ഇമ്മിണി വലിയ പൊട്ടുകള്‍

ഭാരതീയ സ്ത്രീത്വത്തിന്റെ അടയാളമായി കരുതപ്പെടുന്ന പൊട്ട് അഥവാ കുറിയെക്കുറിച്ച് പറയാന്‍ കഥകള്‍ ഏറെയുണ്ട്. കണ്വാശ്രമത്തിലെ ശകുന്തളപോലും തോഴിമാര്‍ ഉണ്ടാക്കിയ കുറിക്കൂട്ടണിഞ്ഞുകൊണ്ടാണ് ഭര്‍തൃഗൃഹത്തിലേക്കു യാത്രയാകുന്നത്. നമ്മുടെ കവിതകളിലും കഥകളിലും സിനിമയിലുമൊക്കെ കുറികള്‍ക്കുള്ള സ്ഥാനം ചെറുതല്ല. പൊട്ടിനെക്കുറിച്ച് പരാമര്‍ശിക്കാത്ത സ്ത്രീവര്‍ണനകള്‍ വിരളമാണ്. ദേശമോ ജാതിയോ ഇല്ലാത്ത പൊട്ട് പല ഭാഷകളില്‍ അറിയപ്പെടുന്നു.  മലയാളിയും തമിഴരും പൊട്ടു കുത്തുമ്പോള്‍ ഹിന്ദിക്കാര്‍ \'തിലക\'മണിയുന്നു. ബംഗാളിയില്‍ \'തിപ്\', തെലുങ്കില്‍ \'തിലകം\', കന്നഡയില്‍ \'തിലക\', മറാത്തിയില്‍ \'തിക്‌ലി\' ഗുജറാത്തില്‍ \'ചന്ദ്‌ലോ\' എന്നിങ്ങനെയാണ് പൊട്ടിന്റെ ഭാഷാഭേദങ്ങള്‍. കുങ്കുമക്കുറിയില്‍നിന്നും ചാന്തുപൊട്ടില്‍നിന്നും വഴിമാറിയ പൊട്ടുകള്‍ ഇന്ന് മുത്തും കല്ലുമൊക്കെ പതിച്ച സ്റ്റിക്കര്‍പൊട്ടുകളില്‍വരെ എത്തിനില്‍ക്കുകയാണ്. അതവിടെ നില്‍ക്കട്ടെ. നമുക്ക് പൊട്ടുകൊണ്ട് തിരിച്ചറിയുന്ന ചില പ്രമുഖ മുഖങ്ങളെ പരിചയപ്പെടാം.

ഇന്ത്യന്‍രാഷ്ട്രീയത്തിലെ തിളക്കമുള്ള വ്യക്തിത്വമാണ് ബി.ജെ.പി. നേതാവും പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവുമായ സുഷമ സ്വരാജ്. രാഷ്ട്രീയത്തില്‍ പ്രവേശിച്ച കാലം മുതല്‍ സുഷമയുടെ മുഖത്തെ ശ്രദ്ധിക്കപ്പെടുന്ന അടയാളമാണ് അവരുടെ ഇമ്മിണി വലിയ പൊട്ട്. മെറൂണ്‍ നിറത്തിലുള്ള ആ വട്ടപ്പൊട്ട് സുഷമയുടെ മുഖസൗന്ദര്യത്തിനു മാറ്റുകൂട്ടുന്നുണ്ടെന്നതില്‍ സംശയമില്ല. അന്നും ഇന്നും രൂപഭാവങ്ങള്‍ മാറാതെയും സ്ഥാനചലനം സംഭവിക്കാതെയും  നിലനില്‍ക്കുന്ന സുഷമയുടെ പൊട്ട് അവരുടെ രാഷ്ട്രീയംപോലെതന്നെ അചഞ്ചലമാണ്. മറ്റൊരു അഖിലേന്ത്യാ നേതാവായ ബൃന്ദാ കാരാട്ടിന്റെ പൊട്ടും പ്രശസ്തമാണ്. കോളേജ്ബ്യൂട്ടികൂടിയായിരുന്ന ബൃന്ദയ്ക്ക് തന്റെ മുഖത്തിനു ചേരുന്ന പൊട്ട് ഏതാണെന്നതിനെക്കുറിച്ച് സംശയമേയില്ല. വട്ടത്തിലുള്ള ചുവപ്പു ചാന്തുപൊട്ട് അവരുടെ ഐഡന്റിറ്റിയായി എന്നോ മാറിക്കഴിഞ്ഞിരിക്കുന്നു. സ്വന്തം പാര്‍ട്ടിയായ സി.പി.ഐ.(എം) ന്റെ നിറമായ ചുവപ്പുതന്നെയാണ് ബൃന്ദയ്‌ക്കെന്നും പ്രിയം. വലുപ്പത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലാത്ത ഈ ചാന്തുപൊട്ട് ഏതു ജനക്കൂട്ടത്തിനിടയിലും ബൃന്ദയെ തിരിച്ചറിയാന്‍ സഹായിക്കുന്നു.

