ഫാത്തിമയും മോളി രമേശും
’‘കഴിഞ്ഞ കൊല്ലത്തെ മോളുടെ നോമ്പും പെരുന്നാളും വിഷുവുമൊക്കെ ഫാത്തിമാന്റെ വീട്ടിലാണ്.ഓളെ അച്ഛന് സുഖമില്ലാതെ ആശുപത്രീലായപ്പോ 45 ദിവസം ന്റെ ഹെന്ന മോളെ ഫാത്തിമയാണ് ഓളുടെ വീട്ടിൽ നിർത്തി നോക്കിയത്. ഇതേ അവസ്ഥയിലുള്ള ഓളുടെ മോളുണ്ടായിട്ടും’.ഹെന്ന മോളുടെ അമ്മ മോളി നിർത്താതെ പറഞ്ഞുകൊണ്ടിരുന്നത് ആ കഥകളാണ്.
അഞ്ചാം വയസ്സിൽ അപസ്മാരം വന്നതോടെ ശാരീരികമായും ബുദ്ധിപരമായും ചലനമറ്റു പോകുന്ന ജി.ഡി.ഡി അവസ്ഥയിലായിപ്പോയ കുട്ടിയാണ് ഹെന്ന. ഒരുപാട് ചികിത്സകൾ ചെയ്തെങ്കിലും ഇപ്പോൾ 21 വയസ്സുള്ള ഹെന്നക്ക് വലിയ മാറ്റമൊന്നും ഉണ്ടായില്ല. കഴിഞ്ഞ 12 വർഷത്തോളമായി കൊയിലാണ്ടിയിൽ ഡിസേബിൾഡ് കുട്ടികൾക്കായുള്ള നെസ്റ്റിലെ നിത്യവും ഉള്ള തെറപ്പിയിലൂടെയും പരിചരണത്തിലൂടെയുമൊക്കെയാണ് ഹെന്നക്ക് സ്വന്തമായി ഭക്ഷണം കഴിക്കാനും കൈ പിടിച്ചു നടത്തിയാൽ ശുച ിമുറിയിൽ പോവാനുമൊക്കെ സാധിച്ചത്. എന്നാലും അമ്മ കൂടെയില്ലാതെ ഒരു ദിവസം പോലും അവൾക്ക് പറ്റില്ല.
ടൈൽസ് കടയിലെ പണിക്കാരനായ ഹെന്നയുടെ അച്ഛൻ രമേശിന് പെട്ടെന്ന് സ്ട്രോക്ക് വന്ന് ആശുപത്രിയിലായപ്പോൾ മോളെ വീട്ടിൽ ഒറ്റക്കാക്കി കൂടെ പോവേണ്ടിവന്ന മോളിക്ക് ഭർത്താവിന്റെ ഈ അവസ്ഥയിലും ഉള്ളുരുകിയത് മോളെ ഓർത്തുകൂടിയായിരുന്നു.
മോളെ കുളിപ്പിച്ചു കൊടുക്കാനും ഭക്ഷണം കൊടുക്കാനുമൊക്കെ അയൽവാസികളും ബന്ധുക്കളുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും ഇക്കാലം വരെ അമ്മ കൂടെ നിൽക്കാതെ ഒരു ദിവസം പോലുമുണ്ടായിട്ടില്ല. അവളുടെ കാര്യങ്ങളും രീതികളും അമ്മക്ക് മാത്രം ശീലമായതിനാൽ മറ്റൊരാൾ ചെയ്തുകൊടുത്താൽ ശരിയാവുകയുമില്ല.
ആശുപത്രിയിൽ രണ്ടോ മൂന്നോ ദിവസം നിന്നാൽ മതിയെന്നാണ് കരുതിയിരുന്നതെങ്കിലും ദിവസങ്ങൾ നീണ്ടു. ഒരു വശത്ത് സ്ട്രോക്ക് വന്ന് കിടപ്പിലായിപ്പോയ ഭർത്താവ്. സ്വന്തമായി ഒന്നും ചെയ്യാനാവാത്ത മകൾ വീട്ടിൽ ഒറ്റക്ക്. വല്ലാത്ത ഒരു അവസ്ഥയിലാണ് മോളി ആ ദിവസങ്ങൾ കഴിച്ചു കൂട്ടിയത്. ആശുപത്രിയിൽനിന്ന് പെട്ടെന്ന് തിരിച്ചുപോവാൻ കഴിയില്ല എന്ന് മനസ്സിലായതോടെയാണ് മോളെ നാടിനടുത്തുള്ള ഒരു അഭയകേന്ദ്രത്തിൽ താൽക്കാലികമായി നിർത്താൻ ഏർപ്പാടാക്കിയത്. ഇതുവരെ വീട്ടിൽനിന്നും മാറി നിൽക്കാത്ത മോളാണ്.
