റമദാൻ നോമ്പ് എന്നെ സംബന്ധിച്ചിടത്തോളം ആത്മസമർപ്പണത്തിന്റെ സമയമാണ്. പ്രവാസം എന്നിലേക്ക് സ്വീകരിച്ചിട്ട് 32 വർഷം പിന്നിട്ടു. ആദ്യത്തെ കുറച്ചുവർഷങ്ങളിൽ ഞാൻ റമദാൻ കാലത്തെയും നോമ്പിനെയും ദൂരെനിന്നേ കണ്ടിട്ടുള്ളൂ. അതിന്റെ ആഴങ്ങളിലേക്ക് നോക്കാൻ ശ്രമിച്ചിട്ടില്ല.
പക്ഷേ പിന്നീട് കുടുംബം റിയാദിലെത്തി എനിക്കൊപ്പം ചേർന്നപ്പോൾ നോമ്പിനെ കുറച്ചുകൂടി ശ്രദ്ധിക്കാൻ തുടങ്ങി. 2001 മുതൽ തുടർച്ചയായി കുടുംബം ഒപ്പമുണ്ടായിരുന്ന 21 വർഷവും ഞങ്ങൾ നോമ്പ് എടുത്തിരുന്നു.
റമദാൻ കാലയളവിൽ സുഹൃത്തുക്കളും സംഘടനകളും നടത്തുന്ന നിരവധി ഇഫ്താറുകളിൽ പങ്കെടുക്കാനും എന്റെ വീട്ടിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. എല്ലാ വ്രതങ്ങളും നോമ്പും മനുഷ്യമനസ്സിനെയും ശരീരത്തെയും ആത്മസാക്ഷാത്ക്കാരത്തിലേക്കാണ് നയിക്കുന്നത്.
ഹിന്ദു സഹോദരങ്ങളുടെ 41 ദിനങ്ങൾ നീളുന്ന മണ്ഡല വ്രതമായാലും ക്രിസ്ത്യൻ സഹോദരങ്ങളുടെ എട്ട് നോമ്പ് ആയാലും അതെല്ലാം മാനുഷികമായ എല്ലാ ദൗർബല്യങ്ങളിൽനിന്നും നമ്മെ പിന്തിരിപ്പിച്ച് ആത്മവിശുദ്ധിയിലേക്ക് നയിക്കുന്നു. മതങ്ങളും ദൈവവിശ്വാസവും ഒക്കെ മനുഷ്യനെ തിന്മയിൽനിന്നും നന്മയിലേക്കാണ് നയിക്കേണ്ടത്.
ദൗർഭാഗ്യമെന്ന് പറയട്ടെ വർത്തമാന കാലത്തിന്റെ കെട്ടവ്യവസ്ഥിതിയിൽ ആ മൂല്യങ്ങൾക്കെല്ലാം ച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നത് വ്യാകുലതയാണ്. എന്റെ വിശ്വാസങ്ങൾ മാത്രം ശ്രേഷ്ഠം, അല്ലാത്തവ മോശം എന്നുള്ള ചിന്താഗതി ഒരു മതവിശ്വാസിക്കും നന്നല്ല. ഓരോ മനുഷ്യനും അവരുടേതായ വിശ്വാസങ്ങളെ മഹത്തരമായി കണ്ടോട്ടെ, ഒപ്പം ഇതര മതസ്ഥരെയും ബഹുമാനിക്കാൻ ശീലിക്കണം.
നാളെയുടെ ഭാവി വാഗ്ദാനങ്ങളായ നമ്മുടെ യുവതലമുറ ജാതിമത വിശ്വാസങ്ങൾ ഒന്നും നോക്കാതെ വിവിധ തരത്തിലുള്ള ലഹരികൾക്ക് അടിപ്പെട്ട് ജീവിതം നശിപ്പിക്കുന്ന കെട്ടകാലം കൂടിയാണിത്. നിത്യവും വായിക്കുന്ന പത്രവാർത്തകൾ അത്തരത്തിൽപെട്ടവയാണ്.
അച്ഛനമ്മമാരെയും കൂടപ്പിറപ്പുകളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും തിരിച്ചറിയാതെ അവർ സ്വബോധം നഷ്ടമായി മൃഗീയരീതിയിൽ കൊലപാതകങ്ങൾ ചെയ്തു കൂട്ടുന്നു. ലഹരി എന്ന കൊടിയ വിപത്തിൽനിന്നും നമ്മുടെ സമൂഹത്തെ, യുവതലമുറയെ രക്ഷിച്ചെടുക്കാൻ റമദാൻ പോലുള്ള വ്രതാനുഷ്ഠാനങ്ങൾക്ക് കഴിയട്ടെ, അവരിൽ മാനസികമായ പരിവർത്തനം ഉണ്ടാകട്ടെ എന്നും ഈ അവസരത്തിൽ പ്രാർഥിക്കുന്നു, ആശംസിക്കുന്നു.
ലോകമെമ്പാടുമുള്ള എല്ലാ സഹോദരങ്ങൾക്കും പുണ്യമാസം വിട പറഞ്ഞു സമാഗതമാകുന്ന വിശുദ്ധിയുടെ ചെറിയ പെരുന്നാൾ ആശംസകൾ നേർന്നുകൊള്ളുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.