പ്രശസ്ത പോപ്പ് ഗായികയായ ഉഷാ ഉതുപ്പിന്റെ പൊട്ട് വേറെയെവിടെയും കാണാന്‍ കിട്ടാത്ത ഒന്നാണ്. വേഷത്തിനും ഭാവത്തിനുമൊത്ത് അവര്‍ തിരഞ്ഞെടുത്ത പൊട്ടിനുള്ളിലുമുണ്ട് ബഹളത്തിന്റേതായ ഒരു പശ്ചാത്തലം. വരയും കുറിയുമൊക്കെയുള്ള അടിപൊളി പൊട്ടിന്റെ ഉടമയായ ഉഷാ ഉതുപ്പിനെ പൊട്ടിന്റെ കാര്യത്തില്‍ ഇതുവരെ ആരും അനുകരിച്ചുകണ്ടിട്ടില്ല. കേരളത്തിലെ പ്രശസ്ത പത്രപ്രവര്‍ത്തകയായ ലീലാമേനോന്റെ മുഖം സാധാരണക്കാര്‍പോലും തിരിച്ചറിയുന്നത് ആവശ്യത്തിലേറെ വലുപ്പമുള്ള ആ പൊട്ടിലൂടെയാണ്. പ്രായത്തിനുപോലും തന്റെ പൊട്ടിനെ മായ്ച്ചുകളയാനാവില്ല എന്ന നിലപാടിലാണ് ലീലാമേനോന്‍.

അര നൂറ്റാണ്ടിലേറെ കാലം മലയാള സിനിമയിലെ ഗാനകോകിലമായിരുന്ന എസ്. ജാനകിയെ കറുത്ത വലിയ പൊട്ടോടുകൂടിയല്ലാതെ നമുക്ക് ഓര്‍ക്കാനാവില്ല. ഇപ്പോള്‍ ഗാനരംഗത്തുനിന്നും വിട്ട് വിശ്രമജീവിതം നയിക്കുന്ന ജാനകി ഭസ്മക്കുറിയിലേക്കു മാറിയിട്ടുണ്ടെങ്കിലും ആ പഴയ കറുത്ത പൊട്ട് മലയാളമനസുകളില്‍ മായാതെ നില്‍പ്പുണ്ട്. നെറ്റിയുടെ മദ്ധ്യഭാഗത്തിനും മുകളിലാണ് അവരുടെ പൊട്ടിന്റെ സ്ഥാനം. ജസ്റ്റിസ് ജെ. ശ്രീദേവി, കവിയൂര്‍ പൊന്നമ്മ തുടങ്ങി ഇനിയുമുണ്ട് വ്യക്തിത്വത്തിനു തിലകം ചാര്‍ത്തിയവര്‍. മലയാളസിനിമയിലെ നിത്യവസന്തമായിരുന്ന ശ്രീവിദ്യയുടെ പൊട്ടിന്റെ ചന്തം പ്രേക്ഷകമനസുകളില്‍ മായാതെ നില്‍ക്കുന്ന ചിത്രമാണ്. പുരികക്കൊടികളുടെ ഇടയില്‍ ഇടത്തരം വലുപ്പത്തിലുള്ള ചുവന്ന പൊട്ട് ശ്രീവിദ്യയുടെ ആരാധകരുടെ ഹൃദയങ്ങളില്‍ സ്ഥാനംപിടിച്ചിരുന്നു.

