽ പാത്രിയാർക്കീസ് ബാവ മെത്രാപ്പോലീത്തയായി വാഴിച്ചു. കഴിഞ്ഞ 30 വർഷമായി ആസ്ഥാനത്ത് തുടരുന്ന ഇദ്ദേഹം ഇതോടൊപ്പം 18 വർഷം സുന്നഹദോസ് സെക്രട്ടറിയായും പ്രവർത്തിച്ചു.
ബസേലിയോസ് തോമസ് പ്രഥമൻ ബാവ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് 2019 ആഗസ്റ്റ് 28ന് പുത്തൻകുരിശിൽ ചേർന്ന മലങ്കര അസോസിയേഷൻ ഇദ്ദേഹത്തെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി തെരഞ്ഞെടുത്തു. തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ മലങ്കര മെത്രാപ്പോലീത്തയുമായി. ഇതോടൊപ്പം കാതോലിക്ക ബാവയുടെ അനാരോഗ്യത്തെതുടർന്ന് കാതോലിക്കോസ് അസിസ്റ്റൻറ്, സുന്നഹദോസ് അധ്യക്ഷസ്ഥാനങ്ങളും ഇദ്ദേഹമാണ് വഹിച്ചത്.
സഭക്ക് കീഴിലുള്ള വിവിധ കോളജുകളുടെ മാനേജറായ മോർ ഗ്രിഗോറിയോസ് പത്താമുട്ടത്തുള്ള സെൻറ് ഗിറ്റ്സ് എൻജിനീയറിങ് കോളജ് പ്രസിഡൻറ്, മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ സ്ഥാപകൻ, ജോർജിയൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ, ഏരൂർ ജെയ്നി സെൻറർ സ്പെഷൽ സ്കൂൾ പ്രസിഡൻറ് സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.