കൊലുസിലും പുതുമകള്‍

നാണത്താല്‍ കളം വരക്കും പെണ്ണിന്‍റെ കാലില്‍ ചുറ്റിപിടിച്ചു കിടക്കുന്ന കൊലുസുകള്‍.... കാലുകളെ വശ്യമാക്കാന്‍  പാദസരങ്ങളണിയാന്‍ ഇഷ്ടപ്പെടാത്ത പെണ്‍കുട്ടികള്‍ കുറവാണ്. പരമ്പരാഗതമായി  വെള്ളിക്കൊലുസുകളാണ് പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്നത്. പിന്നീട്  സ്വര്‍ണത്തിലേക്ക് മാറി. ഇപ്പോള്‍ വൈറ്റ് ഗോള്‍ഡിലും പാദസരങ്ങളത്തെുന്നു. എന്നാല്‍, നവതലമുറക്കാര്‍ക്കിഷ്ടം ട്രെന്‍ഡി പാദസരങ്ങളാണ്. പല നിറങ്ങളിലും ഡിസൈനുകളിലുമുള്ള പാദസരങ്ങള്‍ ഇന്ന് വിപണി കയ്യടക്കി കഴിഞ്ഞു.

പരമ്പരാഗത ഡിസൈനുകളില്‍ വീതിയേറിയ മോഡലും നൂലു പോലെയുള്ള ചിറ്റുള്ള പാദസരങ്ങളും ഇഷ്ടപ്പെടുന്നവരുണ്ട്. വസ്ത്രത്തിന് ചേരുന്ന പാദസരങ്ങളാണ് പുതുതലമുറ തേടുന്നത്. ജൂട്ട്, പ്ളാസ്റ്റിക്, തടി, സ്റ്റോണ്‍, ലെതര്‍, മെറ്റല്‍, ബോണ്‍ തുടങ്ങി വ്യത്യസ്തതയാര്‍ന്ന മെറ്റീരിയലുകളില്‍ മനോഹരമായി ഡിസൈന്‍ ചെയ്ത കൊലുസുകള്‍ വിപണിയിലുണ്ട്. ആങ്കിള്‍ ബോണിന് മുകളില്‍ അണിയുന്ന ഫാന്‍സി പാദസരങ്ങള്‍ക്കാണ് കുടുതല്‍ ഡിമാന്‍റ്. വളരെ ലളിതവും എന്നാല്‍ വശ്യതയാര്‍ന്ന ഡിസൈനുമുള്ള ഇത്തരം പാദസരങ്ങള്‍ കാലിനു പാകമാകുന്ന മൂന്ന് ലെവലുകളില്‍ അഡ്ജസ്റ്റ് ചെയ്ത് ഇടാവുന്നതാണ്. അഡ്ജസ്റ്റ് ചെയ്തിടുമ്പോള്‍ ബാക്കി വരുന്ന തുമ്പ് ചെറുതായി തൂങ്ങി നില്‍ക്കും. തൊങ്ങലില്‍ ഭംഗിയുള്ള ക്രിസ്റ്റല്‍ മുത്തുകളോ ഇനാമല്‍ പെയിന്‍റ് ചെയ്ത മെറ്റല്‍ ലോക്കറ്റോ ഞാന്നുകിടക്കുന്നത് കാലിന്‍റെ ഭംഗികൂട്ടും.

ചെറിയ കറുത്ത സ്ട്രാപ്പിനു നടുവില്‍ നാലോ അഞ്ചോ മുത്തുകള്‍ ചേര്‍ത്ത് കൊരുത്തെടുത്ത റൗണ്ട് സ്ട്രാപ്പ് പാദസരങ്ങള്‍ക്കും നല്ല ഡിമാന്‍ഡാണ്. ഒറ്റക്കാലില്‍ അണിയുന്ന യൂത്തിന്‍െറ ട്രെന്‍ഡിനു ചേര്‍ന്നതാണ് സ്ട്രാപ്പ് റൗണ്ട് പാദസരങ്ങള്‍.  സ്ട്രാപ്പില്‍ തന്നെ നക്ഷത്രങ്ങള്‍,  ആല്‍ഫബറ്റുകള്‍, പൂക്കള്‍, പക്ഷികള്‍, വാദ്യോപകരണങ്ങള്‍ എന്നിവ ഞാന്നുകിടക്കുന്ന പാദസരങ്ങള്‍ ജീന്‍സ്, ത്രീഫോര്‍ത്ത്, കാപ്രിസ് എന്നിങ്ങനെയുള്ള വസ്ത്രങ്ങള്‍ക്ക് ചേരുന്നതാണ്. നിറം പോകാത്ത മുത്തുകളും മെറ്റല്‍ ചാമുകളുമുള്ളവക്ക് 1,250 രൂപ മുതലാണ് വില. ഒറ്റക്കാലില്‍ അണിയുന്ന സിമ്പിള്‍ മെറ്റല്‍ പാദസരങ്ങള്‍ക്ക് 800 രൂപ മുതലാണ് വില. ഗാര്‍നെറ്റ് ജെംസ്റ്റോണില്‍ തീര്‍ത്ത കൊലുസുകള്‍ ആരെയും കൊതിപ്പിക്കുന്നവയാണ്. വെള്ളി ചെയിനില്‍ ഗ്ളാസ് ഗാര്‍നെറ്റും മുത്തുകളും ഇടകലര്‍ന്ന ഡിസൈനിലുള്ള പാദസരം പെട്ടെന്ന് അഴിഞ്ഞുപോകാതിരിക്കാന്‍ സ്പ്രിങ് ലോക്ക് ഉള്ളതാണ്. 298 രൂപ മുതല്‍ മുകളിലേക്കാണ് ഇവയുടെ വില.

