ശബരിമല: ദർശനസമയം 19 മണിക്കൂറാക്കി; തീർഥാടകർക്ക് പരമാവധി സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം/ശബരിമല: തീർഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന ദർശനം 90,000 പേർക്കായി പരിമിതപ്പെടുത്താൻ തീരുമാനം. ദർശനസമയം ഒരു മണിക്കൂർ കൂടി വർധിപ്പിക്കുകയും ചെയ്തു. ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം നടത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഭക്തരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചത്.

ഭക്തരുടെ തിരക്ക് പരിഗണിച്ച് നിലയ്ക്കലിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കും. തീർഥാടകർക്ക് മതിയായ സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. പരമാവധി സൗകര്യങ്ങൾ തീർഥാടകർക്ക് ലഭ്യമാക്കണം. അതിന് ആവശ്യമായ ക്രമീകരണം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദര്‍ശനസമയം ദിവസം 19 മണിക്കൂറായി വർധിപ്പിച്ച് കൂടുതല്‍ പേര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്.

വാഹനപാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡും പത്തനംതിട്ട ജില്ല ഭരണസംവിധാനവും നടപടികള്‍ എടുക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. നിലയ്ക്കലിലുള്ള പാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. 17 മൈതാനങ്ങളിലായി 6,500 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. എല്ലാ വകുപ്പുകളുടെയും സംയോജിപ്പിച്ചുള്ള പ്രവർത്തനം നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

വഴിപാട് അഭിഷേകങ്ങളുടെ എണ്ണവും കുറക്കും. അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവ പ്രതിദിനം 15 എണ്ണം വീതമായി കുറക്കാനാണ് ദേവസ്വം ബോർഡിൻറെ തീരുമാനം.

സുഖദർശനത്തിൻറെ ഭാഗമായി ശ്രീ കോവിലിന് മുന്നിലെ എല്ലാവരികളിലൂടെയും തീർത്ഥാടകരെ കടത്തിവിടും. ക്യൂവിൽ ഏറെനേരം നിൽക്കേണ്ടി വന്നാൽ ലഘുഭക്ഷണം എത്തിക്കും. എരുമേലി കാനനപാതവഴിയും പുല്ലുമേട് കാനനപാതവഴിയും സന്നിധാനത്ത് എത്തുന്ന തിർത്ഥാടകർക്ക് പ്രത്യേക ക്യൂ സംവിധാനവും പരിഗണനയിൽ ഉണ്ട്.

സന്നിധാനത്തെ തിരക്ക് ഒഴിവാക്കാൻ ശരംകുത്തിയിലെ ക്യൂ കോംപ്ലക്സ് അറ്റകുറ്റപണി നടത്തി ഉടൻ തുറന്ന് നൽകും. കോടികൾ ചിലവാക്കി നിർമ്മിച്ച മൂന്ന് കോംപ്ലക്സ് ഇപ്പോൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ അറ്റകുറ്റപണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് ദേവസ്വം ബോർഡിൻറെ പ്രതീക്ഷ.

കഴിഞ്ഞ ദിവസം തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസിന് ഉണ്ടായ വീഴ്ച ഏറെ ചർച്ചയായിരുന്നു. ഇതേ തുടർന്ന് നടന്ന അന്വേഷണത്തിൽ സന്നാധാനം സ്പെഷ്യൽ ഓഫിസറെ പമ്പയിലേക്ക് മാറ്റി. പതിനെട്ടാംപടി കയറുന്ന തീർത്ഥാടകരെ സഹായിക്കാൻ ഇന്ത്യൻ റിസർവ് പൊലീസ് ബറ്റാലിയനെ നിയമിച്ചു.

Tags:    
News Summary - Sabarimala: darshan timings extended to 19 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.