പ്രകൃതിയോടിണങ്ങി കളിമണ്‍ ആഭരണങ്ങള്‍

അണിഞ്ഞൊരുങ്ങി നടക്കുന്നത് എല്ലാവര്‍ക്കും പ്രിയമുള്ള കാര്യം. എന്നാല്‍ ഒരുക്കത്തില്‍ വൈവിധ്യവും അതുല്യതയും ചേരുമ്പോള്‍ കൂടുതല്‍ ആകര്‍ഷണീയത ഉണ്ടാകും. മാറുന്ന ഫാഷന്‍ തരംഗത്തിനൊപ്പം വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും രൂപവും ഭാവവും മാറുകയാണ്. അണിയുന്ന വസ്ത്രത്തിന്റെ നിറമനുസരിച്ച് ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നവരേക്കാള്‍ വൈവിധ്യമാര്‍ന്നവ തെരഞ്ഞെടുക്കാനാണ് ഇപ്പോള്‍ കൗമാരക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രദ്ധിക്കുന്നത്. അതുകൊണ്ടു തന്നെ ഫാഷന്‍ ലോകത്ത് ട്രെന്‍ഡായിക്കൊണ്ടിരിക്കുകയാണ് കളിമണ്‍ ആഭരണങ്ങള്‍ അഥവാ ടെറാക്കോട്ട ആഭരണങ്ങള്‍.



ഫാഷന്‍ തരംഗത്തിന്റെഭാഗമായി എത്തിയ കളിമണ്‍ ആഭരണങ്ങള്‍ വിപണിയില്‍ താരത്തിളക്കം നേടിയിട്ടുണ്ട്. കളിമണ്ണുകൊണ്ട് നിര്‍മിക്കുന്ന മാലകള്‍, കമ്മലുകള്‍, ബ്രെയ്സ്ലറ്റുകള്‍ എന്നിവ യുവത്വത്തിന്റെഹരമായി കഴിഞ്ഞു. സ്‌റ്റോണ്‍, മെറ്റല്‍ ആഭരണങ്ങളേക്കാള്‍ അണിഞ്ഞാല്‍ ഫ്രഷ് ലുക്ക് തോന്നുന്നതാണ് ഇത്തരം ആഭരണങ്ങളോട് പ്രിയം കൂടാനുള്ള കാരണം.

കളിമണ്ണുകൊണ്ടുള്ള ആഭരണങ്ങള്‍ കൈവേലയായി മാത്രം നിര്‍മ്മിക്കപ്പൈടുന്നതിനാല്‍ അവയുടെ ഡിസൈനുകള്‍ ഏറെക്കുറെ അതുല്യമായിരിക്കും. നമ്മള്‍ അണിയുന്ന മാലയെ പോലെ മറ്റൊന്ന് വിപണിയിലുണ്ടാകില്ല. ആരും അണിയാത്ത തരത്തിലുള്ള ആഭരണങ്ങള്‍ അണിയുന്നതു തന്നെയല്ലേ എല്ലാവര്‍ക്കും ഇഷ്ടം? മാലകളില്‍ പല രൂപത്തിലുള്ള കളിമണ്‍ മുത്തുകള്‍ കോര്‍ത്ത മോഡലുകള്‍ക്കാണ് പ്രിയം. ഇവയില്‍ ഉപയോഗിക്കുന്ന വലിയ ലോക്കറ്റുകള്‍ മാലകള്‍ക്ക് കൂടുതല്‍ വശ്യത പകരുന്നു.



ടെറാക്കോട്ട ആഭരണങ്ങളില്‍ അധികവും വെജിറ്റബിള്‍ പെയിന്റുകളാണ് ഉപയോഗിക്കുന്നത്. താരതമ്യേന കടുപ്പം കുറഞ്ഞതും തിളക്കമുള്ളതുമായ നിറങ്ങള്‍ ഏതു വസ്ത്രത്തിനും യോജിക്കുന്നവയാണ്. വലിയ ലോക്കറ്റുകളും ചതുരത്തിലും ഉരുണ്ടതുമായ മുത്തുകള്‍ കോര്‍ത്തതുമായ മാല സാരിയുടെ കൂടെയും ചുരിദാര്‍, ജീന്‍സ് തുടങ്ങിയ മോഡേണ്‍ വസ്ത്രങ്ങള്‍ക്കും അനുയോജ്യമാണ്. ലോക്കറ്റുകളിലെ വ്യത്യസ്ത ഡിസൈനുകള്‍ ആരെയും ആകര്‍ഷിക്കുന്നവയാണ്. മുത്തുകളിലും അപൂര്‍വ്വമായ ഡിസൈനുകള്‍ കാണാനാകും. മാലകള്‍ക്ക് അതില്‍ കോര്‍ത്തിട്ട മുത്തുകളുടെ എണ്ണവും വലുപ്പവും ഡിസൈനുമനുസരിച്ചാണ് വില. 250 രൂപ മുതല്‍ 1500 രൂപ വരെ വില വരുന്ന ടെറാക്കോട്ട മാലകള്‍ വിപണിയിലുണ്ട്.

