ദുബൈ: കഴിഞ്ഞ വർഷം വിവാഹഗ്രാൻറായി 19.9 കോടി ദിർഹം വിതരണം ചെയ്തിട്ടുണ്ടെന്ന് സാമൂഹിക വികസന മന്ത്രി ഹസ്സ ബിൻത് ഇസ്സ ബുഹുമൈദ് അറിയിച്ചു. 2844 പേർക്കാണ് ഇത്രയും തുക വിതരണം ചെയ്തത്. അർഹരായ സ്വദേശികൾക്ക് ഒറ്റത്തവണയായി 70,000 ദിർഹമാണ് ഗ്രാന്റായി നൽകിവരുന്നത്. 2021ൽ 2727 പേർക്കാണ് ആനുകൂല്യം ലഭിച്ചിരുന്നതെന്നും 2022ൽ എണ്ണം വർധിച്ചതായും മന്ത്രി വ്യക്തമാക്കി.
വിവാഹിതരാകാൻ പോകുന്ന യുവാക്കളെ സഹായിക്കാനുള്ള നേതൃത്വത്തിന്റെ താൽപര്യ പ്രകാരമാണ് കമ്യൂണിറ്റി വികസന മന്ത്രാലയം നൽകുന്ന വിവാഹ ധനസഹായം വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. സാമൂഹിക ഐക്യം രൂപപ്പെടുത്താൻ നല്ല കുടുംബങ്ങൾ സഹായിക്കും. വിവാഹഗ്രാന്റ് വിതരണം ചെയ്യുന്നതിലൂടെ സാമ്പത്തികമായും ധാർമികമായും സ്ഥിരതയുള്ള പുതിയ കുടുംബങ്ങൾ കെട്ടിപ്പടുക്കാൻ ചെറുപ്പക്കാർക്ക് അവസരമൊരുക്കുകയാണ്. ഇലക്ട്രോണിക് ലിങ്ക് വഴി വിവാഹ ഗ്രാന്റിന് അപേക്ഷിക്കാനും നടപടിക്രമങ്ങളും രേഖകളും സുഗമമാക്കാൻ ബന്ധപ്പെട്ട ഫെഡറൽ, പ്രാദേശിക സംവിധാനങ്ങളുമായി സഹകരിച്ച് മന്ത്രാലയം പ്രവർത്തിക്കുന്നുണ്ട് -അവർ കൂട്ടിച്ചേർത്തു.
ഇ-സേവനം ലഭ്യമായിത്തുടങ്ങിയതോടെ ഇമാറാത്തികൾക്ക് ഗ്രാന്റിന് അപേക്ഷിക്കുന്നത് സൗകര്യപ്രദമായിട്ടുണ്ട്. അപേക്ഷകനും ഭാര്യയും യു.എ.ഇ പൗരന്മാരായിരിക്കണം. ഭർത്താവിന്റെ പ്രായം 21 വയസ്സിൽ കുറയരുത്, വിവാഹ കരാർ സമയത്ത് ഭാര്യയുടെ പ്രായം 18 വയസ്സ് ആയിരിക്കണം, വരന്റെ മാസവരുമാനം 25,000 ദിർഹത്തിൽ കൂടരുത് എന്നീ നിബന്ധനകൾ പാലിക്കുന്നവർക്കാണ് ഗ്രാന്റ് ലഭിക്കുന്നത്. മന്ത്രാലയം ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി സംഘടിപ്പിക്കുന്ന ബോധവത്കരണ കോഴ്സുകളിൽ ഇരുവരും പങ്കെടുക്കേണ്ടതും നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.