പുതുതലമുറപ്പൊട്ടുകള്‍
    ഇന്നത്തെ ജനറേഷന് പൊട്ട് ഒരു വലിയ കാര്യമല്ല. കുത്തുപോലൊരു പൊട്ടും മണികെട്ടിയ പൊട്ടുംമടക്കം പൊട്ടുകളുടെ വൈവിദ്ധ്യങ്ങള്‍ക്ക് കയ്യും കണക്കുമില്ലാതായിരിക്കുന്നു. വേഷത്തിനും ഫാഷനുമൊത്തൊരു പൊട്ട് തിരഞ്ഞെടുക്കാനായി വീട്ടില്‍ ഡസന്‍കണക്കിന് സ്റ്റിക്കര്‍പൊട്ടുകളാണ് പലരും വാങ്ങിവയ്ക്കുന്നത്. പൊട്ടില്ലാത്തതാണ് ഫാഷനെന്നു കരുതുന്നവരും ഇന്ന് കുറവല്ല. പൊട്ടിന്റെ വിശേഷങ്ങള്‍ ഇങ്ങനെ നീളുമ്പോള്‍ മുഖത്തിനൊത്തൊരു പൊട്ടു തിരഞ്ഞെടുക്കാന്‍ എന്താണുപായം എന്നു ശങ്കിക്കേണ്ട. ബ്യൂട്ടീഷന്മാരുടെ അഭിപ്രായങ്ങളിലൂടെ ഒന്നു കണ്ണോടിച്ചുനോക്കൂ. ദേ കിടക്കുന്നു നിങ്ങളുടെ പൊട്ട്!
1.     നിങ്ങളുടെ മുഖത്തിന് ദീര്‍ഘവൃത്താകൃതിയാണെങ്കില്‍ പൊട്ടില്‍ പല പരീക്ഷണങ്ങളും നടത്താനാകും. ചെറിയ വട്ടപ്പൊട്ടുകളും ഡിസൈന്‍ പൊട്ടുകളും യോജിക്കും.
2.     വട്ടമുഖക്കാര്‍ക്ക് ചേരുന്നത് നീണ്ട ഗോപിക്കുറിയാണ്. നീണ്ടുമെലിഞ്ഞ ഡിസൈനര്‍ പൊട്ടുകളും ഉപയോഗിക്കാം.
3.     മുഖത്തിന് ചതുര രൂപമാണെങ്കില്‍ ത്രികോണാകൃതിയിലുള്ള പൊട്ടുകള്‍ നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കും.
4.     ത്രികോണാകൃതിയുള്ളതാണ് നിങ്ങളുടെ മുഖമെങ്കില്‍ വലിയ പൊട്ടുകള്‍ ഇണങ്ങും. കടുത്ത നിറമുള്ളവ തെരഞ്ഞെടുക്കാന്‍ മറക്കരുത്.
5.     കുഞ്ഞു നെറ്റിത്തടമുള്ളവര്‍ക്ക് നീണ്ട പൊട്ടും വലിയ നെറ്റിയുള്ളവര്‍ക്ക് വലിയ വട്ടപ്പൊട്ടുമാണ് ചേരുക.
6.     വെളുത്ത നിറമുള്ളവര്‍ക്ക് ഏറ്റവും ഇണങ്ങുന്ന പൊട്ട് ചുവപ്പു പൊട്ടാണ്. ഇരുനിറക്കാര്‍ക്ക് ഇളംനിറമുള്ള പൊട്ടുകളും ഇരുണ്ട നിറക്കാര്‍ക്ക് പിങ്ക്, ചന്ദനം തുടങ്ങിയ നിറങ്ങളും യോജിക്കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.