പനിനീര്‍പൂവിന്റെ സൗന്ദര്യം

പനിനീര്‍പൂവ് സ്നേഹത്തിന്റെ മാത്രമല്ല, സൗന്ദര്യത്തിന്റെയും പ്രതീകമാണ്. പനിനീര്‍പൂവ് ഇതളുകള്‍ പോലുള്ള ചര്‍മം ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. അതുകൊണ്ട് തന്നെയാണ് പനിനീര്‍പൂവ് ഉപയോഗിച്ച് തയാറാക്കുന്ന റോസ് വാട്ടറിന് സൗന്ദര്യ സംരക്ഷണത്തില്‍ പ്രമുഖ സ്ഥാനം ലഭിച്ചത്. ചര്‍മത്തിന് മാത്രമല്ല മുടിയുടെയും ശരീരത്തിന്റെയും സംരക്ഷണത്തിനും റോസ് വാട്ടര്‍ ഉത്തമമാണ്.

പെര്‍ഫ്യൂമുകള്‍ തയ്യറാക്കുന്നതിന്റെ ഭാഗമായി മുസ്ലീം രസതന്ത്ര ശാസ്ത്രജ്ഞരാണ് ആദ്യമായി റോസ് വാട്ടര്‍ തയാറാക്കിയത്. പെര്‍ഫ്യൂമുകള്‍ക്ക് വേണ്ട റോസ് ഓയില്‍ തയ്യറാക്കുമ്പോള്‍ ഉണ്ടാകുന്ന ഉപോത്പന്നമായിരുന്നു റോസ് വാട്ടര്‍. പുരാതനകാലം മുതലേ മരുന്ന് നിര്‍മിക്കുന്നതിനും സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കുന്നതിനും മതപരമായ ചടങ്ങുകള്‍ക്കും റോസ് വാട്ടര്‍ ഉപയോഗിച്ച് വരുന്നുണ്ട്. ഇതിന് പുറമെ ഭക്ഷണ സാധനങ്ങളുടെ രുചി കൂട്ടുന്നതിനും റോസ് വാട്ടര്‍ ചേര്‍ക്കാറുണ്ട്. പ്രത്യേകിച്ച് പശ്ചിമേഷ്യന്‍ ഭക്ഷണവിഭവങ്ങളില്‍ ധാരാളമായി റോസ് വാട്ടര്‍ ഉപയോഗിക്കുന്നത് കാണാം.

പ്രകൃതിദത്തമായ ഒരു ടോണറാണ് റോസ് വാട്ടര്‍. ഒരു കോട്ടണില്‍ രണ്ടോ മൂന്നോ തുള്ളി റോസ് വാട്ടര്‍ ഒഴിച്ച് മുഖത്തും കഴുത്തിലും പുരട്ടിയാല്‍ ചര്‍മ്മത്തിലെ അഴുക്കും പൊടിയും നീങ്ങി ചര്‍മം വൃത്തിയാകും. മാത്രമല്ല കുളിക്കുന്ന വെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി റോസ് വാട്ടര്‍ ഒഴിക്കുന്നത് ചര്‍മം തിളങ്ങാനും ശരീരത്തിനും മനസിനും ഒരുപോലെ ഉണര്‍വ് ലഭിക്കാനും സഹായിക്കും. റോസ് വാട്ടര്‍ ഏത് ചര്‍മക്കാര്‍ക്കും ഉപയോഗിക്കാവുന്നതാണ്.

ഒരു സ്പൂണ്‍ ബീറ്റ്റൂട്ട് നീരില്‍ ഒരു സ്പൂണ്‍ റോസ് വാട്ടര്‍ ചേര്‍ത്തു ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടിന് നല്ല നിറം ലഭിക്കും. രണ്ടു സ്പൂണ്‍ റോസ് വാട്ടറില്‍ അതേ അളവില്‍ തക്കാളി നീര് ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടി പത്തു മിനിട്ടിനു ശേഷം കഴുകി കളയണം. വെയിലേറ്റതു മൂലമുള്ള കരുവാളിപ്പ് അകലാന്‍ ഇത് സഹായിക്കും.

ഗ്ളിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ താരന്‍ ശല്യം ഉണ്ടാവില്ല. സാധാരണ എണ്ണക്ക് പകരം റോസ് ഓയില്‍ ഉപയോഗിച്ചാല്‍ മുടിക്ക് കൂടുതല്‍ തിളക്കവും സുഗന്ധവും ലഭിക്കും. തലമുടി കഴുകുന്ന വെള്ളത്തില്‍ രണ്ടോ മൂന്നോ തുള്ളി റോസ് വാട്ടര്‍ ചേര്‍ക്കുന്നതും നല്ലതാണ്.

വിപണിയില്‍ യഥേഷ്ടം ലഭ്യമാണെങ്കിലും ആവശ്യമെങ്കില്‍ റോസ് വാട്ടര്‍ വീട്ടില്‍ തന്നെ തയാറാക്കാവുന്നതേയുള്ളൂ. പുലര്‍ച്ച റോസാപൂവിന്റെ ഇതളുകള്‍ ശേഖരിച്ച് നന്നായി കഴുകിയെടുക്കുക. ഇതളുകള്‍ ഒരു പാത്രത്തിലാക്കി മുങ്ങുന്ന രീതിയില്‍ വെള്ളം ഒഴിച്ച് ചെറിയ തീയില്‍ തിളപ്പിക്കുക. പാത്രം മൂടിവെക്കാന്‍ മറക്കരുത്. വെള്ളത്തിന് റോസാപ്പൂവിന്റെ നിറമാകുമ്പോള്‍ തീ അണക്കുക. ശേഷം വെള്ളം അരിച്ചെടുക്കുക. തണുക്കുമ്പോള്‍ ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം.
തയാറാക്കിയത്: നാന്‍സി ബീഗം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.