ഇങ്ങനെയുള്ള കുട്ടികളെ പരിചരിച്ചു ശീലമുള്ള ആരെങ്കിലും ഉള്ള ഇടമാണോ എന്നറിയില്ല. വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് പിറ്റേന്ന് കുറച്ചു നേരത്തേക്ക് ആശുപത്രിയിൽനിന്ന് ഓടിവന്ന് മോളുടെ ഡ്രസ്സും സാധനങ്ങളും എടുത്ത് ഒരു ഓട്ടോയിൽ മോളെയും കൊണ്ട് അഭയകേന്ദ്രത്തിലേക്ക് പോവുമ്പോൾ ഉറക്കെ കരഞ്ഞുപോയിരുന്നു. ആദ്യമായാണ് മോൾ അവൾക്ക് പരിചയമില്ലാത്ത ഒരിടത്ത്.
മോളി ഹെന്നയെ അഭയകേന്ദ്രത്തിൽ ആക്കാൻ പോവുകയാണ് എന്ന് കേട്ടാണ് ഫാത്തിമ ഓടിവന്നത്. റമദാൻ നോമ്പിൽ പെരും ചൂടത്ത്. ഫാത്തിമയുടെ സെറിബ്രൽ പാൾസിയുള്ള റിയമോളും നെസ്റ്റിൽ നിത്യം തെറപ്പിക്ക് വരുന്നതാണ്. അവിടെയുള്ള എല്ലാ അമ്മമാർക്കും പരസ്പരം അറിയാം. ഫാത്തിമ മോളിയോട് ദേഷ്യപ്പെട്ടു. ‘ഞാനുള്ളപ്പോ ഓളെ വേറെ എവിടെയും ആക്കണ്ട' എന്ന് ഫാത്തിമ ഹെന്നയെയും കൊണ്ട് വീട്ടിലേക്ക് പോയി.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കാരിയായ ഫാത്തിമ പഠിച്ചതും വളർന്നതും കോഴിക്കോട്ടെ ഒരു അനാഥമന്ദിരത്തിലാണ്. ബാപ്പയും ഉമ്മയും ഉണ്ടായിരുന്നുവെങ്കിലും വീട്ടിലെ കടുത്ത ദാരിദ്ര്യമാണ് ആ പെൺകുട്ടിയെ അനാഥാലയത്തിലെ അന്തേവാസിയാക്കിയത്. മുതിർന്ന ശേഷം അനാഥാലയം വിട്ടെങ്കിലും വിവാഹം കഴിക്കാൻ പിന്നെയും വൈകി. തമിഴ്നാട്ടുകാരനായ ഒരാളുമായുള്ള വിവാഹം കഴിഞ്ഞപ്പോൾ അവളറിഞ്ഞിരുന്നില്ല അതയാളുടെ രണ്ടാം കെട്ടാണ് എന്നത്.
ആ ബന്ധത്തിൽ ഒരു കുഞ്ഞു പിറന്നു. ജീവിതത്തിൽ തന്റെ സ്വന്തമെന്നവകാശപ്പെടാൻ ഒരു കുഞ്ഞുറിയ. പക്ഷെ സെറിബ്രൽ പാൾസിയും കടുത്ത ഓട്ടിസവുമായാണ് ആ കുഞ്ഞ് പിറന്നുവീണത്. മറ്റു കുട്ടികളെ പോലെ കളിചിരികൾ ഇല്ലാത്ത സംസാരിക്കാത്ത സ്വന്തമായി ഒന്നും ചെയ്യാനാവാത്ത കുഞ്ഞ്. പക്ഷെ, ആ കുഞ്ഞാണ് ഫാത്തിമയുടെ എല്ലാം.
ഈ കുഞ്ഞിന് വേണ്ട ശരിയായ ചികിത്സയും പരിചരണവും തേടിയുള്ള അലച്ചിലിലാണ് ഫാത്തിമ കൊയിലാണ്ടി നെസ്റ്റിനെ കുറിച്ച് കേൾക്കുന്നതും ഒന്നര വയസ്സുള്ള റിയമോളുമായി അഞ്ചുവർഷം മുമ്പ് ഇവിടെ എത്തുന്നതും. നെസ്റ്റ് (NIARC) ലെ പരിചരണത്തിലൂടെയും തെറപ്പികളിലൂടെയും കുറെ മാറ്റങ്ങൾ ഉണ്ടായതുകൊണ്ടാണ് കൊയിലാണ്ടിയിൽ തന്നെ ഒരു വീട് വാടകക്കെടുത്തു താമസം തുടങ്ങിയത്. ആ വീട്ടിലേക്കാണ് ഹെന്നയെ കൂടിക്കൊണ്ടുപോന്നത്.
