മനുഷ്യരുടെ എല്ലാ അവയവങ്ങളും സ്ഫുടം ചെയ്യുന്ന കാലമാണ് നോമ്പ്കാലം. 20 വർഷം പിന്നോട്ടുള്ള നോമ്പ് കാലം അത് ഓർമിപ്പിക്കുകയാണ്. വാപ്പയുടെ വീട്ടിൽ ചീരാംകുന്നത് തറവാട്ടിലായിരുന്നു കുട്ടിക്കാല നോമ്പുതുറക്കൽ. കൂട്ടുകുടുംബമാണ്. വാപ്പ, ഉമ്മ, മൂന്ന് ആങ്ങളമാർ, ഉപ്പാപ്പ, ഉമ്മാമ, വാപ്പയുടെ അനുജൻമാർ, അവരുടെ ഭാര്യമാർ, മക്കൾ, വാപ്പയുടെ പെങ്ങന്മാർ, അവരുടെ മക്കൾ ഇവരൊക്കെ ഒരു വീട്ടിൽ. ഇന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു കൗതുകം തോന്നുന്നു.
എല്ലാ വർഷവും നോമ്പ് വരുന്നതിനുമുമ്പ് വീട് മൊത്തം പെയിന്റടിക്കും. പരിസരമൊക്കെ വൃത്തിയാക്കും. ടി.വി കണക്ഷൻ മാറ്റി ഒരുഭാഗത്ത് പൊതിഞ്ഞു വെക്കും. റേഡിയോ മാറ്റി വെക്കും. വയറിനു മാത്രമല്ല കണ്ണിനെയും കാതിനെയും എല്ലാ അവയവങ്ങളെയും ആത്മസംസ്കരണം ചെയ്യുന്ന കാലമായിരുന്നു ആ നോമ്പുകാലം.
ളുഹർ നമസ്കാരം കഴിഞ്ഞാൽ അമ്മായിമാരും ഉമ്മയും അടുക്കളയിൽ ആയിരിക്കും. കുഞ്ഞുപ്പത്തൽ ഉരുട്ടിക്കൊണ്ട് സ്വലാത്തും ദിക്റും ചൊല്ലും. അതിനിടയിൽ കുഞ്ഞിപ്പത്തൽ ഒന്ന് ഉരുട്ടാൻ വേണ്ടി അടുക്കളയിൽ പോയാൽ വഴക്ക് പറയും. കുട്ടികൾക്കും ആണുങ്ങൾക്കും അന്ന് അടുക്കളയിൽ പ്രവേശനമില്ലായിരുന്നു. നോമ്പ് 30 ദിവസവും കോഴിവടയും മുട്ട വരിഞ്ഞു പൊരിച്ചതും ഉപ്പാപ്പക്ക് നിർബന്ധമായിരുന്നു.
അന്നൊന്നും ഇത്ര ആഡംബരങ്ങൾ ഒന്നും കണ്ടിരുന്നില്ല. ഇന്ന് തീൻ മേശയിൽ മൂന്നും നാലും ജ്യൂസുകളാണ്. അന്ന് അധികവും വത്തക്ക വെള്ളമായിരുന്നു. കുഞ്ഞിപ്പത്തലിൽ നിന്ന് ഒരു ഇറച്ചി പീസ് കിട്ടാൻ വളരെ പ്രയാസപ്പെടുമായിരുന്നു. പള്ളിയുടെ തൊട്ടടുത്തായിരുന്നു വീട്. അതുകൊണ്ട് ബാങ്ക് നന്നായി കേൾക്കം. ബാങ്ക് കൊടുക്കുന്നതിന്ന് മുന്നേ മൈക്കിൽ രണ്ടു മുട്ടു മുട്ടുമായിരുന്നു. ആ സമയത്ത് ഞാൻ കാരക്ക ചവച്ചുപോയതിന് ഉപ്പാപ്പ വഴക്കു പറഞ്ഞതോർക്കുന്നു.
തൊട്ടടുത്ത് താമസിക്കുന്ന സാമ്പത്തികമായി വളരെ പിന്നാക്കമായ നാരായണി ചേച്ചി നോമ്പിന് പലഹാരങ്ങൾ ഉണ്ടാക്കാനാവശ്യമായ സാധനങ്ങൾ കൊണ്ടുതന്നിട്ട് പറയും ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർഥിക്കാൻ. ജാതിമത ഭേദമന്യേ, സ്നേഹവും സൗഹൃദവും ആ കാലത്താണ് പഠിച്ചത്. പുത്തൂർ ഹൈസ്കൂളിൽ നോമ്പുകാരെ പ്രേത്യകം പരിഗണിക്കുമായിരുന്നു. ഉമ്മാമ വലിയ പാചകക്കാരിയായിരുന്നു. അവരുണ്ടാക്കുന്ന ഈന്തിൻ പുട്ടിന്റെ രുചി ഇപ്പോഴും നാവിലുണ്ട്. എല്ലാവരും ഒന്നിച്ചുപോയി പെരുന്നാൾ വസ്ത്രം എടുക്കും. കൂട്ടത്തിൽ നാരായണി ചേച്ചിക്ക് ഒരു സാരിയും. അത് അവർക്ക് കൊടുക്കുമ്പോൾ ഉണ്ടാവുന്ന ആ സന്തോഷവും ചിരിയും മറക്കാനാവുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.