File Photo

ഹജ്ജ് ക്യാമ്പ് നാളെ സമാപിക്കും

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് പുറപ്പെട്ട അയ്യായിരത്തിലധികം തീർഥാടകരെ സന്തോഷത്തോടെ യാത്രയാക്കാനായതിന്റെ ചാരിതാർഥ്യത്തിലാണ് നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലെ വളന്‍റിയേഴ്‌സ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മെംബർ പി.ടി. അക്ബർ ചെയര്‍മാനും എച്ച്. മുസമ്മിൽ ഹാജി, ഇസ്മാഈല്‍ താനൂർ കണ്‍വീനർമാരുമായ സബ് കമ്മിറ്റിയുടെ കീഴിലാണ് വളന്‍റിയർ ക്വോറത്തിന്റെ പ്രവർത്തനം.

125 പുരുഷന്മാരും 110 വനിതകളുമടങ്ങുന്നതാണ് വളന്‍റിയേഴ്സ് ക്വോറം. തീർഥാടരുടെ ആർ.ടി.പി.സി.ആർ പരിശോധന കേന്ദ്രം, ലഗേജ് ഹാൻഡ്ലിങ്, റിസപ്ഷൻ, രജിസ്ട്രേഷൻ, അക്കമഡേഷൻ, ഫുഡ് ആൻഡ് സർവിസസ്, പ്രാർഥന ഹാൾ, ഹൗസ് കീപ്പിങ്, ഹജ്ജ് സെൽ, ഹജ്ജ് ക്യാമ്പ് പരിസരത്തെ ട്രാഫിക്, സെക്യൂരിറ്റി, ട്രാൻസ്പോർട്ടേഷൻ, റെയിൽവേ സ്റ്റേഷൻ ഹെൽപ് ഡെസ്ക് തുടങ്ങി 13ലധികം വിഭാഗങ്ങളിലായി 24 മണിക്കൂറും വളന്‍റിയർമാർ സേവനനിരതരാണ്. തീർഥാടകർ ക്യാമ്പിൽ റിപ്പോർട്ട് ചെയ്യുന്നത് മുതൽ വിമാനം കയറുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നൽകുന്നത് സേവനത്തിന്റെ കുപ്പായമണിഞ്ഞ ഇവരാണ്.

പാതിരാത്രിയിലും റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന തീർഥാടകരെ സുരക്ഷിതമായി ക്യാമ്പിലെത്തിക്കൽ, പുലർച്ച പുറപ്പെടുന്ന വിമാനങ്ങളിലേക്കുള്ള യാത്രക്കാരെ വിളിച്ചുണർത്തി അവർക്ക് ആവശ്യമായ പരിചരണം നൽകൽ തുടങ്ങി സൗകര്യപൂർവമായ യാത്രക്കുവേണ്ടി ഉറക്കമൊഴിച്ച് സേവനം ചെയ്യുന്ന അനേകം സ്നേഹമനസ്സിനുടമകളേയാണ് ജൂൺ നാല് മുതൽ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ കണ്ടുവരുന്നത്. തങ്ങൾക്ക് സേവനം ചെയ്തവർക്കുള്ള മനമറിഞ്ഞുള്ള പ്രാർഥനകൾ ഹജ്ജിന്റെ ഓരോ വഴികളിലും ഉണ്ടാവുമെന്ന ഉറപ്പ് നൽകിയാണ് ഓരോ തീർഥാടകനും നെടുമ്പാശ്ശേരിയിൽനിന്ന് വിമാനം കയറുന്നത്.

Tags:    
News Summary - The Hajj camp will end tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.