പാര്‍ട്ടികളില്‍ തിളങ്ങാനും ഇന്ന് കളിമണ്‍ ആഭരണങ്ങളെ ആശ്രയിക്കാം. വലിയ ലോക്കറ്റും രണ്ടു വരിയായി വിവിധ രൂപത്തിലുള്ള മുത്തുകളുള്ള മാലകള്‍, വ്യത്യസ്ത ആകൃതിയിലുള്ള കമ്മല്‍, പല നിറങ്ങളുള്ള മുത്തു കോര്‍ത്ത ബ്രെയ്സ്ലറ്റുകള്‍ എന്നിവ പാര്‍ട്ടി വസ്ത്രങ്ങളോടൊപ്പം അണിയാവുന്നതാണ്. കല്ലുകളും മുത്തുകളും പതിപ്പിച്ച കളിമണ്‍ ആഭരണങ്ങളും പാര്‍ട്ടി വസ്ത്രങ്ങളോടൊപ്പം ഉപയോഗിക്കാവുന്നതാണ്.



ടെറാക്കോട്ട കമ്മലുകളില്‍ കൂടുതല്‍ കാണുന്നത് സ്റ്റഡുകളാണ്. കമ്മലിന്റെആകൃതിയാണ് കൂടുതല്‍ ആകര്‍ഷണീയം. കണ്ടു മടുത്ത ഡിസൈനിലും ആകൃതിയിലുമുള്ള കമ്മലുകളെ ഇവ മാറ്റി നിര്‍ത്തുന്നു. 60 രൂപ മുതലാണ് സ്റ്റഡുകള്‍ക്ക് വില. തൂങ്ങുന്ന കമ്മലുകള്‍ക്ക് വലുപ്പവും ഡിസൈനുമനുസരിച്ച് കൂടും.

വളകളില്‍  തടികൂടിയ മോഡലുകള്‍ക്കാണ് പ്രിയം. 80 രൂപ മുതല്‍ 500 രൂപവരെ വിലയുള്ള വളകളും ബ്രെയ്സ്ലറ്റുകളും വിപണിയിലുണ്ട്. മറ്റു ലോഹങ്ങള്‍കൊണ്ടുള്ള ആഭരണങ്ങളേക്കാള്‍ ഭാരം കുറവായിരിക്കുമെന്നതിനാല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും ഇത്തരം ആഭരണങ്ങള്‍ ധരിക്കാവുന്നതാണ്. സാധാരണ ജ്വല്ലറി ഡിസൈനുകളില്‍ നിന്നും വ്യത്യസ്ത ഡിസൈന്‍ രീതികളാണ് ഇതില്‍ പരീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു കാലത്തും ഇത്തരം ആഭരണങ്ങള്‍ ഫാഷന്‍ലോകത്തു നിന്നും പുറത്താകില്ല.

നല്ലയിനത്തിലുള്ള കളിമണ്‍ രണ്ടോ മൂന്നോ തവണ വെള്ളത്തില്‍ അരിച്ച് ശുദ്ധീകരിക്കുന്നു. പിന്നീട് ശുദ്ധീകരിച്ച കളിമണ്ണുകൊണ്ടാണ് വിവിധ ആകൃതിയിലുള്ള മുത്തുകളും ലോക്കറ്റുകളും കമ്മലുമെല്ലാം രൂപപ്പെടുത്തിയെടുക്കുന്നത്. ചൂളയില്‍ പാകപ്പെടുത്തിയതിനു ശേഷമാണ് ഡിസൈന്‍ ചെയ്യുന്നതും നിറം കൊടുത്ത് വിപണിയില്‍ കാണുന്ന മോഡലുകളാക്കി തീര്‍ക്കുന്നതും. ചൂളയില്‍ വെച്ച് പാകപ്പെടുത്തി എടുക്കുന്നവയായതിനാല്‍ പൊട്ടിപ്പോവുമെന്ന പേടിയും വേണ്ട. യാതൊരു വിധത്തിലുള്ള യന്ത്ര സഹായമോ സാങ്കേതികതയോ ഉപയോഗിക്കാതെ പൂര്‍ണമായും പ്രകൃതിദത്തമായി നിര്‍മിക്കുന്ന ഇത്തരം ആഭരണങ്ങള്‍ അണിയുന്നവരെയും പ്രകൃതിയോട് ചേര്‍ത്തു നിര്‍ത്തുന്നു.


 
ടെറാക്കോട്ട ആഭരണങ്ങള്‍ യുവാക്കളെയും വശീകരിക്കുന്നു. പുരുഷന്‍മാര്‍ക്കുള്ള  മാലയും ബ്രെയ്സ്ലറ്റും സ്റ്റഡുകളും വിപണിയിലുണ്ട്. ആഭരണങ്ങള്‍ക്കു പുറമെ  പ്രാര്‍ത്ഥിക്കാനുപയോഗിക്കുന്ന കൊന്തയും തസ്ബീഹ് മാലയും ലോക്കറ്റുകളും കളിമണ്ണില്‍ ഒരുക്കാറുണ്ട്.
ഫാന്‍സികടകളില്‍ ഇനി വസ്ത്രത്തിനുചേരുന്ന ആഭരണങ്ങള്‍ തെരഞ്ഞ് വിഷമിക്കേണ്ട, പകരം വൈവിധ്യമുള്ള ഡിസൈനര്‍ ആഭരണങ്ങളണിഞ്ഞ് ഗമയോടെ നടക്കാം.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.