മൂന്നാർ: കണ്ണൻ ദേവൻ മലകളുടെ ചരിത്ര ഏടുകളിൽ ഒന്നായ രാജമല സെന്റ് തെരേസാസ് ദേവാലയം നൂറിന്റെ നിറവിൽ. കർമലീത്ത മിഷനറിമാരുടെ നേതൃത്വത്തിൽ 1898ൽ സ്ഥാപിതമായ മൂന്നാർ മൗണ്ട് കാർമൽ ദേവാലയത്തിന്റെ 13 സ്റ്റേഷൻ പള്ളികളിലൊന്നാണ് 1923ൽ നിർമിക്കപ്പെട്ട രാജമല സെന്റ് തെരേസാസ് ദേവാലയം.
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ആരാധനാലയം എന്ന പ്രത്യേകതയും ഈ പള്ളിക്കുണ്ട്. 8632 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ആനമുടിയുടെ താഴ്വാരത്ത് സമുദ്രനിരപ്പിൽനിന്ന് 6000 അടി ഉയരെയാണ് ഈ ദേവാലയത്തിന്റെ സ്ഥാനം.
ആദ്യകാലത്ത് തേയിലത്തോട്ടങ്ങളിൽ പണിക്കായി തമിഴ്നാട്ടിലെ മധുര, തിരുനെൽവേലി, രാജപാളയം തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് ബ്രിട്ടീഷുകാർ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചിരുന്നത്. ഇവരുടെ വിദ്യാഭ്യാസവും വിശ്വാസപരവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിവർത്തിക്കാൻ വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കർമലീത്ത മിഷനറിമാരും പ്രവർത്തിച്ചിരുന്നു.
ബ്രിട്ടീഷുകാരിൽനിന്ന് വിട്ടുകിട്ടിയ സ്ഥലത്ത് അക്കാലത്തെ വരാപ്പുഴ മെത്രാപ്പോലീത്ത ആയിരുന്ന എയ്ഞ്ചൽ മേരിയുടെ നിർദേശപ്രകാരം ഫാ. സലൂസ്റ്റിന്റെ നേതൃത്വത്തിലാണ് 1923ൽ ദേവാലയം പണികഴിപ്പിച്ചത്. സെമി ഗോഥിക് മാതൃകയിൽ നിർമിച്ച ഈ ദേവാലയം ഇടക്ക് ചില അറ്റകുറ്റപ്പണിക്ക് വിധേയമായി എന്നതൊഴിച്ചാൽ കെട്ടിലും മട്ടിലും പഴയ പ്രതാപത്തോടെ നിലനിൽക്കുന്നു. 14 കുടുംബങ്ങളാണ് ഈ പള്ളിക്ക് കീഴിലുള്ളത്. എല്ലാ ഞായറാഴ്ചകളിലും ഇവിടെ കുർബാനയും ഉണ്ട്.
മാതൃദേവാലയമായ മൂന്നാർ മൗണ്ട് കാർമൽ പള്ളി 125ാം വാർഷികം കഴിഞ്ഞ വർഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നു. രാജമല സെന്റ് തെരേസാസ് ദേവാലയത്തിന്റെ ശതാബ്ദിയും വിപുലമായി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് മൗണ്ട് കാർമൽ ഇടവക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.