ഹനുമാനിൽനിന്ന് വിവരങ്ങളെല്ലാം ശേഖരിച്ച് സുഗ്രീവനും വാനരപ്പടയും ദക്ഷിണസമുദ്രത്തിെൻറ തീരപ്രദേശത്ത് താവളമടിച്ചു. ആർത്തിരമ്പുന്ന കടലിൽ ചിറകെട്ടുന്നതിന് കൂടിയാലോചനയിലൂടെ തീരുമാനമെടുത്തു. അതിനു മുന്നോടിയായി ശ്രീരാമൻ ശിവപ്രതിഷ്ഠ നടത്തി. കടലിലൂടെ വഴിയൊരുക്കുന്നതിന് വരുണദേവെൻറ അനുമതിക്ക് പ്രാർഥിച്ചു. ഒരു പ്രതികരണവുമില്ലാതെ വന്നപ്പോൾ കോപാകുലനായ ശ്രീരാമൻ കടൽ വറ്റിക്കാൻ ആയുധമെടുത്തു.
വരുണൻ പൊടുന്നനെ പ്രത്യക്ഷനായി ശ്രീരാമനെ സ്തുതിച്ച് ലങ്കയിലേക്ക് ചിറകെട്ടുന്നതിന് അനുമതി നൽകി. വരുണെൻറ അപേക്ഷയനുസരിച്ച് കുലച്ച വില്ലിലെ ശരം വടക്കേ ദിക്കിലുള്ള നിശാചരരെ കൊന്നൊടുക്കുന്നതിന് തൊടുത്തുവിട്ടു. അഞ്ചുദിവസംകൊണ്ട് നൂറുയോജന നീളമുള്ള ചിറകെട്ടി ലങ്കയിൽ പ്രവേശിച്ചു. തുടർന്നാണ് യുദ്ധത്തിന് അരങ്ങൊരുങ്ങിയത്.
വരബലവും സിദ്ധിവിശേഷങ്ങളുമുള്ള രാവണൻ വേദശാസ്ത്രങ്ങളിലും അറുപത്തിനാല് കലകളിലും വൈദ്യത്തിലുമെല്ലാം നിപുണനായിരുന്നു. അവയെല്ലാം തെൻറ ഇന്ദ്രിയപരിലാളനകൾക്കും ഭോഗശാന്തിക്കും നിരന്തരം ഉപയോഗിച്ചു. ഭാര്യയായ മണ്ഡോദരിയും സഹോദരങ്ങളും ബന്ധുമിത്രാദികളിൽ പലരും അപേക്ഷിച്ചതൊന്നും അദ്ദേഹം ചെവിക്കൊണ്ടില്ല. അതിെൻറയെല്ലാം പരിണതഫലമാണ് യുദ്ധത്തിൽകൊണ്ടെത്തിച്ചത്.
രാമെൻറ ബലവീര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന മാരീചൻ ഈ ഉദ്യമത്തിൽനിന്ന് പിന്മാറണമെന്നു രാവണനെ ബോധിപ്പിച്ചു. പടയൊരുക്കത്തിന് രാവണൻ വിളിച്ചു ചേർത്ത കൂടിയാലോചനയോഗത്തിൽ സീതയെ തിരിച്ചുകൊടുക്കണമെന്നും ചെയ്ത തെറ്റിന് രാമനോട് മാപ്പപേക്ഷിക്കണമെന്നും വിഭീഷണൻ ആവശ്യപ്പെട്ടു. കുപിതനായ രാവണൻ വിഭീഷണനെ ലങ്കയിൽനിന്ന് ആട്ടിപ്പായിക്കുകയാണ്. അധർമമെന്ന് ബോധ്യപ്പെട്ട ഇടത്തിൽനിന്ന് സ്വയം പിന്മാറി ധർമത്തിെൻറ പക്ഷം ചേരുകയാണ് വിഭീഷണൻ ചെയ്തത്.
യുദ്ധം തുടങ്ങിയതിനുശേഷം രാവണൻ വിളിച്ചുണർത്തുന്ന കുംഭകർണൻ മണ്ഡോദരിയും വിഭീഷണനും നൽകിയ ഉപദേശമനുസരിച്ച് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടു. സഹോദരനായ വിഭീഷണനെ മടക്കിവിളിക്കാനും സീതാദേവിയെ ശ്രീരാമന് തിരിച്ചേൽപിക്കാനും മണ്ഡോദരി നിരന്തരം അപേക്ഷിക്കുന്നുണ്ടെങ്കിലും അതെല്ലാം രാവണൻ തള്ളി. ദിവ്യൗഷധം തേടിപ്പോകുന്ന ഹനുമാനെ തടയുന്നതിന് നിയോഗിക്കപ്പെട്ട കാലനേമി സീതയെ മടക്കിക്കൊടുത്ത്, സഹോദരനെ രാജ്യഭാരമേൽപിച്ച് താപസവൃത്തിയിലേക്ക് തിരിയാനാണ് രാവണനോട് ആവശ്യപ്പെട്ടത്.
ഇങ്ങനെ നിരവധി അഭ്യുദയകാംക്ഷികൾ വിവിധ സന്ദർഭങ്ങളിൽ രാവണന് സദ്ബുദ്ധി ഉപദേശിക്കുന്നുണ്ട്. അവയൊന്നും ഉൾക്കൊണ്ട് അവസരോചിതം പ്രവർത്തിച്ചില്ലെന്നു മാത്രമല്ല, ഭീഷണിപ്പെടുത്തിയും പുച്ഛിച്ചും അവജ്ഞയോടെ തള്ളിക്കളഞ്ഞുമാണ് അതിനോടെല്ലാം അദ്ദേഹം പ്രതികരിച്ചത്. ഒരു വ്യക്തിയുടെ ചെയ്തികൾ അയാളുടെ തലമുറകളെയും പ്രദേശത്തെയും ആവാസവ്യവസ്ഥയെയുമെല്ലാം സാരമായി ബാധിക്കും.
തെൻറ തുച്ഛവും സങ്കുചിതവും അസംസ്കൃതവുമായ കാമനകളിലും ചോദനകളിലും ആസക്തികളിലും നിലകൊള്ളുന്ന വ്യക്തി തനിക്കും സമൂഹത്തിനും ഈ വിശ്വപ്രകൃതിക്കും എങ്ങനെ ബാധ്യതയും ഭീഷണിയുമായിത്തീരുന്നുവെന്ന് രാവണനിലൂടെ ഇതിഹാസകവി നമ്മെ ബോധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.