കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ പ്രദർശനമേളയായ ഇൻസ്പെയർമാനക് അവാർഡിലേക്ക് യോഗ്യതനേടി ജില്ലയിലെ മൂന്നു വിദ്യാർഥികൾ. സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന 2020-21 വർഷത്തെ പ്രദർശന മത്സരമേളയിൽ പങ്കെടുക്കാനാണ് മൂന്നു വിദ്യാർഥികൾക്ക് അവസരം ലഭിച്ചത്. ജെ.ഡി.ടി. ഇസ്ലാം ഹൈസ്കൂളിലെ അമൽ ഇഖ്ബാൽ, സി.കെ.ജി. മെമ്മോറിയൽ സ്കൂളിലെ കെ. അദ്വൈത്, സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് സ്കൂളിലെ ജോ ഷിബു ജോസഫ് എന്നീ വിദ്യാർഥികളാണ് ജില്ലയിൽ നിന്നും സെപ്റ്റംബർ 14, 15, 16 തീയതികളിൽ നടക്കുന്ന ഇൻസ്പെയർമാനക് പ്രദർശന മത്സരത്തിൽ പങ്കെടുക്കുക.
സംസ്ഥാനത്തുനിന്ന് 11 കുട്ടികളാണ് യോഗ്യത നേടിയത്. മില്യൻ മൈന്റ്സ് ഓഗുമെന്റിങ് നാഷനൽ ആസ്പിരേഷൻ ആൻഡ് നോളഡ്ജ് എന്നു പേരിട്ട പ്രദർശനത്തിൽ ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നവീന ആശയങ്ങൾ പ്രാവർത്തികമാക്കി കാണിക്കുന്നതിനുള്ള മത്സരമാണ്. ഇൻസ്പെയർമാനക് അവാർഡ് എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.
ദേശീയതലത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെടുന്ന മത്സരമാണിത്. സംസ്ഥാനത്തുനിന്നും ഏറെ വിദ്യാർഥികളാണ് മത്സരത്തിന് അപേക്ഷിച്ചിരുന്നത്. ആശയങ്ങൾ തിരഞ്ഞെടുത്ത് പ്രാവർത്തികമാക്കാൻ ഓരോ വിദ്യാർഥിക്കും പതിനായിരം രൂപയാണ് സർക്കാർ നൽകുന്നത്. ദേശീയതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട, സ്വന്തം ആശയങ്ങൾ പ്രാവർത്തികമാക്കാൻ ആത്മാർഥതയും മനോധൈര്യവും കാണിച്ച വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഡി.ഡി.ഇ സി. മനോജ് കുമാർ അനുമോദിച്ചു.
ഈ വർഷത്തെ രജിസ്ട്രേഷൻ ആരംഭിച്ചതായും ഡി.ഡി.ഇ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.