ആന്‍റിക് ലുക്കുള്ള പാദസരങ്ങളും യൂത്തിനിടയില്‍ ട്രെന്‍ഡാണ്. വീതിയേറിയ ഡിസൈനുകളും നൂലുപോലെ ചുറ്റികിടക്കുന്നതും നിരവധി ചിറ്റുകളുള്ളതുമായ വിവിധ ആന്‍റിക് മോഡലുകള്‍ ആരുടെയും മനംകവരുന്നവയാണ്. സെമി പ്രെഷ്യസ് സ്റ്റോണുകളും പേളുകളുമായി സില്‍വറിലോ മെറ്റലിലോ വരുന്ന ഇത്തരം മോഡലകളുടെ  നിറം പോകില്ല എന്നതാണ് സവിശേഷത. 965 രൂപ മുതലാണ് ഇതിന്‍റെ വില. ആന്‍റിക്കില്‍ മുത്തുകള്‍ അലങ്കരിച്ച് മനോഹരമാക്കിയ പാദസരങ്ങള്‍ക്ക് 1,500 രൂപ മുതലാണ് വില.

ത്രെഡ് മോഡല്‍ പാദസരങ്ങള്‍ക്കും നല്ല ഡിമാന്‍ഡാണ്. മുത്തുകള്‍ മാത്രം കോര്‍ത്തെടുത്തവക്കും വിവിധ മെറ്റലുകളില്‍ തീര്‍ത്ത പാദസരങ്ങള്‍ക്കും ആവശ്യക്കാരുണ്ട്. കൈകള്‍ കൊണ്ട് നെയ്തെടുക്കുന്ന വര്‍ണനൂലുകള്‍ കൊണ്ടുള്ള പാദസരങ്ങള്‍, കറുത്ത നൂലില്‍ പല നിറത്തിലുള്ള മുത്തുകള്‍ കോര്‍ത്തെടുത്ത പാദസരങ്ങള്‍ എന്നിവയും കുമാരികളുടെ മനംമയക്കുന്നവ തന്നെ. നൂലുകളില്‍ ഒന്നോ രണ്ടോ വലിയ മണികള്‍ കോര്‍ത്തെടുക്കുന്നവയോടാണ് കാമ്പസിനു പ്രിയം. ഇവ ഒറ്റ കാലില്‍ അണിയുന്നതും ട്രെന്‍ഡാണ്. മിഡിക്കും ജീന്‍സിനും കാപ്രിസിനുമൊപ്പം ഇത്തരം മോഡലുകള്‍ നന്നായി ഇണങ്ങും. ഉപയോഗിക്കുന്നവരുടെ ഇഷ്ടമനുസരിച്ച് കിലുങ്ങുന്ന മണികള്‍ കോര്‍ത്തെടുത്തവയും മണികളില്ലാത്തവയുമെല്ലാം വിപണിയില്‍ എത്തുന്നുണ്ട്.

പല വര്‍ണങ്ങളിലും വലുപ്പത്തിലുമുള്ള കൊറിയന്‍ ബീഡ്സ് കോര്‍ത്തെടുത്ത ഫാന്‍സി പാദസരങ്ങളും മുന്‍നിരയിലുണ്ട്. വെയിലേറ്റാല്‍ വെട്ടിത്തിളങ്ങുന്ന ക്രിസ്റ്റല്‍ കൊലുസുകളാണ് മറ്റൊന്ന്. പ്രായഭേദമന്യേ എല്ലാവരും ക്രിസ്റ്റല്‍ പാദസരങ്ങളുടെ ആരാധകരുമാണ്. ഫാന്‍സി പാദസരങ്ങള്‍ 50 രൂപ മുതല്‍ ലഭ്യമാണ്. വിവാഹ ദിനം വധുവിന് ധരിക്കാന്‍ വൈവിധ്യമാര്‍ന്ന ഡിസൈനുകളിലുള്ള ബ്രൈഡല്‍ അക്സസറീസുകളും ഉണ്ട്. രത്നക്കല്ലുകള്‍ പതിപ്പിച്ചവയും സ്വര്‍ണത്തിന്‍െറ നിരവധി ചിറ്റുകളുള്ളവയും വൈറ്റ് ഗോള്‍ഡ്, ഡയമണ്ട് കൊലുസുകളും തെരഞ്ഞെടുക്കാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.