ഇവിടെവന്ന ആദ്യ വർഷങ്ങളിലെ പെരുന്നാൾദിന ഓർമകളല്ല കാലങ്ങൾക്കുശേഷം ഇപ്പോഴത്തെ ഡൽഹിയിൽ എനിക്ക് അനുഭവപ്പെടുന്നത്
നമുക്കെല്ലാവർക്കും ഏറ്റവും നല്ല പെരുന്നാൾ ഓർമകൾ ഉണ്ടാവുക കുട്ടിക്കാലത്താണ്. ഉമ്മയുടെ കൈപ്പുണ്യം നിറഞ്ഞ പാചകവും ഇഫ്താറിനു മുമ്പേ അതിന്റെ രുചിനോക്കാൻ ഏൽപിക്കപ്പെട്ട നോമ്പില്ലാത്ത കുട്ടിത്തവുമാണ് ഗൃഹാതുരത്വമുണർത്തുന്ന നോമ്പോർമകളെങ്കിൽ, ഉപ്പയുടെ കൈപിടിച്ച് പുതുവസ്ത്രവും ധരിച്ച് പിതാവിന്റെ സുഹൃത്തുക്കളോടൊപ്പം പള്ളിയിലേക്ക് പോകുന്നതും അവിടെ കൂട്ടമായി തക്ബീർ മുഴക്കുന്നതുമായിരുന്നു പെരുന്നാളിന്റെ ഓർമകൾ.
27 വർഷം മുമ്പ് ഡൽഹിയിലേക്ക് വരുമ്പോൾ തികച്ചും അപരിചിതത്വവും ആകാംക്ഷയുമായിരുന്നു. പതിറ്റാണ്ടുകൾ മാറിയതുപോലെ, അല്ലെങ്കിൽ അതിലും ആഴത്തിൽ ഡൽഹിയെന്ന മഹാനഗരവും മാറിയിട്ടുണ്ട്. അതുപോലെതന്നെ, ഇവിടെവന്ന ആദ്യ വർഷങ്ങളിലെ പെരുന്നാൾദിന ഓർമകളല്ല കാലങ്ങൾക്കുശേഷം ഇപ്പോഴത്തെ ഡൽഹിയിൽ എനിക്ക് അനുഭവപ്പെടുന്നത്.
ഡൽഹിയിലെത്തിയ ഉടനെയുള്ള അപരിചിതത്വം എന്നിൽനിന്നും വളരെ വേഗം വഴിമാറിയത് ഇ. അഹമ്മദ് സാഹിബിന്റെ കരുതലുകൊണ്ടാണെന്ന് പറയാതെ വയ്യ. അദ്ദേഹം രക്ഷിതാവിനെപ്പോലെ എപ്പോഴും ചേർത്തുപിടിക്കുകയും ഉപദേശ നിർദേശങ്ങൾ നൽകുകയും ചെയ്യുമായിരുന്നു. പ്രസ്ഥാനത്തിന്റെ എല്ലാ കൂട്ടായ്മകളിലും കൂടിച്ചേരലുകളിലും അഹമ്മദ് സാഹിബിന്റെ തണലുചേർന്നു വന്നതുകൊണ്ടാവാം കൂടിച്ചേരലുകളെനിക്ക് കൂടുതൽ സന്തോഷം പകർന്നത്.
അദ്ദേഹത്തിനൊപ്പമുള്ള റമദാൻ, പെരുന്നാൾ ഓർമകൾക്ക് അന്തർദേശീയ നയതന്ത്ര സൗഹൃദങ്ങളുടെ കഥകളും അനുഭവങ്ങളുമാണ് പങ്കുവെക്കാനുണ്ടാവുക. ഡൽഹിയിൽ പാർട്ടിയുടെയും കെ.എം.സി.സി.യുടെയും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ തുടങ്ങിയതോടെ പെരുന്നാൾ സന്നദ്ധ സേവനങ്ങളുടെ ദിനങ്ങൾകൂടിയായി മാറി.
ഡൽഹിയിൽ എല്ലാ പൊതുവിഷയങ്ങളിലും രാഷ്ട്രീയ, ആദർശ വ്യത്യാസങ്ങൾ നിലനിൽക്കെ തന്നെ സംഘടനകൾ പരസ്പരം സഹകരിച്ചു പോകുന്നതുകൊണ്ട് പെരുന്നാളിലെ സൗഹൃദ കൂട്ടായ്മകൾക്ക് ഇരട്ടി മധുരമാണ്.
ഇത്തവണ രാജ്യസഭാംഗം എന്ന നിലയിൽ പാർലമെന്റ് സമ്മേളനത്തിനിടയിൽ ആദ്യത്തെ റമദാൻ കാലം കഴിഞ്ഞപ്പോഴും പെരുന്നാളിനായി കാത്തിരിക്കുമ്പോഴും അഹമ്മദ് സാഹിബ് പഠിപ്പിച്ചുതന്ന നയതന്ത്ര ഓർമകളും പാണക്കാട് ശിഹാബ് തങ്ങളിലൂടെ എന്റെ തലമുറയിലെ ഓരോ മുസ്ലിം ലീഗുകാരനിലും സ്വാധീനിക്കപ്പെട്ട മാനവ സൗഹാർദത്തിന്റെ പാഠവുമാണ് ബാക്കിയുള്ളത്.
അത്തരത്തിലുള്ള നേതൃപാരമ്പര്യത്തിന്റെ പിന്മുറക്കാർ ആയതുകൊണ്ട് തന്നെയായിരുന്നു ദിവസങ്ങൾക്കുമുമ്പേ, രാഷ്ട്രീയ സാമൂഹിക നയതന്ത്ര മേഖലയിൽ നിന്നുള്ള വലിയ നേതൃനിരയെ പങ്കെടുപ്പിച്ചുകൊണ്ട് ഏറെ വാർത്തപ്രാധാന്യം കിട്ടിയ രാഷ്ട്രീയ ഇഫ്താറിന് ഡൽഹിയിൽ സഹപ്രവർത്തകരോടൊപ്പം നേതൃത്വം നൽകാൻ സാധിച്ചത്. നോമ്പും പെരുന്നാളുമുൾപ്പെടെയുള്ള വിശേഷ ദിവസങ്ങളെ മാനവ സൗഹാർദം വിളംബരം ചെയ്യുന്ന സഹിഷ്ണുതയുടെ ആഘോഷമായി കൊണ്ടാടാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം.
തയാറാക്കിയത്: തൻവീർ അഹ് മദ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.