വൈകിവന്ന വിവേകം; നിലക്കലിൽ പാർക്കിങ് സൗകര്യം കൂട്ടുന്നു

പത്തനംതിട്ട: ഭക്തജനത്തിരക്കിനൊപ്പം വാഹനങ്ങളുടെ വരവും വർധിച്ച സാഹചര്യത്തിൽ നിലക്കൽ പാർക്കിങ് ഗ്രൗണ്ട് വിപുലീകരിക്കുന്നു. 1000 വാഹനങ്ങൾക്കുകൂടി പാർക്കിങ് സൗകര്യം ഒരുക്കാനാണ് ശ്രമം. 65 ഏക്കറോളമാണ് നിലക്കൽ എസ്റ്റേറ്റ്. ഇവിടെ നിലവിൽ 6500 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യമാണ് ദേവസ്വം ബോർഡ് ഒരുക്കിയത്. സൗകര്യം വർധിപ്പിച്ചാൽ ഇവിടെ 10,000 വാഹനങ്ങൾക്ക് വരെ പാർക്ക് ചെയ്യാം.

എന്നാൽ, തീർഥാടകരുടെ തിരക്ക് വർധിക്കുമെന്ന് പറഞ്ഞിരുന്ന സർക്കാറോ ദേവസ്വം ബോർഡോ ഇതിനുള്ള ശ്രമമൊന്നും നടത്തിയില്ല. ഇപ്പോൾ വഴിനീളെ വാഹനങ്ങൾ പൊലീസ് തടഞ്ഞിടുകയും തീർഥാടകർ വലിയ തോതിൽ ബുദ്ധിമുട്ടുകയും ചെയ്തു. അവസാന സമയങ്ങളിൽ ഒരുക്കിയ സ്ഥലങ്ങൾ മഴയിൽ ചളിക്കുളമായതും വാഹനങ്ങളുമായെത്തുന്നവരെ വലച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് തീർഥാടനകാലം അവസാന ദിവസങ്ങളിലേക്ക് എത്തുമ്പോൾ റബർ മരങ്ങൾ വെട്ടിയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തറ നിരപ്പാക്കിയും പാർക്കിങ് സൗകര്യം വർധിപ്പിക്കാൻ ശ്രമം നടക്കുന്നത്. നിലവിൽ 300 വാഹനങ്ങൾക്കുള്ള സൗകര്യം വർധിപ്പിച്ചു.

പള്ളിയറക്കാവ് ദേവീക്ഷേത്രത്തിനോട് ചേർന്ന സ്ഥലത്താണ് ജോലികൾ നടക്കുന്നത്. നിലക്കലിൽ 17 ഗ്രൗണ്ടുകളായി തിരിച്ചാണ് പാർക്കിങ് സൗകര്യം. പള്ളിയറക്കാവ് ഭാഗത്ത് കൂടാതെ മറ്റ് 16 ഗ്രൗണ്ടുകളോട് ചേർന്നും സൗകര്യം കൂട്ടാനാണ് ശ്രമം ആരംഭിച്ചത്. 

Tags:    
News Summary - Parking facility is being added at Nilakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.