ശബരിമല: മണ്ഡലകാലത്ത് ആറരലക്ഷത്തോളം ഭക്തർക്ക് അന്നമേകി ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപം.
ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്ക് സൗജന്യ ഭക്ഷണം നൽകുന്ന ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപത്തിൽ പ്രതിദിനം 17,000 പേരാണ് മൂന്നുനേരങ്ങളിലായി ഭക്ഷണത്തിന് എത്തുന്നത്. ഇക്കുറി മണ്ഡലകാലം ആരംഭിച്ചതു മുതൽ വെള്ളിയാഴ്ച രാവിലെ വരെ 6,35,000 പേർ അന്നദാനത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് സ്പെഷൽ ഓഫിസർ എസ്. സുനില്‍കുമാർ പറഞ്ഞു. ശബരിമലയിലെത്തുന്ന ഭക്തരില്‍നിന്നും മറ്റുള്ളവരിൽനിന്നുമുള്ള സംഭാവനയായി 87 ലക്ഷം രൂപയാണ് അന്നദാന പദ്ധതിക്കായി ലഭിച്ചത്. മാളികപ്പുറം ക്ഷേത്രത്തിനു സമീപമാണ് ആധുനികരീതിയിൽ പണികഴിപ്പിച്ച ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപം. ഒരുനേരം 7000 പേര്‍ക്ക് ഇവിടെ ഭക്ഷണം കഴിക്കാൻ സാധിക്കും. മൂന്നു ഷിഫ്റ്റുകളിലായി 240 പേരാണിവിടെ ജോലിചെയ്യുന്നത്. പ്രഭാത ഭക്ഷണമായി ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, ചുക്കുവെള്ളം എന്നിവ രാവിലെ 6.30 മുതല്‍ 11 മണി വരെ വിതരണം ചെയ്യും.
ഉച്ചക്ക് 12 മുതല്‍ 3.30 വരെ പുലാവ്, അച്ചാർ, സാലഡ്, ചുക്കുവെള്ളം എന്നിവയും രാത്രിഭക്ഷണമായി വൈകീട്ട് 6.30 മുതല്‍ 11.15 വരെ കഞ്ഞി പയര്‍ എന്നിവയുമാണ് നല്‍കുന്നത്. ദിവസവും മൂന്നുനേരം പുല്‍ത്തൈലം അടക്കമുള്ളവ ഉപയോഗിച്ച് യന്ത്രസഹായത്തോടെ മണ്ഡപം അണുമുക്തമാക്കും.
പാത്രങ്ങൾ ഇലക്ട്രിക്കല്‍ ഡിഷ് വാഷറുപയോഗിച്ച് കഴുകാനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.