ദുബൈ: പരിമിതികളെ മറികടന്ന് ഖുർആൻ പാരായണം ചെയ്ത് ലോകത്തെ വിസ്മയിപ്പിക്കുകയാണ് മുഹമ്മദ് ഈസ എന്ന 13കാരൻ. കാഴ്ചശക്തിയും നടക്കാനുള്ള ശേഷിയുമില്ലാതെ പിറന്നുവീണ ഈ ബാലൻ ഖുർആൻ പാരായണംചെയ്ത് സമ്മാനങ്ങൾ വാരിക്കൂട്ടുകയാണ്. കൃത്യമായ സംസാരശേഷി പോലുമില്ലെങ്കിലും ഖുർആൻ പാരായണത്തിന് ഇതൊന്നും തടസ്സമില്ല. ദുബൈയിൽ പ്രവാസിയായ തമിഴ്നാട് തഞ്ചാവൂർ സ്വദേശി അബ്ദുൽ ഹാദിയുടെയും ഹലീമുന്നിസയുടെയും മകനാണ് ഈസ.
2009ൽ ദുബൈയിലാണ് ഈസയുടെ ജനനം. പരിമിതികളോടെയായിരുന്നു പിറന്നുവീണത്. നാലാം വയസ്സിൽ സമീപത്തെ പള്ളിയിൽനിന്ന് തറാവീഹ് നമസ്കാരത്തിന്റെ ഖുർആൻ പാരായണം ഈസയും ഏറ്റുചൊല്ലാൻ തുടങ്ങിയതോടെയാണ് മകന്റെ കഴിവ് തിരിച്ചറിഞ്ഞത്. സഹോദരിമാരായ സുമയ്യയും ആയിഷയും ചേർന്ന് യൂ ട്യൂബിൽ ഖുർആൻ പാരായണങ്ങൾ കേൾപ്പിക്കാൻ തുടങ്ങിയതോടെ ഈസ ഖുർആൻ മനഃപാഠമാക്കാനും തുടങ്ങി. മണിക്കൂറോളം നിർത്താതെ ഖുർആൻ പാരായണം ചെയ്യാനുള്ള കഴിവുണ്ട് ഈ കുട്ടിക്ക്. അതും, ഉച്ഛാരണപ്പിശകുപോലുമില്ലാതെ വ്യത്യസ്ത ഈണത്തിൽ. അഞ്ചാം വയസ്സിൽ ഉംറ നിർവഹിക്കുന്നതിനിടെ മക്ക ഹറമിൽ ഈസയുടെ പാരായണംകേട്ട് ചുറ്റുമുള്ളവർ തടിച്ചുകൂടിയിരുന്നു.
ഇതോടെ ഹറം അധികൃതർ ഇടപെട്ട് കുട്ടിക്ക് പൊലീസ് സംരക്ഷണം ഉൾപ്പെടെ ഏർപ്പെടുത്തുകയും ഖുർആൻ പാരായണത്തിന് സൗകര്യമൊരുക്കുകയും ചെയ്തു. യു.എ.ഇയിൽ നടന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയ ഈസയുടെ ഷോക്കേസിൽ നിറയെ ട്രോഫികളും പതക്കങ്ങളുമാണ്. കൂടുതൽ സമയം നിർത്താതെ ഖുർആൻ പാരായണംചെയ്ത നിശ്ചയദാർഢ്യ വിഭാഗക്കാരൻ എന്ന റെക്കോഡും ഈസ സ്വന്തമാക്കി.
അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരങ്ങളിൽ പങ്കെടുക്കണമെന്നതാണ് ഈസയുടെ ആഗ്രഹം. പിറന്നുവീണത് പരിമിതികളോടെയാണെങ്കിലും തങ്ങളുടെ ഏറ്റവും വലിയ ഭാഗ്യമാണ് ഈസയെന്ന് ഹാദിയും ഹലീമുന്നിസയും പറയുന്നു. ഖുർആൻ പാരായണവുമായി സമൂഹമാധ്യമങ്ങളിലും നിറയുകയാണ് ഈ 13കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.