"ഹെന്ന മോളെ നോക്കാൻ എനിക്കൊരു പാടും ഉണ്ടായിട്ടില്ല. എന്റെ റിയ മോളെ ബാത്റൂമിലൊക്കെ എടുത്തുകൊണ്ടു പോണല്ലോ..... ഹെന്ന മോളുടെ കൈ പിടിച്ചാൽ ഓള് നടക്കും.... പറഞ്ഞാൽ മനസ്സിലാവും...." ഫാത്തിമയും മക്കളും ഒറ്റക്കായില്ല. നെസ്റ്റിലെ സ്റ്റാഫും മറ്റ് അമ്മമാരും എല്ലാ ദിവസവും അവരെ സഹായിക്കാനെത്തിയപ്പോൾ അതൊരു ആഘോഷം നിറഞ്ഞ വീടായി.
45 ദിവസം നീണ്ടു രമേശിന്റെയും മോളിയുടെയും ആശുപത്രി വാസം. ആ ദിവസങ്ങളിൽ മകളെ ഓർത്ത് വേവലാതിപ്പെടാതെ മോളിക്ക് ഭർത്താവിനെ ശൂശ്രൂഷിച്ച് കൂടെ നിൽക്കാൻ കഴിഞ്ഞു. ആശുപത്രിയിൽ നിന്ന് തിരിച്ചു പോന്ന് കുറച്ചു ദിവസം കഴിഞ്ഞു രമേശ് മരണപ്പെട്ടു. ഡിസേബിൾഡ് ആയ മക്കളുള്ള മാതാപിതാക്കൾക്ക് മാത്രമേ കുറഞ്ഞ നേരമെങ്കിലും അവരിൽനിന്ന് മാറിനിൽക്കേണ്ടി വരുമ്പോഴുള്ള അവസ്ഥ മനസ്സിലാവൂ. ഉറ്റവർ വീട്ടിൽ ഉണ്ടെങ്കിൽപോലും ഈ കുട്ടികളെ പരിചരിക്കാൻ അറിയണമെന്നില്ല. മക്കൾ സമ്മതിക്കണമെന്നുമില്ല.
മക്കളെ പരിചരിച്ചു കൂടെ നിൽക്കേണ്ടത് കൊണ്ടുതന്നെ ഫാത്തിമക്കും മോളിക്കും ജോലിക്ക് പോവാൻ കഴിയില്ല. ഭർത്താവ് മരണപ്പെട്ടതോടെ ജീവിതമാർഗം മുട്ടിയ മോളി വാട്സാപ്പിലൂടെ പരിചയക്കാർക്ക് നൈറ്റികൾ വിൽപന നടത്തിയാണ് വരുമാനം കണ്ടെത്തുന്നത്. ഫാത്തിമയും റിയമോളും കഴിയുന്നത് നെസ്റ്റുമായി ബന്ധപ്പെട്ട ചില ഉദാരമതികളുടെ സഹായം കൊണ്ടും.
വലിയ മോഹങ്ങളൊന്നുമില്ലെങ്കിലും ഈ അമ്മമാർ സംതൃപ്തരാണ്. മക്കളെ ചൊല്ലിയുള്ള ആധി മാത്രമാണ് ഇങ്ങനെയുള്ള മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്നത്. തങ്ങൾ ഇല്ലാതായിപ്പോയാൽ ഈ കുട്ടികളെ ആര് നോക്കുമെന്ന്. എങ്ങനെ ജീവിക്കുമെന്ന്. എങ്കിലും അവർക്കിടയിൽ സ്നേഹത്തിന്റെ പെരുന്നാളുകളും വിഷുവും ഓണവുമൊക്കെ ഇങ്ങനെ കടന്നുപോകുന്നുണ്ട്. പുറം ലോകത്തിന് അറിയേണ്ടാത്ത സങ്കടങ്ങളുടെ ഭാരങ്ങൾ പരസ്പരം പങ്കുവെച്ചും ഈ മക്കളെയൊക്കെ സ്വന്തമായി കരുതി സ്നേഹിച്ചും ആരോരുമറിയാതെ ഇങ്ങനെ എത്ര അമ്മമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.